കാസർകോട്: ലൗ ജിഹാദ് ആരോപണത്തിൽ നിലപാട് വ്യക്തമാക്കാൻ എൽ.ഡി.എഫും മുഖ്യമന്ത്രി പിണറായി വിജയനും തയാറാവണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. സവർണ, ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ വർഗീയതപറഞ്ഞ് വോട്ടുതേടുകയെന്ന സംഘ് പരിവാർ തന്ത്രമാണ് ജോസ് കെ. മാണിയും മാതൃകയാക്കുന്നത്.

കോടതികളും അന്വേഷണ ഏജൻസികളും തള്ളിക്കളഞ്ഞ ലൗ ജിഹാദ് വിഷയം കേരളത്തിൽ ഉയർത്തിക്കൊണ്ടുവന്ന് വർഗീയ ധ്രുവീകരണത്തിലൂടെ മുതലെടുപ്പ് നടത്താനുള്ള ഗൂഢനീക്കത്തെ മതേതര ജനാധിപത്യ വിശ്വാസികൾ ചെറുത്തുതോൽപിക്കണം. കഴിഞ്ഞ ഒമ്പത് വർഷത്തെ സർക്കാർ ഗസറ്റ് കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ മതംമാറ്റം നടന്നത് ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് ഹിന്ദുമതത്തിലേക്കാണ്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് ഹിന്ദുമതത്തിലേക്ക് മതംമാറിയവർ 5741 പേരാണ്.

അതേസമയം, ഇസ്‌ലാം മതത്തിലേക്ക് മാറിയവർ 535 പേർ മാത്രമാണ്. ഹിന്ദു സമുദായത്തിൽനിന്ന് ക്രിസ്ത്യൻ വിഭാഗത്തിലേക്ക് മാറിയത് 1811 പേരാണ്. രണ്ടു മതങ്ങൾക്കിടയിൽ സംഘർഷത്തിന് വഴിവെക്കുന്നവിധം ജോസ് കെ. മാണി നടത്തിയ പ്രസ്താവന സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ എൽ.ഡി.എഫ് നേതൃത്വം തയാറാവണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.