തിരുവനന്തപുരം: പൂവാർ സഹകരണ ബാങ്കിൽ സ്വപ്നയ്ക്ക് അരക്കോടിയോളം രൂപ നിക്ഷേപിക്കാൻ സഹായകമായത് ബാങ്കിലെ തന്നെ ഉന്നതന്റെ ഇടപെടൽ മൂലമെന്ന് സൂചന. സരിത്തിന്റെ അടുത്ത ബന്ധുവായ ഈ ഉന്നതൻ വഴിയാണ് സ്വപ്നയും സരിത്തും പൂവാറിൽ എത്തി അക്കൗണ്ട് തുടങ്ങുന്നത്. കോൺഗ്രസ് എ വിഭാഗത്തിലെ പ്രബലനും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി കെ സാംദേവാണ് കഴിഞ്ഞ 30 വർഷമായി ബാങ്കിലെ പ്രസിഡന്റ്.

സാംദേവിന്റെ അതിവിശ്വസ്തരിൽ ഒരാളായ ബാങ്ക് ഉദ്യോഗസ്ഥ കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്വപ്നയ്ക്കായി അക്കൗണ്ട് ഓപ്പൺ ചെയ്തത് . അന്ന് ബാങ്കിൽ രാജകീയ സ്വീകരണം തന്നെ സ്വപ്നക്ക് ഒരുക്കിയതായി ബാങ്ക് ജീവനക്കാർ ഓർക്കുന്നു . സ്വപ്ന യു.എ.ഇ കോൺസുലേറ്റിലെ ഉന്നത എന്ന നിലയിൽ ബാങ്കിൽ വൻ നിക്ഷേപം വരാൻ പോകുന്നുവെന്നും അന്ന് പറഞ്ഞ് കേട്ടിരുന്നു . അന്ന് അക്കൗണ്ട് ഓപ്പൺ ചെയ്യാൻ എത്തിയതല്ലാതെ സ്വപ്ന പിന്നീട് ഇങ്ങോട്ട് എത്തിയിട്ടില്ലെന്നതാണ് വസ്തുത. പണം നിക്ഷേപിക്കുന്നതും മറ്റും അറിയില്ലെന്നാണ് പ്രസിഡന്റ് പറയുന്നത്. ഇതെല്ലാം ചെയ്യുന്നത് സെക്രട്ടറിയാണെന്നും വിശദീകരിക്കുന്നു.

ബാങ്കിലെ വിശ്വസ്ത തന്നെ സ്വപ്നയുടെ ചെക്കുകളും വേണ്ടി വന്നാൽ രജിസ്റ്റർ പോലും തിരുവനന്തപുരത്ത് എത്തിച്ച് ഒപ്പിട്ടു വാങ്ങിയിരുന്നു വെന്നാണ് വിവരം. എൻ.ഐ.എയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കണ്ടെത്തലും സ്വപ്നയുടെ മൊഴിയും പ്രകാരം ഇവർക്ക് ഈ ബാങ്കിൽ 24.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ട്. ഇത് മരവിപ്പിക്കാൻ അന്വേഷണ ഏജൻസി നിർദ്ദേശം നൽകി കഴിഞ്ഞു. പലപ്പോഴായി സ്വപ്ന പണം നിക്ഷേപിച്ചതായും 2020 ഫെബ്രുവരിയിൽ അവസാനമായി 7.5 ലക്ഷം രൂപ നിക്ഷേപിച്ചതായും അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ സ്വപ്നക്ക് ഇവിടെ കള്ളപ്പേരിൽ കോടികളുടെ നിക്ഷേപം ഉണ്ടാകാം എന്ന കണക്കുകൂട്ടലിലാണ് എൻഫോഴ്‌സ് മെന്റ് . റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണം ഇല്ലാത്തതിനാൽ സഹകരണ ബാങ്ക് സെക്രട്ടറിയോ ഉന്നത ഉദ്യോഗസ്ഥനോ വിചാരിച്ചാൽ പല പേരുകളിൽ നിക്ഷേപം തുടങ്ങാം. ബാങ്ക് അധികൃതർ വിചാരിച്ചാലെ കണ്ടു പിടിക്കാനാവൂ. ടാക്‌സ് വെട്ടിക്കകയും ആകാം. അതുകൊണ്ടാണ് കള്ളപ്പണക്കാരുടെ പ്രധാന നിക്ഷേപ കേന്ദ്രം സഹകരണ ബാങ്കുകളാണന്ന് ആർ ബി ഐ യും കേന്ദ്ര സർക്കാരും സംശയം പ്രകടിപ്പിക്കുന്നത്.

പൂവാർ സഹകരണ സംഘത്തിലെ ഉന്നതനും കൂടാതെ ബാങ്ക് പ്രസിഡന്റും അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് ഇവരെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വപ്നയുടെ മാത്രമല്ല സരിത്തിന്റെയും കണക്കിൽ പ്പെടാത്ത പണം പല പേരുകളിലായി ഈ ബാങ്കിലുണ്ടെന്നാണ് സംശയം .ബാങ്ക് രേഖകൾ പ്രകാരം സരിത് ഇവിടെ 1.96 ലക്ഷം നിക്ഷേപിച്ചു. ഇതിൽ നിന്നും 1 ലക്ഷം വായ്പ എടുത്തതായും പറയുന്നു. നാൽപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള പൂവാർ സഹകരണ ബാങ്കിന്റെ വളർച്ച കഴിഞ്ഞ 5 വർഷത്തിനിടയിലാണന്ന് നാട്ടുകാർ പറയുന്നു.

സ്വപ്നയും സരിത്തും മാത്രമല്ല ജില്ലയിലെ പല പ്രമുഖരുടേയും പണം ഈ ബാങ്കിലുണ്ട്. സ്വപ്നയുടെ നിക്ഷേപം പുറത്തു വന്നതോടെ സഹകരണ വകുപ്പും ബാങ്കിലെ ഇടപാടുകൾ പരിശോധിക്കാൻ തീരുമാനിച്ചിട്ടുണ്ട് അടുത്ത ദിവസം തന്നെ നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ ബാങ്കിലെത്തി രേഖകൾ പരിശോധിച്ചേക്കും. നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതികൾ 20 തവണയായി 200 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്. 2019 നവംബറിനും 2020 ജനുവരിക്കുമിടയിലാണ് 100 കോടിയിലധികം മൂല്യമുള്ള സ്വർണക്കടത്തു നടത്തിയത്.യു.എ.ഇയിൽ നിന്ന് സ്വർണം വാങ്ങാനുള്ള തുക ഹവാല ഇടപാടുകളിലൂടെയാണ് കൈമാറിയത്. സ്വർണക്കടത്തിനു പിന്നിൽ വലിയൊരു ശൃംഖലയുണ്ട്.

സ്വപ്ന സുരേഷ്ബംഗളൂരുവിൽനിന്ന് പിടിയിലാകുമ്പോൾ സന്ദീപ് നായരുടെ ബാഗിൽനിന്ന് സ്വപ്നയുടെ പേരിൽ തിരുവനന്തപുരത്തെ വിവിധ ബാങ്കുകളിലുള്ള അരക്കോടിയിലേറെ രൂപയുടെ നിക്ഷേപരേഖകൾ കണ്ടെത്തി. നേരത്തെ സ്വപ്നയുടെ ലോക്കറുകളിൽ നിന്നായി ഒരുകോടി രൂപയും ഒരുകിലോ സ്വർണവും കണ്ടെത്തിയിരുന്നു. കള്ളക്കടത്തിൽ നിന്നുള്ള വരുമാനം സരിത്തിലൂടെയാണ് സ്വപ്ന കൈപ്പറ്റിയിരുന്നത്. 2019 ജൂൺമുതൽ നടത്തിവന്ന സ്വർണക്കടത്തിനെക്കുറിച്ചും സ്വപ്നയ്ക്ക് അറിയാമായിരുന്നു. വൻ വരുമാനമുണ്ടായിട്ടും ആദായനികുതി റിട്ടേണുകൾ സമർപ്പിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.