തിരുവനന്തപുരം: ഇത്രയും ദിവസങ്ങളായി സിപിഎമ്മിന്റെ ഉൾപ്പർട്ടി വിവാദത്തെ ചുറ്റിപ്പറ്റിയായിരുന്നു രാഷ്ട്രീയ കേരളം. എന്നാൽ, നേതൃ തലത്തിൽ വിവാദം അവസാനിപ്പിക്കാൻ ധാരണയായെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇത്രയും ദിവസം ഈ വിഷയത്തിൽ പ്രതികരിക്കാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു രംഗത്തുവന്നു. ഇ പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. വിഷയത്തിൽ പിബിയിൽ ഒരു ചർച്ചയുമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വിവാദത്തിൽ ആദ്യമായാണ് എം വി ഗോവിന്ദൻ പ്രതികരിക്കുന്നത്. അതേസമയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് ശേഷം ആദ്യമായി പൊതുവേദിയിലെത്തിയ ഇ പി ചോദ്യങ്ങളോട് മൗനം പാലിച്ചു. സിപിഎമ്മിന്റെ അദ്ധ്യാപക സംഘടനായ കെ എസ് ടി എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിലാണ് ഇ പി പങ്കെടുത്തത്.

കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം പുഞ്ചിരി മാത്രമായിരുന്നു മറുപടി. സംസ്ഥാനത്തിന്റെ വികസനത്തെപ്പറ്റി മാത്രമാണ് വേദിയിലും ഇ പി ജയരാജൻ സംസാരിച്ചത്. പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ മൈക്ക് ഇല്ലാതെ സമീപിച്ചും മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ആവർത്തിച്ചു. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് 'നിങ്ങൾക്ക് ഇഷ്ടമുള്ളത് എഴുതാം' എന്നായിരുന്നു പ്രതികരണം.

നേരത്തെ ഇ.പി ജയരാജനെതിരായ അഴിമതി ആരോപണമുൾപ്പെടെ ഇന്ന് നടക്കുന്ന പൊളിറ്റ് ബ്യൂറോയിൽ ചർച്ചയാകുമെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉച്ചയ്ക്ക് മൂന്നിനാരംഭിക്കുന്ന യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ ഇ.പി. ജയരാജനെതിരേയുള്ള ആരോപണം ചർച്ചയാകുമോ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുരാഷ്ട്രീയ വിഷയങ്ങളും കേരളത്തിലെ വിഷയങ്ങളും ചർച്ചയാകും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ആരോപണം മായാണ് ഈ വിഷയം നേതൃത്വം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ഏറെ കരുതലോടെ കൂടി വിഷയം കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് പി.ബിയിൽ നിന്നുണ്ടാവുക. ഇ.പിക്കെതിരേയുള്ള ആരോപണത്തിലുള്ള അന്വേഷണം സംസ്ഥാന ഘടകത്തിന് തീരുമാനിക്കാമെന്ന് കേന്ദ്ര നേതാക്കൾ നേരത്തെ തന്നെ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇ.പി. കേന്ദ്ര കമ്മിറ്റി അംഗമായതിനാൽ നടപടി സ്വീകരിക്കാൻ കേന്ദ്ര കമ്മിറ്റി അനുമതി വേണം.

അതേസമയം മുഖ്യമന്ത്ര പിണറായി പി ജയരാജനുമായി വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഇതോടെ വിഷയം തീരാനുള്ള സാധ്യതകളാണ് കൂടുതലും. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇലക്കു മുള്ളിനും കേടില്ലാതെ വിഷയം തീർക്കാനുള്ള വിധത്തിലാകും കാര്യങ്ങൾ ഉണ്ടാകുക. പി ജയരാജൻ പരാതി എഴുതി നൽകാതിരിക്കാനും സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിവാദത്തിന് ഇതോടെ അന്ത്യമാകുകയും ചെയ്യും. രണ്ടു ജയരാജന്മാർക്കും എതിരെയുള്ള ആരോപണങ്ങൾ പാർട്ടി നേരത്തെ ചർച്ച ചെയ്ത് തള്ളിക്കളഞ്ഞതാണ്. എന്നാൽ, തെറ്റ് തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ഉയർന്നുവന്ന ആരോപണങ്ങളെ എങ്ങനെ നേരിടണമെന്ന കാര്യത്തിൽ നേതൃത്വത്തിനും വ്യക്തതയില്ല.

അന്വേഷണം പ്രഖ്യാപിച്ചാൽ പി.ജയരാജൻ ഉയർത്തിയ ആരോപണങ്ങൾ പാർട്ടി അംഗീകരിച്ചു എന്ന നിലയുണ്ടാകും. അങ്ങനെ വന്നാൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇ.പി.ജയരാജൻ തുടരില്ല. പി.ജയരാജന്റെ ആരോപണങ്ങൾ അന്വേഷിച്ചില്ലെങ്കിൽ തെറ്റു തിരുത്തൽ രേഖ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ താഴേത്തട്ടിൽ ഇക്കാര്യം വിശദീകരിക്കുന്നത് പ്രയാസമാകും. കാര്യങ്ങൾ കൂടുതൽ വഷളാകാതെ ഇരു നേതാക്കൾക്കും സ്വീകാര്യമായ നടപടി എടുക്കുന്നതിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. കമ്മിഷനെ നിയമിച്ചാൽ ഇരു നേതാക്കൾക്കുമെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കേണ്ടിവരും.

വിവാദത്തിൽ പരസ്യ പ്രതികരണത്തിനു നേതാക്കൾ തയാറാകുന്നില്ലെങ്കിലും പാർട്ടിക്കുള്ളിൽ സംഘർഷം മൂർച്ഛിക്കുകയാണ്. ഇത് അണികളിലും ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിഷയം തീർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതും. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ഡൽഹിയിലുള്ള പശ്ചാത്തത്തിൽ വിഷയം സംബന്ധിച്ച ചർച്ച ഡൽഹിയിൽ വെച്ചു നടക്കാനാണ് സാധ്യത.