കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആലുവ പട്ടണത്തിൽത്തന്നെ കുഞ്ഞ് ഉണ്ടായിരുന്നു. ദൂരേക്ക് എവിടേക്കെങ്കിലും പോകുന്നതിന് മുൻപ് തന്നെ കണ്ടുപിടിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. കൃത്യമായ അനാസ്ഥയുണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പോലും സംരക്ഷണമില്ലാത്ത സ്ഥിതിയിലേക്ക് നമ്മുടെ നാട് പോവുകയാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് തന്നെ പറയുന്നു. കഴിഞ്ഞദിവസം നിർമല കോളജിന് മുന്നിലും മയക്കുമരുന്ന് ഉപയോഗിച്ച ആളാണ് ഒരു പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമായത്. മയക്കുമരുന്നും മദ്യവും എവിയെങ്കിലും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നുണ്ടോ? അദ്ദേഹം ചോദിച്ചു.

2015ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഒരു ജിഷയുടെ കൊലപാതകം നടന്നതിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളുകളാണ് ഈ സർക്കാർ എന്ന് ഓർക്കണം. ജിഷ കൊലപാതകം എത്രമാത്രം വിവാദമുണ്ടാക്കി. സർക്കാരിന് എന്തുപങ്കാണ് അതിൽ ഉണ്ടായിരുന്നത്. ഇപ്പോൾ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വ്യാപകമായി നമ്മുടെ സംസ്ഥാനത്ത് വർധിക്കുകയാണ്. പൊലീസിന് ഇതിനൊന്നും നേരമില്ല. പൊലീസിന് മൈക്കിനും മൈക്കുകാർക്കും എതിരെ കേസെടുക്കാനാണ് സമയം.

പൊലീസ് ജാഗ്രത പാലിക്കുന്നില്ല. എവിടെനിന്നാണ് മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക? കുഞ്ഞുങ്ങൾ സ്‌കൂളിൽ പോകുന്നു, പുറത്തുപോകുന്നു, എന്ത് സുരക്ഷയാണുള്ളത്? ഒരു അഞ്ചുവയസ്സുകാരിക്ക് ഉണ്ടായ ദാരുണമായ ദുരന്തം ഇനിയെങ്കിലും സർക്കാരിന്റെ കണ്ണ് തുറപ്പിക്കണം. അദ്ദേഹം പറഞ്ഞു.