തമാശകഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ അഭിനേത്രിയാണ് പൊന്നമ്മബാബു. 1996 ൽ പടനായകനിൽ നിന്നും ആരംഭിച്ച പടയോട്ടം ഇന്നും തുടരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന പൊന്നമ്മബാബു ഇന്ന് മിനിസ്‌ക്രീനിലും സജീവമാണ്. നിരവധി കഥാപാത്രങ്ങൾ അനശ്വരമാക്കിയ അവർ സിനിമാജീവിതത്തിൽ രണ്ടരപതിറ്റാണ്ട് തികയ്ക്കുകയാണ്. ഈ കാലയളവിനുള്ളിൽ മലയാള സിനിമയുടെ അഭിഭാജ്യഘടകമായി മാറാൻ അവർക്ക് സാധിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ സീരിയലിന്റെ വാർത്തകളുമായി പൊന്നമ്മബാബു സിനിമാത്തെക്കിന്  നൽകിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

മിസിസ് ഹിറ്റ്‌ലറിലൂടെ വീണ്ടും മിനി സ്‌ക്രീനിലേയ്ക്ക്

കൊറോണയ്ക്ക് മുമ്പുതന്നെ തീരുമാനിച്ചിരുന്ന സീരിയലായിരുന്നു മിസിസ് ഹിറ്റ്‌ലർ. തെലുങ്ക്, കന്നട, ഹിന്ദി, തമിഴ് ഭാഷകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സീരിയലാണിത്. സംവിധായകൻ മനോജ് ശ്രീലകമായിരുന്നു ആദ്യമായി എന്നോട് കഥ പറയുന്നത്. കോവിഡായതിനാൽ സിനിമ ഒന്നുമില്ല. സിനിമയിൽ വിളി വരുമ്പോൾ അഡ്ജസ്റ്റ് ചെയ്യാമെന്ന വാക്കിലാണ് മിസിസ് ഹിറ്റ്‌ലർ ഏറ്റത്. എറണാകുളത്ത് വച്ചായിരിക്കും ഷൂട്ട് എന്നാണ് വിചാരിച്ചത്. എന്നാൽ അതിന് പറ്റിയ വീട് കിട്ടിയത് നിലമേലാണ്. അതുമാത്രമാണ് ആകെയുണ്ടായ ബുദ്ധിമുട്ട്. ഷൂട്ടിന് വേണ്ടി നിലമേലിൽ വന്നുനിൽക്കേണ്ടി വന്നു. അൽപം ഹ്യൂമർ ടച്ചുള്ള വളരെ പോസിറ്റീവായ എന്നാൽ ആവശ്യം വേണ്ടിടത്ത് സീരിയസാകുന്ന ഒരു അമ്മയാണ് ഇതിലെ കഥാപാത്രം.

യഥാർത്ഥ ജീവിതത്തിലെ കോമഡി

യഥാർത്ഥ ജീവിതത്തിൽ കോമഡിയില്ലല്ലോ. മുഴുവൻ സീരിയസാണ്. വീട്ടിൽ മക്കളെയൊക്കെ അടി കൊടുത്തുവളർത്തിയ ഒരു അമ്മയാണ് ഞാൻ. ഏകദേശം അതിനോടുകൂടി അടുത്തുനിൽക്കുന്ന ഒരു കഥാപാത്രമാണ് ഇതിലേത്. ഈ കഥാപാത്രം പക്ക ഹ്യൂമറല്ല. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പം ഇതിലുണ്ട്.

സീരിയലുകളിലെ കോസ്റ്റിയൂം

ഞാൻ പണ്ടൊക്കെ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആളുകൾ ഏറ്റവുമധികം ശ്രദ്ധിക്കുന്നത് വസ്ത്രങ്ങളും ആഭരണങ്ങളുമാണ്. അതൊക്കെ എവിടെ നിന്നാ എടുത്തത് എന്നൊക്കെ അവർ ചോദിക്കാറുണ്ട്. അതൊക്കെ വേണം. കഥാപാത്രങ്ങൾക്കനുസരിച്ചാണ് കോസ്റ്റിയൂം വേണ്ടതെങ്കിലും ഈ സീരിയലിലെ കഥാപാത്രങ്ങൾ സമ്പന്നരാണ്. അതിനാൽ അവർക്ക് ഈ കോസ്റ്റിയൂമാകാം. തെലുങ്ക് സീരിയലുകളലൊക്കെ ഇങ്ങനെയുള്ള കോസ്റ്റിയുംസ് ധാരാളമായി ഉപയോഗിക്കാറുണ്ട്. പിന്നീട് മലയാളത്തിലും അത് വന്നു. പക്ഷെ നമ്മുടെ മലയാളി പ്രേക്ഷകർ അത്രകണ്ട് സ്വീകരിച്ചില്ല.

സ്വയം തിരുത്തുന്നത്

നമ്മുടെ തെറ്റുകുറ്റങ്ങൾ നമ്മൾ തന്നെ കണ്ടുപിടിക്കണം. എന്റെ ഡബ്ബിങ്ങൊക്കെ കഴിഞ്ഞ് ഞാൻ തന്നെ പോയിരുന്ന് കേൾക്കും, എന്തൊക്കെയാണ് എന്റെ പ്രശ്‌നങ്ങളെന്ന് അറിയാൻ. ഞാൻ കടുത്ത ലിപിസ്റ്റിക്കൊക്കെ ഇട്ട് ചുവന്ന സാരിയൊക്കെ ഉടുത്ത് അഭിനയിച്ചിട്ട് ഗ്രേഡിങ് ഒക്കെ കഴിഞ്ഞ് കാണാനിരുന്നപ്പോൾ മുഴുവൻ ചുവന്നിരിക്കുന്നു. പിന്നീട് ഞാൻ മേക്കപ്പ് ഒക്കെ ഒന്നു കുറച്ചു.

സിനിമയിലെ കഥാപാത്രങ്ങൾ

എന്റെ ആദ്യചിത്രം 1996ലെ ദിലീപ് നായകനായ പടനായകനാണ്. പിന്നീട് എംടി- ഹരിഹരൻ കൂട്ടുകെട്ടിൽ എന്ന് സ്വന്തം ജാനകിക്കുട്ടി, പിന്നെ ജോഷി സാർ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലോഹിതദാസ് തുടങ്ങിയവരുടെ സിനിമകളിലൊക്കെ വളരെ ശക്തമായ അമ്മ കഥാപാത്രങ്ങൾ ഞാൻ ചെയ്തു. പിന്നെ ഇടക്കാലത്ത് ഞാൻ ഹ്യൂമറിലേയ്ക്ക് മാറി.

അമ്മ കഥാപാത്രങ്ങളിൽ നിന്നും കോമഡിയിലേയ്ക്ക്

കോമഡി കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ നമുക്ക് ഭാവനാനുസൃതം കൈയിൽ നിന്ന് ഇടാനുള്ള അവസരമുണ്ട്. കുടെ മമ്മുക്ക അഭിനയിക്കുമ്പോൾ മമ്മുക്ക ഒരുപാട് സഹായിക്കാറുണ്ട്. ആ ഡയലോഗിന് പകരം ഇങ്ങനെ പറയ് എന്നൊക്കെ പറയും. ലാലേട്ടനായാലും ദിലീപായാലും ഇത്തരത്തിൽ സഹായിക്കാറുണ്ട്. ജാക്ക് ഡാനിയൽസിലാണ് ദിലീപുമായി അവസാനം അഭിനയിച്ചത്. മായാമോഹിനിയിൽ ഞാൻ ഒരു സീനിലേ ഉള്ളു. അതിൽ വീണുകിടക്കുന്ന സീൻ ഇങ്ങനെ അഭിനയിക്കാൻ ദിലീപ് കാണിച്ചുതരുകയായിരുന്നു. നമ്മുടെ കഥാപാത്രങ്ങളും നന്നായാലെ അവർ ചെയ്യുന്നതും നന്നാവുകയുള്ളുവെന്ന് അവർക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ട് അവർ ഭയങ്കര സപ്പോർട്ടാണ്.

നാടകത്തിൽ നിന്നും സിനിമയിലേയ്ക്ക്

പലർക്കുമൊരു ധാരണയുണ്ട്, ഞാൻ നാടകത്തിൽ നിന്നും സീരിയലിലേയ്ക്കാണ് വന്നതെന്ന്. അത് ശരിയല്ല. ഞാൻ നാടകത്തിൽ നിന്നും സിനിമയിലേയ്ക്കും അവിടെ നിന്നുമാണ് സീരിയലിലേയ്ക്കും വരുന്നത്. എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ഞാൻ നാടകം കളിക്കുമ്പോൾ അത് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് സിനിമയിലേയ്ക്ക് ഓഫർ വന്നത്. ഞാൻ ഒരിക്കലും സിനിമയെ തേടി പോയിട്ടില്ല. സിനിമ എന്നെ തേടിയാണ് വന്നത്.

നാടകത്തിൽ അഭിനയിക്കുമ്പോൾ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേയ്ക്ക് ഓഫർ വന്നിരുന്നു. പക്ഷെ അന്ന് പോകാൻ കഴിഞ്ഞില്ല. അതുകഴിഞ്ഞ് കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയ ശേഷം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോഴാണ് വീണ്ടും നാടകത്തിലേയ്ക്ക് എത്തുന്നത്. ആദ്യം പൂഞ്ഞാർ നവധാരയിലേയ്ക്ക് വരുന്നത്. അതിന് ശേഷമാണ് എന്റെ ഭർത്താവിന്റെ സമിതിയായ അങ്കമാലി പൂജയിലേയ്ക്ക് വരുന്നത്. ഭർത്താവ് 2000ൽ സംസ്ഥാന പുരസ്‌കാരം ലഭിച്ച നാടക രചയിതാവാണ്. ഞാൻ ആദ്യമായി അഭിനയിക്കുന്നത് രാജൻ പി ദേവിനൊപ്പമാണ്. രാജേട്ടന് എന്നോട് വലിയ കാര്യമായിരുന്നു. അതിന് ശേഷം ഒരുപാട് പ്രോൽസാഹിപ്പിച്ചത് അമ്പിളി ചേട്ടനായിരുന്നു. അദ്ദേഹത്തിനൊപ്പം എത്രയെത്ര പടങ്ങൾ. അദ്ദേഹത്തിന് ആരോഗ്യമുണ്ടായിരുന്നെങ്കിൽ ഇപ്പോഴും ഞങ്ങൾ ഒരുമിച്ച് അഭിനയിക്കേണ്ടവരായിരുന്നു.

അഭിനയത്തിലെ ചിരി

കോമഡി സീനുകൾ അഭിനയിക്കുമ്പോൾ പലപ്പോഴും ചിരി വരാറുണ്ട്. ദിലീപൊക്കെ മാറിനിന്ന് ചിരിപ്പിക്കാൻ വേണ്ടി ഗോഷ്ടി കാണിക്കാറുണ്ടായിരുന്നു. അമ്പിളി ചേട്ടനൊന്നും റിഹേഴ്‌സലിൽ കാണിക്കുന്നതല്ല ടേക്ക് എടുക്കുമ്പോൾ കാണിക്കുന്നത്. ടേക്കിൽ സ്‌പൊട്ടേനിയസ് ആയി കയ്യിൽ നിന്നും ഇടുന്നയാളാണ് അദ്ദേഹം. വാഴുന്നോർ സിനിമയിൽ ടേക്ക് എടുക്കുമ്പോൾ അമ്പിളിച്ചേട്ടന്റെ അഭിനയം കണ്ട് എനിക്ക് ചിരി അടക്കാൻ സാധിച്ചില്ല. ആദ്യം ഞങ്ങൾ ചിരിച്ചിട്ടാണ് പിന്നെ പ്രേക്ഷകർ ചിരിക്കുന്നത്.

അമ്മയിലെ ഭിന്നത

സംഘടനയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ തുറന്നുപറയാൻ അവർക്ക് മടി ഉണ്ടാകുമെന്ന് കണ്ട് മൂന്ന് അംഗങ്ങളുള്ള ഒരു സബ്കമ്മിറ്റി അമ്മ രൂപീകരിച്ചിരുന്നു. ആദ്യത്തെ കമ്മിറ്റിയിൽ അംഗങ്ങളായിരുന്നത് ഞാൻ, കെപിഎസി ലളിത, കുക്കു പരമേശ്വരൻ എന്നിവരായിരുന്നു. ഇപ്പോൾ പുതിയ കമ്മിറ്റി നിലവിൽ വന്നിട്ടുണ്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ ഇടപെടാൻ എനിക്ക് ഒരു കമ്മിറ്റിയിലും അംഗമാകണമെന്നില്ല. കാരണം ഞാനുമൊരു സ്ത്രീയാണ്. അത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഒരു സംഘടന തന്നെ വേണമെന്നില്ല. അതിനുമപ്പുറം അമ്മ ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് നമ്മൾ കാണാതിരിക്കരുത്. അമ്മയ്‌ക്കൊരു ബൈലോ ഉണ്ട്. അതിനകത്ത് നിന്നെ നമുക്ക് പ്രവർത്തിക്കാൻ പറ്റുകയുള്ളു. പുറത്തുനിന്നുള്ള ചിലർ വെറുതെ അമ്മയെ പറ്റി മോശമായി സംസാരിക്കുകയും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുകയാണ്. ലാൽ സാർ പ്രസിഡന്റായ ശേഷം എണ്ണമറ്റ പ്രവർത്തനങ്ങളുമായി ഞങ്ങൾ മുന്നോട്ടു പോകുകയാണ്.