കൊച്ചി: പോപ്പുലർ ഫിനാൻസ് ഉടമകൾ കോടിക്കണക്കിന് രൂപ വിദേശത്തേക്ക് കടത്തിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടെത്തി. നിക്ഷേപകരെ കബളിപ്പിച്ച രണ്ടായിരം കോടി രൂപയിൽ ഒരുഭാഗം വിദേശരാജ്യങ്ങളിലേക്ക് എത്തിച്ചതായാണ് വിവരം. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യത്തേക്കാണ് പണം കടത്തിയതെന്ന വിവരമാണ് പുറത്തുവരുന്നത്.

പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലിനെയും മകൾ റിനു മറിയം തോമസിനെയും കസ്റ്റഡിയിൽ ലഭിക്കാനുള്ള ശ്രമങ്ങൾ ഇ.ഡി. വീണ്ടും തുടങ്ങി. ഇരുവരെയും അറസ്റ്റുചെയ്ത് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയെങ്കിലും കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ കോടതി തള്ളിയിരുന്നു. ബുധനാഴ്ച വീണ്ടും വാദംകേട്ട കോടതി, വിധിപറയുന്നതിനായി 13-ലേക്ക് കേസ് മാറ്റി.

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി പണം ഘട്ടംഘട്ടമായി വിദേശരാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നെന്നാണ് കണ്ടെത്തൽ. ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ തോമസ് ഡാനിയേലിനും കുടുംബത്തിനും നിക്ഷേപമുണ്ടെന്നാണ് സൂചന. ഇടപാടുകൾക്കായി കടലാസുകമ്പനികൾക്ക് ഇവർ രൂപംനൽകിയിരുന്നു. ബിനാമി ഇടപാടുകളും ഇതിലുൾപ്പെട്ടതായി സൂചനയുണ്ട്.

തോമസ് ഡാനിയേൽ 18 വരെ റിമാൻഡിലാണ്. റിനു മറിയം തോമസിന് 13 വരെ ഇടക്കാലജാമ്യം നൽകിയിരുന്നു റീനു മറിയത്തിനാണ് ഈ മാസം 13 വരെയാണ് ഇടക്കാല ജാമ്യം നൽകിയത്. നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാൻ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെന്നും ഇ ഡി കോടതി അറിയിച്ചിരുന്നു. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ആലോചിക്കുകയാണ് ഇഡി.

കേരളം കണ്ട ഏറ്റവും വലിയ 'പോപ്പുലർ' തട്ടിപ്പ്

1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ തുകയുടെ സാമ്പത്തിക തട്ടിപ്പാണ്. 2014 മുതൽ നടത്തിയ ഗൂഢാലോചനയിലൂടെ കേരളം കണ്ട വലിയ സാമ്പത്തിക തട്ടിപ്പാണ് കുടുംബം നടത്തിയത്. കൃത്യമായി അസൂത്രണം ചെയ്ത് പോപ്പുലർ ഫിനാൻസ് മാനേജിങ് ഡയറക്ടർ തോമസ് ഡാനിയേലിന്റെയും മക്കളുടെയും കുശാഗ്ര ബുദ്ധിയിലുദിച്ച ആശയമാണ് തട്ടിപ്പിലേക്ക് എത്തിയത്. ആദ്യ ഘട്ടത്തിൽ നിക്ഷേപകരുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനം പിന്നീട് തട്ടിപ്പിന് പദ്ധതിയിടുകയായിരുന്നു.

സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. ചെറിയ തുക മുതൽ നാലു ലക്ഷം രൂപ വരെ നിക്ഷേപകരിൽ നിന്നായി ഇവർ തട്ടിച്ചു. മക്കളായിരുന്നു തന്ത്രത്തിന്റെ ആസൂത്രണമെന്ന് പൊലീസ് പറയുന്നു. അരലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് കണക്കിൽപ്പെട്ട 2000 കോടിയും നിക്ഷേപകർ പണയം വച്ച സ്വർണം വീണ്ടും പണയം വച്ച് 80 കോടിയിലധികം രൂപയാണ് ഇവർ തട്ടിയെടുത്തത്.

സാമ്പത്തിക തട്ടിപ്പിൽ റിയ ഒഴികെ ബാക്കിയുള്ളവരുമായി കേരളം, തമിഴ്‌നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ തട്ടിപ്പന്റെ വലിയ വ്യാപ്തി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തമിഴ്‌നാട്ടിൽ 48 ഏക്കർ, ആന്ധ്രയിൽ 22 ഏക്കർ, തിരുവനന്തപുരത്ത് മൂന്ന് വില്ലകൾ, തൃശൂർ, പൂണെ എന്നിവിടങ്ങളിൽ ആഡംബര ഫ്‌ളാറ്റുകൾ എന്നിവ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച പണം 21 വ്യത്യസ്ത കമ്പനികളിലേക്ക് നിക്ഷേപകരറിയാതെ വകമാറ്റിയായിരുന്നു തട്ടിപ്പ്. ജി.സി.സി രാജ്യങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ റോയി ഡാനിയലിനും കുടുംബത്തിനും നിക്ഷേപം ഉള്ളതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ സംസ്ഥാനത്ത് 250 ൽ കൂടുതൽ ശാഖകൾ തുറക്കുകയും ആയിരക്കണക്കിന് നിക്ഷേപരെ ഉപഭോക്താക്കളാക്കുകയും ചെയ്തു.

പോപ്പുലർ ഫിനാൻസ്, പോപ്പുലർ എക്സ്പോർട്ടേഴ്സ്, പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ മിനി ഫിനാൻസ്, പോപ്പുലർ പ്രിന്റേഴ്സ് തുടങ്ങിയ പേരുകളിൽ വിവിധ കമ്പനികൾ രൂപീകരിച്ച് അതിലേക്കാണ് ഉപഭോക്താക്കളുടെ നിക്ഷേപങ്ങൾ വകമാറ്റിയിരുന്നത്. ഉപഭോക്താക്കൾക്ക് ഈ കമ്പനികളുടെ പേരിലാണ് പണം നിക്ഷേപിക്കുമ്പോൾ രസീതുകളും നൽകിയിരുന്നത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അന്യരാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച മക്കളെ അടക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പോയ പ്രതികളെ ഇ.ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.