റോം: സഭാ ആസ്ഥാനത്തെ അഴിമതി പൂർണ്ണമായും തുടച്ചു നീക്കാനുള്ള ശ്രമത്തിലാണ് മാർപാപ്പ. കേരളത്തിലേതുൾപ്പടെ പല സഭകൾക്കെതിരെയും പല പുരോഹിതർക്കെതിരെയും സഭാവിശ്വാസികളിൽ നിന്നും ആരോപണങ്ങൾ ഉയരുന്ന ഒരു കാലത്തിലാണ് അഴിമതിയെന്ന ദുർഭൂതത്തിനെതിരെ പടവാളുമായി പോപ്പ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. വത്തിക്കാനിലെ ജീവനക്കാർ ആരും തന്നെ 40 യൂറോ(ഏകദേശം 3500 രൂപ)യിൽ അധികം വിലവരുന്ന സമ്മാനങ്ങൾ ഒരു കാരണവശാലും ആരിൽ നിന്നും സ്വീകരിക്കരുത് എന്ന കർശന നിയന്ത്രണമാണ് ഇപ്പോൾ മാർപാപ്പ നടപ്പിലാക്കിയിരിക്കുന്നത്.

ധനികരായ അനുയായികളും, സുഹൃത്തുക്കളും അതുപോലെ മറ്റ് പുരോഹിതരും വിലകൂടിയ സമ്മാനങ്ങൾ നൽകി കാര്യങ്ങൾ സാധിച്ചെടുക്കുന്നതിനെതിരെയുള്ള കർശന നിലപാടാണ് ഇന്നലെ പ്രാബല്യത്തിൽ വന്ന പുതിയ നിയമം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ കുറേ നാളുകളായി വത്തിക്കാനിൽ നിന്ന് അഴിമതി തുടച്ചു നീക്കുന്നതിനെ കുറിച്ച് മാർപാപ്പ പറയാറുണ്ടായിരുന്നു എങ്കിലും ഇത്രയും കർശനമായ ഒരു നടപടി ഉണ്ടാകുന്നത് ഇതാദ്യമായാണ്.

പുരോഹിതരായാലും സാധാരണക്കാരായാലും വത്തിക്കാനിലെ എല്ലാ സഭാ സ്ഥാപനങ്ങളിലും ഏത് തട്ടിലും ജോലിചെയ്യുന്ന എല്ലാ ജീവനക്കാർക്കും 40 യൂറോ എന്ന പരിധി ബാധകമാണ്. മാനേജർമാരായി നിയമിക്കപ്പെടുന്നവർ അവരുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തണം. മാത്രമല്ല, ഓരോ രണ്ടു വർഷങ്ങളിലും അവർ സാമ്പത്തിക ഓഡിറ്റിംഗിന് വിധേയരാകണം എന്നും പുതിയ നിയമത്തിൽ പറയുന്നു. അതുമാത്രമല്ല, ഏതൊരു വിധത്തിലുള്ള നികുതിയും വെട്ടിക്കുവാനായി നികുതിയില്ലാത്ത ഇടങ്ങളിൽ ഇടപാടുകൾ നടത്തരുതെന്നും നിയമവിരുദ്ധമായ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച പണം കൊണ്ട് റിയൽ എസ്റ്റേറ്റ് ആക്ടിവിറ്റികളിൽ എർപ്പെടരുത് എന്നും നിയമത്തിൽ പറയുന്നു.

അഴിമതിക്ക് വിവിധ രൂപങ്ങളിൽ നിലനിൽക്കാനാകും എന്നതുകൊണ്ടാണ് നിയമവുമായി വരുന്നതെന്ന് പോപ്പ് അറിയിച്ചു. സുവിശേഷം നാടാകെ എത്തിക്കാൻ ബാദ്ധ്യസ്ഥരായവർ അവരുടെ ഇടപാടുകളിലും ജീവിതവൃത്തിയിലും സത്യസന്ധതയും സുതാര്യതയും പുലർത്തണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. പുതിയതായി നിയമിതരാകുന്നവർ, അവർ ഒരുവിധ കുറ്റകൃത്യങ്ങളിലും ഇതിനു മുൻപ് ശിക്ഷിക്കപ്പെട്ടവരല്ലെന്ന സത്യവാങ്ങ്മൂലം നല്കണം.

പുരോഹിതർക്ക് സമ്മാനങ്ങൾ നൽകുന്ന പതിവ് അടുത്തകാലത്ത് നിരവധി അഴിമതി ആരോപണങ്ങൾക്ക് അടിത്തറ പാകിയിരുന്നു. 2019-ൽ നടന്ന ഒരു അന്വേഷണത്തിൽ ബിഷപ്പ് മൈക്കൽ ജെ ബ്രാൻസ്ര്ഫീൽസ്ഡ് 140 ഓളം പുരോഹിതർക്ക് 3.5 ലക്ഷം ഡോളറിന്റെ ചെക്കുകൾ നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. അമേരിക്കയിലെ രണ്ട് കർദ്ദിനാൾ മാരും ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.