കൊച്ചി: സിപിഎമ്മിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുതരമായ ഒരു വിഷയത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സിപിഎം കൊണ്ടുകെട്ടി. ജനപിന്തുണ നഷ്ടമായെന്ന് മനസിലായതു കൊണ്ടാണ് സിപിഎം ലീഗിന് പിന്നാലെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലീഗിനെ കുറിച്ച് അറിയാത്തതുകൊണ്ടാണ് രാഷ്ട്രീയ നേട്ടമാണെന്ന് ഇപ്പോഴും സിപിഎം പറയുന്നത്. സിപിഎമ്മിനെക്കാൾ ശക്തമായി പ്രവർത്തിക്കുന്ന കേഡർ പാർട്ടിയാണ് ലീഗ്. നേതൃത്വം ഒരു തീരുമാനം പറഞ്ഞാൽ താഴേത്തട്ടിലുള്ള അണികൾ വരെ അതിനൊപ്പം നിൽക്കും. പാണക്കാട് സാദിഖ് അലി തങ്ങൾ ഉൾപ്പെടെയുള്ളവർ ചർച്ച ചെയ്തെടുത്ത ഒരു തീരുമാനത്തെ ധിക്കരിച്ച് ഒരു ലീഗ് പ്രവർത്തകനും സിപിഎം പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ആർക്കാണ് അറിയാത്തത്.

എന്നിട്ടും സിപിഎം എന്തിനാണ് ലീഗിന്റെ പിന്നാലെ നടക്കുന്നത്? കോൺഗ്രസിനെ ക്ഷണിക്കാത്ത പരിപാടിക്ക് ഞങ്ങൾ ഇല്ലെന്ന് രണ്ട് തവണ ലീഗ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും പിന്നാലെ നടക്കുകയാണ്. സർക്കാരിനും എൽ.ഡി.എഫിനും ആത്മവിശ്വാസം നഷ്ടപ്പെടുകയും ജനപിന്തുണ നഷ്ടമാകുകയും ചെയ്തെന്ന യാഥാർഥ്യം മനസിലായതു കൊണ്ടാണ് ലീഗിന് പിന്നാലെ ഇങ്ങനെ നടക്കുന്നത്.

ക്ഷണം കിട്ടിയപ്പോൾ ലീഗ് നേതാക്കൾ കൂടിയാലോചിച്ച് 48 മണിക്കൂറിനകം തീരുമാനം പറഞ്ഞു. ഇ.ടി. മുഹമ്മദ്ബഷീർ അങ്ങനെ സംസാരിക്കാൻ ഇടയായ സാഹചര്യം എന്താണെന്ന് കൂടി ലീഗ് നേതൃത്വം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ജാള്യത മറയ്ക്കാനാണ് സിപിഎം ഇപ്പോൾ ശ്രമിക്കുന്നത്. ഫലസ്തീൻ വിഷയത്തോടുള്ള സിപിഎമ്മിന്റെ ആത്മാർഥത കൂടി ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യമല്ല, രാഷ്ട്രീയലക്ഷ്യമാണ് സിപിഎമ്മിനുള്ളതെന്ന് അവർ പറയാതെ പറയുകയാണ്.

രാഷ്ട്രീയനേട്ടമുണ്ടാക്കുന്നതിന് വേണ്ടി ഫലസ്തീൻ വിഷയത്തെ സിപിഎം ദുരുപയോഗം ചെയ്യുകയാണ്. ഫലസ്തീൻ ഐക്യദാർഢ്യത്തിനിടയിലും ലീഗും സമസ്തയും യു.ഡി.എഫുമൊക്കെയാണ് സിപിഎമ്മിന്റെ ചർച്ചാവിഷയം. നിരവധി പേർ മരിച്ചു വീഴുകയും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുകയും കുഞ്ഞുങ്ങളുടെ നിലവിളികൾ ഉയരുകയും ചെയ്യുന്ന ഗുരുതര പ്രശ്നത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിലേക്ക് സിപിഎം കൊണ്ടു ചെന്നു കെട്ടിയിരിക്കുകയാണ്. ഇതാണ് ജനങ്ങൾ മനസിലാക്കേണ്ടത്. റാലി നടത്തുന്നത് ഫലസ്തീന് വേണ്ടിയല്ല, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് -വി.ഡി. സതീശൻ പറഞ്ഞു.