തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുതിര്‍ന്നനേതാക്കള്‍ തമ്മിലുള്ള അകല്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല ആവുന്നില്ല. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നിലപാട് നിര്‍ണ്ണായകമാകും. അടിമുടി അഴിച്ചു പണിക്കും കേരളത്തിലെ കോണ്‍ഗ്രസ് വിധേയമാകും. എന്നാല്‍ ഇത് വയനാട് ഉപതിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂവെന്നാണ് സൂചന. പരസ്പരം സഹകരിക്കാത്ത സുധാകരനേയും സതീശനേയും മുന്നില്‍ നിര്‍ത്തിയുള്ള കോണ്‍ഗ്രസിന്റെ മുമ്പോട്ട് പോക്കും പ്രതിസന്ധിയിലാണ്.

തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച മിഷന്‍ 25 അനിശ്ചിതത്വത്തിലായി. സുധാകരനാകട്ടെ ഉമ്മന്‍ചാണ്ടി അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി വിദേശത്താണ്. മിഷന്‍ 25-ന്റെ നടത്തിപ്പിന് ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശം നല്‍കട്ടെയെന്ന നിലപാടിലാണ് സതീശന്‍. വയനാട് കോണ്‍ക്ലേവിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ സദുദ്ദേശ്യപരമായി ഇടപെട്ടതിനെ സംഘടനാകാര്യത്തിലുള്ള കൈകടത്തലായി വ്യാഖ്യാനിച്ച് ഒരുവിഭാഗം പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നാണ് സതീശന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ കെപിസിസിയെ അവഗണിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് സുധാകരനും പറയുന്നു. ഇതില്‍ ഹൈക്കമാണ്ട് ആര്‍ക്കൊപ്പം നില്‍ക്കുമെന്നതാണ് നിര്‍ണ്ണായകം.

സതീശനെതിരായ വികാരം ചര്‍ച്ച ചെയ്യാന്‍ സുധാകരന്‍ കെപിസിസി യോഗം വിളിച്ചതാണ് പ്രശ്‌നമാകുന്നത്. പ്രതിപക്ഷ നേതാവിനെതിരേ പരാതിവന്നാല്‍ തന്നോട് സംസാരിക്കുകയോ, പങ്കെടുപ്പിക്കുകയോ ചെയ്യാതെ കെ.പി.സി.സി. ഭാരവാഹികളുടെ യോഗം വിളിച്ചത് സംഘടനാരീതിക്കും മര്യാദയ്ക്കും ചേര്‍ന്നതല്ലെന്ന് സതീശന്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല യോഗത്തില്‍ സംസാരിക്കാത്ത കാര്യങ്ങള്‍പോലും വാര്‍ത്തയായി വരുംവിധം ചിലര്‍ പ്രചരിപ്പിച്ചു. അതുകൊണ്ട് തന്നെ ഇനി സുധാകരനുമായി സംസാരത്തിനില്ലെന്നാണ് സതീശന്റെ നിലപാട്. തൃക്കാക്കര തിരഞ്ഞെടുപ്പ് മുതല്‍ തന്നെ മാറ്റിനിര്‍ത്താന്‍ ചിലര്‍ ഗൂഡാലോചന നടത്തുന്നുവെന്ന ആരോപണം സുധാകരനുമുണ്ട്.

അതിനിടെ ചെറിയകാര്യങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നുമായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം. സുധാകരനും സതീശനും ഒരുമിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ വിമര്‍ശനത്തിനതീതനല്ലെന്നുമാത്രം പറഞ്ഞ് കഴിഞ്ഞദിവസത്തെ നിലപാടില്‍ സതീശന്‍ നിന്നു. സാധാരണ പ്രവര്‍ത്തകര്‍ മത്സരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഉന്നതനേതൃത്വത്തില്‍ ഇത്തരം തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങളില്‍ എ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തല്‍കാലം വിഷയങ്ങളില്‍ അകലം തുടരാനാണ് എ ഗ്രൂപ്പ് തീരുമാനം.

ഹൈക്കമാണ്ടിനെ സുധാകരനും പരാതി അറിയിച്ചിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനം മുതല്‍, തന്നെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചതെന്നാണ് കെ സുധാകരന്റെ പ്രധാനപരാതി. മിഷന്‍ 25 അട്ടിമറിക്കുന്ന നിലപാടാണ് കെപിസിസി നേതൃത്വത്തിന്റെതെന്ന് സതീശന്റെ പരാതിയില്‍ പറയുന്നു. കേരളത്തിന്റെ ചുമതലുള്ള ജനറല്‍സെക്രട്ടറി ദീപാദാസ് മുന്‍ഷിയെയാണ് ഇരുവരും പരാതി അറിയിച്ചത്. കെ സുധാകരന്‍ യുകെയിലേക്ക് പോയതിനാല്‍ എഐസിസിയുടെ അനുനയ ചര്‍ച്ച ഇനിയും നീളും.

മിഷന്‍ 25 ന്റെ ചുമതല ലഭിച്ചതോടെ ഡിസിസികള്‍ക്ക് അയച്ച സര്‍ക്കുലറിന്റെ പേരിലാണ് വിഡി സതീശന് നേരെ കെപിസിസി ജനറല്‍ സെക്രട്ടരിമാരില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്. വാര്‍ത്ത സ്ഥിരീകരിച്ച കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവിന്റേത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. വിഷയം എഐസിസി നേതൃത്വത്തെ അറിയിച്ച സതീശന്‍, കേന്ദ്രനേതൃത്വം ഇടപെടാതെ ഇനി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചുമതല തുടരില്ലെന്ന് അറിയിച്ചു. തിരുവനന്തപുരത്തെ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും ഇതിന്റെ ഭാഗമായാണ്.

മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കുന്നത് ചിലര്‍ക്ക് രോഗമാണെന്നും ഇത്തരക്കാര്‍ പറഞ്ഞതും പറയാത്തതും കൊടുക്കുകയാണെന്നും സതീശന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസിക്ക് കീഴിലാണ് മിഷന്‍ 25 എന്നും നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉണ്ടായാല്‍ തിരുത്തണമെന്നും കെ മുരളീധരന്‍ നിലപാടെടുത്തു.