കണ്ണൂർ: പയ്യന്നൂർ പാർട്ടിഫണ്ട് വെട്ടിപ്പുവിവാദം അവസാനിപ്പിക്കാൻ വിളിച്ചു ചേർത്ത ജില്ലാസെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റി യോഗത്തിലും പയ്യന്നൂർ എംഎ‍ൽഎ ടി. ഐ മധുസൂദനനെതിരെ അതിരൂക്ഷ വിമർശനവുമായി ഒരുവിഭാഗം നേതാക്കൾ. ഇതോടെ പിണറായി വിഭാഗം നേതാക്കൾ തന്നെ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യമാണ് പാർട്ടിയുടെ തട്ടകമായ കണ്ണൂർ ജില്ലയിൽ രൂപപ്പെട്ടിരിക്കുന്നത്.

പാർട്ടി അച്ചടക്കനടപടിക്ക് വിധേയനായ ടി. ഐ മധുസൂദനെ ജില്ലാസെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കുന്നതിനെതിരെ സി.പി. എം സംസ്ഥാനകമ്മിറ്റിയംഗമായ നേതാവുൾപ്പെടെ എതിർത്തുവെന്നാണ് വിവരം. കരുവന്നൂർ സഹകരണ ബാങ്ക്വിവാദം കത്തിനിൽക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായ പയ്യന്നൂർ എംഎൽഎയെ തിരിച്ചെടുക്കുന്നത്് അണികൾക്കിടെയിൽ തെറ്റായ ധാരണയുണ്ടാക്കുമെന്നായിരുന്നു വാദം.

കണ്ണൂരിൽ നിന്നുള്ള മറ്റൊരു എംഎൽഎയും, ടി. ഐ മധുസൂദനെ വിമർശിച്ചുകൊണ്ടാണ് യോഗത്തിൽ സംസാരിച്ചത്. അതീവഗുരുതരമായ വീഴ്‌ച്ചയാണ് പയ്യന്നൂരിലുണ്ടായതെന്ന് ഇദ്ദേഹം യോഗത്തിൽ തുറന്നടിച്ചു. യോഗത്തിൽ പങ്കെടുത്ത മറ്റുചില നേതാക്കളും ഇതിനെ അനുകൂലിച്ചുവെങ്കിലും നേരത്തെയുണ്ടാക്കിയ അജൻഡ പ്രകാരം ടി. ഐ മധുസൂദനനെ എന്തുതന്നെയായാലും ജില്ലാസെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കണമെന്ന വാശിയിലായിരുന്നു ജില്ലാനേതൃത്വം.

ഇതോടെ പാർട്ടി മാറ്റി നിർത്തിയ വി.കുഞ്ഞികൃഷ്ണന് ഏരിയാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകണമെന്നായി ഒരുവിഭാഗം നേതാക്കൾ. എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് പയ്യന്നൂരിൽ ഇരുവിഭാഗത്തിനും സമ്മതനായ പി.സന്തോഷിന്റെ പേര് പയ്യന്നൂർ ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് ഉയരുന്നത്. നിലവിൽ കണ്ണൂർജില്ലാകമ്മിറ്റിയംഗമാണ് പി.സന്തോഷ്. ഇരുവിഭാഗത്തിനും സ്വീകാര്യനായ സന്തോഷിന്റെ പേര് നേതൃത്വം നിർദ്ദേശിച്ചപ്പോൾ വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്നും പൂർണമായി ഒഴിവാക്കുന്നത് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ തിരിച്ചടിയാകുമെന്ന വാദവും ഉയർന്നു. ഇതോടെയാണ് മാരത്തോൺ ചർച്ചയിലൂടെ വി.കുഞ്ഞികൃഷ്ണനെ ജില്ലാകമ്മിറ്റിയിലേക്ക് ക്ഷണിതാവാക്കാൻ തീരുമാനിച്ചത്.

സാധാരണയായി ഏറ്റവും തലമുതിർന്ന പാർട്ടി ഉന്നത പദവികളിൽ പ്രവർത്തിച്ചതിനു ശേഷം വിരമിച്ച വയോധികരായ നേതാക്കളെയാണ് പ്രത്യേക ക്ഷണിതാവാക്കുന്നത്. കണ്ണൂർ ജില്ലാകമ്മിറ്റിയിൽ ഒരാളുടെ പോലും ഒഴിവില്ലാത്ത സാഹചര്യത്തിലും കുഞ്ഞികൃഷ്ണനെ ഉൾപ്പെടുത്താൻ ജില്ലാനേതൃത്വം നിർബന്ധിക്കപ്പെടുകയായിരുന്നു. പയ്യന്നൂർ ഏരിയാസെക്രട്ടറിയായി ഇനിയും ടി.വി.രാജേഷിന് തുടരാൻ കഴിയില്ലെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ വാദം. പാർട്ടി സംസ്ഥാനകമ്മിറ്റിയംഗമെന്ന നിലയിലും ക്ളേ ആൻഡ് സെറാമിക് കോർപറേഷൻ ചെയർമാനെന്ന നിലയിലും ഫുൾ ടൈമായി ഏരിയാസെക്രട്ടറിയായി പയ്യന്നൂർ പോലുള്ള ഒരു സ്ഥലത്ത ്തുടരാൻ കഴിയില്ലെന്നായിരുന്നു ജില്ലാനേതൃത്വത്തിലെ ചിലർ ചൂണ്ടിക്കാണിച്ചത്. ഇതോടെയാണ് രാജേഷിനു പകരം സന്തോഷിനെ നിയോഗിക്കാൻ തീരുമാനമായത്.

വരുന്നലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യതയുള്ള നേതാക്കളിലൊരാളാണ് ടി.വി രാജേഷ്. മുൻ കല്യാശേരി മണ്ഡലം എംഎൽഎയായിരുന്ന രാജേഷിലൂടെ മണ്ഡലം തിരിച്ചു പിടിക്കാൻകഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.
കഴിഞ്ഞവർഷം ജൂണിൽ ടി. ഐ മധുസൂദനൻ അടക്കം ആറുപേർക്കെതിരെയാണ് സി.പി. എം നടപടിയെടുത്തത്. സാമ്പത്തിക വിഷയം കൈക്കാര്യം ചെയ്യുന്നതിൽ ജാഗ്രത കുറവുണ്ടായതിന്റെ പേരിൽ ജില്ലാ സെക്രട്ടറിയേറ്റംഗം ടി. ഐ മധുസൂദനനെ ജില്ലാകമ്മിറ്റിയിലേക്കും പയ്യന്നൂർ ഏരിയാകമ്മിറ്റി അംഗം ടി.വിശ്വനാഥനെ ലോക്കൽ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്‌ത്തിയത്. പയ്യന്നൂർ ഓഫീസ് സെക്രട്ടറിയായിരുന്ന എം.കരുണാകരന്റെ അംഗത്വം സസ്പെൻഡ്് ചെയ്യുകയും മറ്റു മൂന്നുപേരെ താക്കീത്ചെയ്യാനും തീരുമാനിച്ചു.

ഫണ്ടു തിരിമറി സംബന്ധിച്ചു പാർട്ടിക്കുള്ളിൽ പരാതി നൽകിയ വി.കുഞ്ഞികൃഷ്ണനെ ഏരിയാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി സംസ്ഥാന കമ്മിറ്റി അംഗമായ ടി.വി രാജേഷിന് ചുമതല നൽകിയിരുന്നു. കുറ്റാരോപിതർക്കെതിരെ പേരിനു നടപടി സ്വീകരിക്കുകയും പരാതി നൽകിയ തന്നെ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചു വി.കുഞ്ഞികൃഷ്ണൻ കഴിഞ്ഞ എട്ടുമാസത്തോളം പാർട്ടികമ്മിറ്റികളിൽ നിന്നും വിട്ടുനിന്നിരുന്നു. മധുസൂദനൊപ്പം നടപടി നേരിട്ട ടി.വിശ്വനാഥനെ പയ്യന്നൂർ ഏരിയാകമ്മിറ്റിയിൽ തിരിച്ചെടുക്കാനും ഓഫീസ്സെക്രട്ടറിയായിരുന്ന എം. കരുണാകരന്റെ പാർട്ടി അംഗത്വം പുനഃസ്ഥാപിക്കാനുമാണ് സി.പി. എം ജില്ലാ നേതൃത്വം തീരുമാനിച്ചത്.

പതിവിൽ നിന്നും വ്യത്യസ്തമായി സി.പി. എമ്മിന്റെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത ഫുൾകോറം യോഗമാണ് കഴിഞ്ഞദിവസം കണ്ണൂർ പാറക്കണ്ടിയിലെ ജില്ലാകമ്മിറ്റി ഓഫീസിൽ നടന്നത്. കെ.കെശൈലജ, പി.ജയരാജൻ, സ്പീക്കർ എ. എൻ ഷംസീർ, പനോളി വത്സൻ തുടങ്ങി ഒട്ടേറെ നേതാക്കൾ ജില്ലാകമ്മിറ്റിയോഗത്തിൽ പങ്കെടുത്തു. എന്നാൽ പാർട്ടിക്കുള്ളിൽ പിണറായി പക്ഷത്തു അഭിപ്രായഭിന്നത രൂപപ്പെടുന്നതിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് യോഗം പര്യവസാനിച്ചത്. പിണറായി വിഭാഗത്തിലെ പ്രമുഖ നേതാവായിരുന്ന ടി. ഐ മധുസൂദനനെതിരെ അതേ വിഭാഗത്തിലെ നേതാക്കൾ തന്നെ അതിരൂക്ഷവിമർശനം അഴിച്ചുവിട്ടത് കണ്ണൂർരാഷ്ട്രീയത്തിൽ അനതിസാധാരണമായ സാഹചര്യമാണ് സൃഷ്ടിച്ചത്. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിലാണ് ഇത്തരം വിമർശനങ്ങളുണ്ടായതെന്നതും ഏറെ ഗൗരവകരമായ മാറ്റമായാണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെയുള്ള വിലയിരുത്തൽ.