തിരുവനന്തപുരം: പൂവാറിൽ ബൈക്ക് നിറുത്തി മൂത്രം ഒഴിക്കാൻ ഇറങ്ങിയ രോഗിയായ യുവാവിന് ക്രൂരമർദ്ദനം. പൂവാർ പൊലീസ് സ്റ്റേഷൻ എസ്‌ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണ നടത്തിയ ശേഷമാണ് സസ്‌പെൻഷൻ നടപടിയിലേക്ക് കടന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് പൂവാർ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീർ ഖാനാണ്(35) പൊലീസിന്റെ നര നായാട്ടിൽ സാരമായി പരിക്കേറ്റത്. ഞയാറാഴ്ച രാവിലെ 11 മണിയോടെ പൂവാർ പെട്രോൾ പമ്പിന് സമീപമാണ് സംഭവം. ഡ്രൈവറായ സുധീർ രോഗിയായ ഭാര്യയെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട ശേഷം പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറച്ച് പമ്പിൽ നിന്ന് പുറത്ത് ഇറങ്ങുകയും തുടർന്ന് പമ്പിന് സമീപം റോഡ് വശത്ത് ബൈക്ക് നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാൻ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്‌ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്ുകായിരുന്നു.

എന്തിനാണ് ഇവിടെ നിക്കുന്നത് എന്ന് ചോദിച്ച പൊലീസുകാരോട് സുധീർ കാര്യം പറയുകയും തുടർന്ന് ലൈസൻസും ബൈക്കിന്റെ രേഖകളും എടുക്കാൻ എസ്‌ഐ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സുധീർ തിരിയവെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർ സുധീറിനെ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു. തുടർന്ന് സുധീറിനോട് സ്റ്റേഷനിൽ എത്താൻ എസ്‌ഐ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ എത്തിയ സുധീറിന്റെ മൊബൈൽ ഫോൺ എസ്‌ഐ എസ്‌ഐ സനൽ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനിൽ വെച്ചും ക്രൂരമായി മർദിക്കുകയായിരുന്നു. നീ ഈ.എം.എസ് കോളനിയിൽ ഉള്ളത് അല്ലെടാ നീ മുസ്ലിം അല്ലെടാ എന്നും നീ എന്തിനാടാ ഇവിടെ വന്നത് റന്നും ചോദിച്ചു വീണ്ടും തന്നെ എസ്‌ഐ മർദ്ദിച്ചതായി സുധീർ പറഞ്ഞു.

തന്റെ വീട് കല്ലിംഗവിളാകം ചന്തയ്ക്ക് പുറകിൽ ആണെന്നും ഈ.എം.എസ് കോളനിയിൽ അല്ലെന്നും സുധീർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. താൻ കൈകാലുകൾക്ക് വിറയലുള്ള രോഗി ആണെന്നും അടികരുത് അടികരുത് എന്ന് അപേക്ഷിച്ചു പറഞ്ഞിട്ടും എസ്‌ഐ മർദനം തുടർന്നതായി സുധീർ പറയുന്നു. വീട്ടുകാരെ വിളിക്കണമെന്നും പരിക്ക് പറ്റിയ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുധീർ ആവശ്യപ്പെട്ടെങ്കിലും 5 മണി ആയി സിഐ വരാതെ വിടില്ല എന്നും എന്ത് തെറ്റ് ആണ് താൻ ചെയ്തത് എന്ന് ചോദിച്ചപ്പോൾ കേസെടുത്ത് റിമാൻഡ് ചെയ്യുമെന്ന് പറഞ്ഞതായും സുധീർ പറയുന്നു.

സുധീറിനെ റോഡിലിട്ട് മർദിക്കുന്നത് കണ്ടവരാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. വിവരം അറിയാൻ വീട്ടുകാർ സുധീറിന്റെ മൊബൈലിലേക്ക് വിളിച്ചെങ്കിലും പൊലീസുകാർ കാൾ കട്ട് ചെയ്തതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് സുധീറിന്റെ സഹോദരി ഭർത്താവ് പൂവാർ സ്റ്റേഷനിൽ എത്തി സംഭവം തിരക്കിയെങ്കിലും പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവം ആണ് നേരിട്ടതെന്നും സുധീറിനെ കാണണം എന്ന് ആവശ്യപ്പെട്ടപ്പോൾ അത് നിഷേധിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആളുകൾ കൂടുന്നത് കണ്ടതിനെ തുടർന്നാണ് രാത്രി 7 മണിയോടെ സുധീറിനെ പൊലീസ് വിട്ടയച്ചത്. തുടർന്ന് സുധീറിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലാത്തി കൊണ്ടുള്ള അടിയിലും മർദനത്തിലും ശരീരമാസകലം സാരമായ പരിക്ക് പറ്റിയിട്ടുണ്ട്. രോഗിയായ ഭാര്യയും രോഗ ബാധിതനായ മകൻ ഉൾപ്പടെ 3 മക്കളും അടങ്ങുന്ന സുധീറിന്റെ കുടുംബം പണി പൂർത്തിയാകാത്ത വീട്ടിലാണ് കഴിയുന്നത്. സുധീറിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. ഈ സംഭവത്തോടെ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലാണ് സുധീർ. സംഭവത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈന്റ്റ് അഥോറിറ്റി എന്നിവർക്ക് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.