മസ്‌കറ്റ്: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തനിക്കെതിരെ വിമർശനമുണ്ടായെന്ന വാർത്തകളിൽ പ്രതികരണവുമായി കെ എം ഷാജി. പാർട്ടി തിരുത്തിയാൽ മനംനൊന്ത് ശത്രുപാളയത്തിൽ അഭയം തേടില്ല. ശത്രുപാളയത്തിൽ അടയിരുന്ന് ആനുകൂല്യം പറ്റുന്നവരിൽ താനുണ്ടാകില്ലെന്നും കെ എം ഷാജി പറഞ്ഞു. ഒമാനിൽ മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു ഷാജിയുടെ പ്രതികരണം.

'ലീഗ് യോഗത്തിൽ കെ എം ഷാജിക്കെതിരെ വിമർശനമുണ്ടായതെന്ന വാർത്തകൾ പുറത്തുവന്നു. ലീഗിനകത്ത് വിമർശനമൊക്കെയുണ്ടെന്ന് നിങ്ങൾ സമ്മതിച്ചതിൽ സന്തോഷം. എന്നാൽ യോഗത്തിൽ അങ്ങനെ എനിക്കെതിരെ വിമർശനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പാർട്ടി സെക്രട്ടറിയും ചുമതലക്കാരും എല്ലാം പറഞ്ഞത്. എന്റെ പാർട്ടി എന്നെ വിമർശിച്ചാലും തിരുത്തിയാലും അതിൽ മനം നൊന്ത് ഞാൻ ശത്രുപാളയത്തിൽ അഭയം തേടില്ല. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ തന്നെയായിരിക്കും. ശത്രുവിന്റെ പാളയത്തിൽ അടയിരുന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ പറ്റുന്ന കൂട്ടത്തിൽ ഷാജിയും ലീഗുകാരും ഉണ്ടാകില്ല', കെ എം ഷാജി പറഞ്ഞു.

തനിക്കെതിരെ രൂക്ഷമായ വിമർശനം ഉണ്ടായിട്ടില്ലെന്ന് പാർട്ടി പ്രസിഡന്റും ജനറൽ സെക്രട്ടറിയും വിശദീകരിച്ചിട്ടുണ്ട്. എന്തു വിമർശനം ഉണ്ടായാലും ശത്രുപാളയത്തിൽ പോകില്ലെന്നും കെ.എം.ഷാജി മസ്‌കത്തിൽ പറഞ്ഞു. 'എന്റെ പാർട്ടി എന്നെ വിമർശിച്ചാൽ, എന്നെ തിരുത്തിയാൽ, അതല്ല ശരിയെന്നു പറഞ്ഞാൽ അതിൽ മനംനൊന്ത് ശത്രു പാളയത്തിൽ ഞാൻ അഭയം പ്രാപിക്കുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ? പോരാളിയുടെ സമരവും ജീവിതവും മരണവും യുദ്ധഭൂമിയിൽത്തന്നെ ആയിരിക്കും. അല്ലാതെ ശത്രുവിന്റെ കൂടാരത്തിന്റെ ചായ്‌പ്പിലാകില്ല' അണികളുടെ കയ്യടികൾക്കിടെ ഷാജി പറഞ്ഞു.

പാർട്ടിയാകുമ്പോൾ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്ന് ഷാജി ചൂണ്ടിക്കാട്ടി. അതിനെ തർക്കമായിട്ടൊക്കെ ചിത്രീകരിക്കേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഒമാനിലെ മസ്‌കത്തിൽ കെഎംസിസി സംഘടിപ്പിച്ച പരിപാടിയിലാണ് പാർട്ടിക്കുള്ളിൽ തനിക്കെതിരെ വിമർശനമുണ്ടായതായി ഷാജി സ്ഥിരീകരിച്ചത്. മുസ്‌ലിം ലീഗിനുള്ളിൽ വിമർശനമൊക്കെയുണ്ട് എന്ന് അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്നും കെ.എം.ഷാജി പറഞ്ഞു.

പാർട്ടിയെയും മുതിർന്ന നേതാക്കളെയും പലപ്പോഴും പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ കെ.എം.ഷാജിയിൽനിന്ന് ഉണ്ടാകുന്നതായി മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലാണ് വിമർശനം ഉയർന്നത്. ലീഗിനേയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിലും കെ.എം.ഷാജി പതിവായി പ്രസംഗിക്കുന്നുവെന്നാണ് വിമർശനം. എം.എ.യൂസഫലി ഉൾപ്പെടെയുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയർന്നു. പാർട്ടി വേദികൾക്കു പുറത്തും പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നുവെന്ന പരാതിയുമുണ്ട്.