കണ്ണൂർ: സ്വർണക്കടത്തിന്റെ പ്രഭവകേന്ദ്രം എവിടെയാണെന്ന് അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വർണ്ണകടത്തുമായി ബന്ധമുള്ളത് മുഖ്യമന്ത്രിയുടെ ഓഫിസിനാണെന്ന് എല്ലാവർക്കുമറിയാം. സി പി എം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് നടപടി സ്വീകരിക്കാതിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിന് എതിരെ വിവരം ലഭിച്ചിട്ടും പ്രധാനമന്ത്രി എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വ്യക്തമാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷ നേതാക്കൾക്കെതിരെ സ്ഥാനത്തും അസ്ഥാനത്തും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേസെടുത്തും റെയിഡ് നടത്തിയും പീഡിപ്പിക്കുമ്പോൾ സ്വർണ്ണക്കള്ളക്കടതും ഹവാല ഇടപാടുകളെ കുറിച്ചും വ്യക്തമായ വിവരം ഉണ്ടെന്ന് പറഞ്ഞിട്ടും പ്രധാനമന്ത്രി എന്താണ് പിണറായിയുടെ ഓഫീസിന് നേരെ ഇഡിയുടെ വരവ് ഇല്ലാത്തതെന്നും ചെന്നിത്തല ചോദിച്ചു. മോദിയും പിണറായിയുടെ പാർട്ടിയും തമ്മിലുള്ള അന്തർധാരയാണ് നടപടിയില്ലാത്തതിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു.

ഇന്ത്യ മുന്നണിയെ പ്രധാനമന്ത്രി ഭയപ്പെടുന്നു. അതുകൊണ്ടാണ് ഇന്ത്യ മുന്നണിക്കെതിരെ പ്രധാനമന്ത്രി വിമർശനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കണ്ണൂരിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.രാജ്യത്തെ ജനങ്ങൾ ആകെ നിരാശരാണ്. കാർഷിക മേഖലയിലുള്ളവർക്കും തൊഴിലില്ലായാമയും വാണിജ്യമേഖലയിലെ തകർച്ചയുംകാരണം ജനങ്ങൾ ആകെ ദുരിതത്തിലാണ്. ഇവരുടെ ആവലാധികൾ കേൾക്കാൻ പോലും പ്രധാനമന്ത്രി തയ്യാറാകുന്നില്ല.

പത്ത് വർഷമായി രാജ്യത്തെ മാധ്യമങ്ങളെ കാണാൻ മടിക്കുന്ന പ്രധാനമന്ത്രി മാൻകി ബാത്ത് വഴിയും പൊതുയോഗത്തിലും പ്രസംഗിച്ച് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുകയാണെന്നും ചെന്നിത്തല പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. മോദിയുടെ കേരള സന്ദർശനം കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.കഴിഞ്ഞ തവണത്തെപ്പോലെ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ല. 20 ൽ 20 സീറ്റും യു ഡി എഫ് നേടും.

അമിതഷായും നരേന്ദ്ര മോദിയും എത്ര തവണ കേരളത്തിൽ വന്ന് പ്രചാരണം നടത്തിയാലും കേരളത്തിൽ അത് പ്രതിഫലിക്കില്ല. കേരളത്തിൽ സിപിഎമ്മും ബി ജെപിയും തമ്മിൽ കഴിഞ്ഞ നിയമസഭാകാലത്തെ പോലെ ഈ തിരഞ്ഞെടുപ്പിലും അവർ വോട്ട് മറിച്ച് ചെയ്യും. കോൺഗ്രസ് മുഖ്യശത്രുവായി കാണുന്നവരാണ് ബിജെപിയും സിപിഎമ്മുമെന്ന് ചെന്നിത്തല പറഞ്ഞു.