കോന്നി: ഒരാഴ്‌ച്ച മുമ്പ് കൊട്ടാര സദൃശ്യമായ ബംഗ്ലാവിൽ പരിചാരകർക്കൊപ്പം ഉറങ്ങിയവരായിരുന്നും പോപ്പുലർ ഫിനാൻസുകാർ. ബെൻസു കാറിൽ കറങ്ങിയും എന്തിനും ഏതിനും പരിചാരകരും ഒപ്പമുണ്ടായിരുന്നവർ. ഇതിനെല്ലാമുള്ള പണം ഇവർ സമ്പാദിച്ചത് നാട്ടുകാരുടെ പറ്റിച്ചകൊണ്ടായിരുന്നു. 2000 കോടിയുടെ തട്ടിപ്പു കേസിലെ പ്രതികളായ പോപ്പുലർ കുടുംബം ഇപ്പോൾ നാണക്കേടിന്റെ പടുകുഴിയിലാണ്. നാട്ടുകാരുടെ അടിപേടിച്ച് കൂടെയുള്ള ഉദ്യോഗസ്ഥരുടെ മറവിൽ തലയിൽ മുണ്ടിട്ട് മുങ്ങി നടക്കുന്നവർ. പൊലീസ് കസ്റ്റഡിയിലുള്ള ഇവരുടെ തെളിവെടുപ്പ് നടക്കുകയാണ് ഇപ്പോൾ.

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ പ്രതികളായ സ്ഥാപന ഉടമ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മൂത്ത മകൾ റിനു മറിയം തോമസ്, ഇളയ മകൾ റീബ തോമസ് എന്നിവരെ വകയാറിലെ വീട്ടിൽ എത്തിച്ചു തെളിവെടുത്തു. ഇന്നലെ രാവിലെ പത്തോടെയാണ് പൊലീസ് വാഹനത്തിൽ റോയിയെ വീട്ടിലെത്തിച്ചത്. 10.45 ആയപ്പോൾ റോയിയുടെ ഭാര്യ പ്രഭ, മക്കൾ റിനു, റീബ എന്നിവരെയും പൊലീസ് വാഹനത്തിൽ വീട്ടിലെത്തിച്ചു.

തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നിക്ഷേപകരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതികളെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയപ്പോൾ നിക്ഷേപകർ ഇവർക്ക് നേരേ ആക്രോശിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ പൈസയാണെന്നും മുഴുവൻ തിരികെ കിട്ടണമെന്നുമായിരുന്നു നിക്ഷേപകർ ഉറക്കെ വിളിച്ചുപറഞ്ഞത്. രഹസ്യ ബാങ്ക് ഇടപാടുകൾ, ആസ്തികൾ തുടങ്ങിയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെടുക്കാനാണ് വകയാറിലെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്.

റോയിയെ കൊട്ടാരക്കര ജയിലിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് കോന്നി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തിരുന്നു. രാത്രിയിലാണ് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ നിന്ന് പ്രഭ, റിനു, റീബ എന്നിവരെ പത്തനംതിട്ടയിൽ കൊണ്ടുവന്നത്. 7 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ ഇവരെ ലഭിച്ചിട്ടുള്ളത്. മറ്റൊരു മകൾ റിയ ആൻ തോമസ് ഒളിവിലാണ്.

രണ്ടായിരം കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് ഭൂമി ഇടപാടുകളുണ്ട്. ഇതുസംബന്ധിച്ച രേഖകൾ കണ്ടെടുക്കാനും വിശദമായ അന്വേഷണത്തിനും പൊലീസ് സംഘം ഇവിടങ്ങളിലേക്ക് പോകും. ഓസ്‌ട്രേലിയയിൽനിന്ന് പഴയ കമ്പ്യൂട്ടറുകൾ ഇറക്കുമതി ചെയ്ത് വിൽപന നടത്തിയതിലൂടെയാണ് തട്ടിപ്പിന്റെ ആസൂത്രണം തുടങ്ങിയതെന്നാണ് വിലയിരുത്തൽ. കമ്പ്യൂട്ടർ ഇടപാടുകളിലൂടെ ആറ് കോടി രൂപയോളം പ്രതികൾ നേടി. ഇതിനുപിന്നാലെയാണ് തട്ടിപ്പിന്റെ അടുത്ത ഘട്ടമായ എൽ.എൽ.പി. കമ്പനികൾ രൂപീകരിച്ചത്. അതേസമയം, കേസിൽ അന്വേഷണപുരോഗതിയുമായി ബന്ധപ്പെട്ട റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു. ഇതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്.

ഒരേ സ്വർണം രണ്ടു തവണ പണയം വച്ചു വരുമാനം വർധിപ്പിക്കുന്ന വിദ്യ പോപ്പുലർ ഫിനാൻസ് പ്രയോഗിച്ചിരുന്നു. പണയം വച്ച സ്വർണം ഉടമ തിരിച്ചെടുക്കും വരെ ശാഖയിലെ ലോക്കറിൽ നിന്നെടുത്തു ബാങ്കിൽ പണയം വയ്ക്കുകയായിരുന്നു രീതി. പോപ്പുലറിന്റെ സ്വർണപണയ പലിശ കുറഞ്ഞ തുകയ്ക്ക് 12 ശതമാനവും ഉയർന്ന തുകയ്ക്ക് 18 ശതമാനവുമായിരുന്നു. കുറഞ്ഞ തുകയ്ക്കു വയ്ക്കുന്ന സ്വർണം ബാങ്കിൽ പണയം വച്ചു ലഭിക്കുന്ന പണം ശാഖകളിൽ നിന്ന് പോപ്പുലറിന്റെ വകയാർ ഹെഡ് ഓഫിസിലേക്ക് അയയ്ക്കുമായിരുന്നു.

ഇടപാടുകാർ പണയം തിരിച്ചെടുക്കാൻ വരുമ്പോൾ പണവുമായി ശാഖാ മാനേജർമാർ ബാങ്കിൽ പോയി സ്വർണം തിരിച്ചു കൊണ്ടുവരും. രീതി ഇങ്ങനെ ഒരു ഗ്രാം സ്വർണത്തിന് 2200 രൂപയാണ് പോപ്പുലർ നൽകുന്നതെന്നു കരുതുക. അത്രയും പണം ഇടപാടുകാരനു വേണമെങ്കിൽ 18 ശതമാനമാണ് പലിശ. എന്നാൽ, ആ വ്യക്തിക്ക് ഗ്രാമിന് 1000 രൂപ മാത്രം മതിയെങ്കിൽ 12 ശതമാനം പലിശ മതി. (ഒരു വർഷം വരെ ഇടപാടുകാരൻ പലിശ തിരിച്ചടച്ചില്ലെങ്കിൽ നിരക്ക് 28 ശതമാനമായി ഉയരും).

കുറഞ്ഞ തുകയ്ക്ക് ഒരാൾ ഒരു പവൻ സ്വർണം പണയം നൽകി 8000 രൂപ കൈപ്പറ്റുമ്പോൾ. ഇതേ സ്വർണം ബ്രാഞ്ചിന്റെ ചുമതലയുള്ളവർ പോപ്പുലറുമായി ഇടപാടുള്ള ബാങ്കിലേക്ക് കൊണ്ടു പോകും. അവിടെ പവന് 24,000 രൂപയ്ക്കു പണയം വയ്ക്കും. ഈ പണം വകയാറിലെ ഹെഡ് ഓഫിസിലേക്ക് അയയ്ക്കണമായിരുന്നു. ഇടപാടുകാരൻ പണം തിരിച്ചടച്ച് സ്വർണം എടുക്കാൻ എത്തിയാൽ, അൽപ സമയം കാത്തിരിക്കാൻ നിർദ്ദേശം നൽകി ശാഖാ മാനേജരും അക്കൗണ്ടന്റും അടുത്ത ബാങ്കിലേക്ക് ഓടും. ഇടപാടുകാരൻ നൽകുന്ന പണവും ശാഖയിലെ പണവും ചേർത്താണ് സ്വർണം വീണ്ടെടുത്തിരുന്നത്. പോപ്പുലറിൽ പണയം വച്ച സ്വർണത്തിൽ നല്ലൊരു പങ്കും ബാങ്ക് ശാഖകളിൽ വീണ്ടും പണയം വച്ചിരിക്കുകയാണെന്നു പൊലീസ് കണ്ടെത്തി.

റോയി ദാനിയേലിന്റെ സഹോദരീഭർത്താവിന് ഓസ്‌ട്രേലിയയിൽ പോപ്പുലർ ഗ്രൂപ്പ് എന്ന പേരിൽ സ്ഥാപനമുള്ളതായി പൊലീസ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ പോപ്പുലർ ഗ്രൂപ്പ് ഉടമ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. പോസ്റ്റ് ഓഫിസ് നടത്തിപ്പും പെട്രോൾ പമ്പും അടങ്ങുന്നതാണ് ഇവരുടെ ഓസ്‌ട്രേലിയയിലെ ബിസിനസ്. നാട്ടിലെ നിക്ഷേപത്തട്ടിപ്പുമായി ഈ സ്ഥാപനത്തിനു ബന്ധമുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.