മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ നാടിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രഹ്നയുടെ കുടുംബം രംഗത്തെത്തി. നാലു പേരുടേയും മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകി. ഭർത്താവ് വിനീഷിനെതിരെയാണ് രഹ്നയുടെ അച്ഛൻ രാജൻകുട്ടി പരാതിയുമായി എത്തിയത്. കഴിഞ്ഞ മൂന്നു വർഷമായി കുടുംബത്തിനുള്ളിൽ പ്രശ്‌നങ്ങളുണ്ട്. വിനീഷിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്നും പറയുന്നു. ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും പറഞ്ഞു.

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പിതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മക്കളെ കെട്ടിത്തൂക്കാൻ രഹ്നക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മകളെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാൻ മരുമകൻ കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണ്. തന്റെ നാല് ജീവനുകളാണ് നഷ്ടപ്പെട്ടത് ഇനിയൊരച്ഛനും ഈ അവസ്ഥ ഉണ്ടാകരുതെന്നും രാജൻ ആരോപിക്കുകയുണ്ടായി.

പോത്തുകല്ല് കുട്ടംകുളത്തെ നാട്ടുകാരും ഇവരുടെ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്. കണ്ണൂർ ഇരിക്കൂറിൽ ടാപ്പിങ് തൊഴിലാളിയായ രഹ്നയുടെ ഭർത്താവ് ഇടക്കിടക്ക് വരുമ്പോഴെല്ലാം വഴക്കുണ്ടാകാറുണ്ടെന്ന് അയൽവാസികളും പറയുന്നു. മാത്രവുമല്ല മൂന്ന് മക്കളെ കെട്ടിത്തൂക്കി മരിക്കാൻ രഹ്നക്ക് കഴിയില്ലെന്നാണ് നാട്ടുകാരും വിശ്വസിക്കുന്നത് അങ്ങനെ വിശ്വസിക്കാനുള്ള പ്രധാന കാരണം മൂത്തമകന്റെ ഭാരമാണ്.

വിനീഷിന്റെ ഭാര്യ രഹ്ന, മക്കളായ 13 വയസുകാരൻ ആദിത്യൻ, 11 വയസുകാരൻ അർജുൻ 7 വയസുകാരൻ അനന്തു എന്നിവരേയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂർ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണിൽ കിട്ടുന്നില്ലെന്ന് വിനീഷ് അയൽക്കാരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ സംസ്‌ക്കരിച്ചു.

45 കിലോ ഭാരമുണ്ട് മരണപ്പെട്ട രഹ്നയുടെ മൂത്ത മകന്. രഹ്നക്ക് തനിച്ച് ഇത്രയും ഭാരമുള്ള മകനെ കെട്ടിത്തൂക്കാൻ കഴിയില്ല. കഴിഞ്ഞ മൂന്ന് വർഷത്തോളം രഹ്നയുമായി ഭർത്താവ് ബിനീഷ് നല്ല ബന്ധത്തിലല്ല. രഹ്നയെ ഒഴിവാക്കാനായി ബിനീഷ് പല തവണ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ ഈ ദുരന്തമുണ്ടായത്. രഹ്നയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് ബിനീഷ് ആലോചിച്ചിരുന്നതായി അയൽവാസികളടക്കമുള്ള നാട്ടുകാർ പറയുന്നു.

മാസങ്ങൾക്ക് മുമ്പാണ് ഇവർ ഇവിടേക്ക് താമസം മാറി വന്നത്. കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ ടാപ്പിങ് ജോലി ചെയ്യുന്ന ബിനീഷ് നവംബർ മൂന്നിനാണ് അവസാനമായി വീട്ടിൽ വന്നുപോയത്. ഞായറാഴച്ച രാവിലെ ബിനീഷ് രഹ്നയെ വിളിച്ചിരുന്നതായും ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അയൽവാസിയോട് വിളിച്ച് പോയി നോക്കാൻ പറയുകയുമായിരുന്നു. അന്വേഷിച്ചെത്തിയ അയൽവാസിയാണ് നാല് പേരെയും മരിച്ച നലയിൽ കണ്ടത്. കുടുംബ വഴക്കു കാരണമുള്ള ആത്മഹ്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു ഇതുവരെ പൊലീസ് ഉണ്ടായിരുന്നത്. എന്നാൽ കുടുംബം പരാതിയുമായി രംഗത്തെത്തിയ സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും രഹ്നയുടെ ഭർത്തവ് ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.