കണ്ണൂർ: കണ്ണൂർ ജില്ലയിൽ സി.പി. എം പ്രവർത്തകർ തമ്മിലുള്ള പോര് പരസ്യമായ ഭീഷണിയിലെത്തി. ചക്കരക്കൽ കണയന്നൂരിൽ സി.പി. എം പ്രവർത്തകന്റെ വീടിനുമുൻപിലെ വരാന്തയിൽ റീത്തുവെച്ച സി.പി. എം ബ്രാഞ്ച് സെക്രട്ടറിയെയും പ്രവർത്തകനെയും ചക്കരക്കൽ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ കണയന്നൂരിലാണ് സി.പി. എമ്മിലെ വിഭാഗീയതയും ചേരിപ്പോരും മറനീക്കി പുറത്തുവന്നത്.

കണയന്നൂർ സ്വദേശിയും ചക്കരക്കൽ ഗ്രാന്മ ഓൺ ലൈൻ ന്യൂസ് പോർട്ടൽ നടത്തിപ്പുകാരനും പ്രസ്‌ഫോറം ഭാരവാഹിയുമായ സി.ഷൈജുവിന്റെ വീടിനു മുൻപിലാണ് മൂന്നാഴ്‌ച്ച മുൻപ് പുലർച്ചെ റീത്ത് പ്രത്യക്ഷപ്പെട്ടത്. ഈ സംഭവത്തിൽ രാഷ്ട്രീയ എതിരാളികൾക്കു നേരെ ആരോപണം ഉയർന്നിരുന്നുവെങ്കിലും വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ഇതേ തുടർന്ന് നടത്തിയ സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണയന്നൂർ ബ്രാഞ്ച് സെക്രട്ടറി ഷെരീഫ്, ഇയാളുടെ സുഹൃത്തും സി.പി. എം പ്രവർത്തകനുമായ ഷിജിൽ എന്നിവരെ അറസ്റ്റു ചെയ്തത്.ഷൈജുവിനോട് ഷിജിലിന് വീടുനിർമ്മാണവുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതാണ് ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ റീത്ത്വയ്ക്കലിൽ കലാശിച്ചത്.

എന്നാൽ പാർട്ടി പ്രവർത്തകർ തമ്മിലുള്ള വൈരാഗ്യവും ചേരിപ്പോരും നിയമനടപടിയിലും അറസ്റ്റിലുമെത്തി നിൽക്കവെ സി.പി. എം അഞ്ചരക്കണ്ടി ഏരിയാകമ്മിറ്റി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രവർത്തകർ തമ്മിലുള്ള ചക്കാളത്തി പോര് സി.പി. എമ്മിന് നാണക്കേടായി മാറിയിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിലൊന്നാണ് ചക്കരക്കല്ലിലെ കണയന്നൂർ. വർഷങ്ങൾക്കു മുൻപ് രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായി ഈ മേഖലയിൽ കോൺഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്തിരുന്നു.