കണ്ണൂർ: തേക്കു മരം മോഷണം നടത്തിയ വിവരം പൊലീസിനെ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കണ്ണൂരിൽ സുഹൃത്തുക്കൾ യുവാവിനെ അടിച്ച് കൊന്ന കേസിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്ക് മാരക പ്രഹരമേറ്റാണ് ചക്കരക്കൽ സ്വദേശി പ്രജീഷ് മരിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്. ഇരുമ്പ് കൊണ്ട് പത്തിലധികം തവണ തലയ്ക്ക് അടിയേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോട്ടത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി അബ്ദുൾ ഷുക്കൂർ സംസ്ഥാനം വിട്ടതായാണ് പൊലീസ് നിഗമനം. മോഷണ കേസിലെ മറ്റൊരു പ്രതി റിയാസിന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. കൃത്യത്തിൽ പങ്കെടുത്ത പ്രശാന്ത് എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം സാക്ഷി പറഞ്ഞതിന് കൊല്ലപ്പെട്ട പ്രജീഷിന് പിറന്ന നാട് യാത്രാമൊഴി നൽകി. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ വളരെ ചുരുക്കമാളുകളെ അന്ത്യാജ്ഞലിയർപ്പിക്കാൻ ചക്കരക്കൽ ഗോകുലം ഓഡിറ്റോറിയത്തിന് സമീപമുള്ള വീട്ടിലെത്തിയിരുന്നുള്ളൂ.

പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം കണ്ണുരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചതിനു ശേഷം ചൊവ്വാഴ്‌ച്ച രാവിലെ പത്തു മണിയോടെയാണ് ചക്കരക്കല്ലിലെ 'പ്രശാന്തിയെന്ന വീട്ടിലെത്തിച്ചത്.തുടർന്ന് ഒരു മണിക്കൂറോളം വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ചു. തുടർന്ന് മൃതദേഹം കണ്ണുർ പയ്യാമ്പലത്ത് സംസ്‌കരിക്കാൻ കൊണ്ടുപോയി.

ഇന്നലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ കനാലിൽ നിന്നും മൃതദേഹം ലഭിച്ചത്. മോഷണ വിവരം പൊലീസിനോട് പറഞ്ഞതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാസങ്ങൾക്ക് മുമ്പ് നാല് ലക്ഷം രൂപ വിലവരുന്ന തേക്ക് മര ഉരുപ്പിടികൾ അബ്ദുൾ ഷുക്കൂറും റിയാസും മോഷ്ടിച്ച് കടത്തി. മൗവ്വഞ്ചേരി സ്വദേശിയുടെ വീടുപണിക്കായി വാങ്ങി സൂക്ഷിച്ച മരങ്ങളാണ് മോഷണം പോയത്. അന്വേഷണത്തിനിടെ പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കൊടുത്തത് ഷുക്കൂറിന്റെയും റിയാസിന്റെയും സുഹൃത്തായ പ്രജീഷായിരുന്നു. കേസിൽ ഇയാൾ സാക്ഷിയുമായി.

ഈ മാസം ഒൻപതിന് ഷുക്കൂറും റിയാസും അറസ്റ്റിലായി. പതിനേഴിന് ജാമ്യം കിട്ടി പുറത്തിറങ്ങി. പത്തൊമ്പതാം തീയ്യതി വൈകിട്ട് പ്രജീഷിനെയും കൂട്ടി പ്രതികൾ അടുത്ത പറമ്പിൽ മദ്യപിക്കാൻ പോയി. അവിടെ വെച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി. നാല് ദിവസത്തിന് ശേഷമാണ് മൃതദേഹം പൊലീസ് കണ്ടെടുക്കുന്നത്.

പിടിയിലായ പ്രശാന്തനെ ചോദ്യം ചെയ്തു വരികയാണെന്നും കൂട്ടുപ്രതികൾ ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു കൊലപാതകങ്ങളാണ് ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിൽ നടന്നത്.നേരത്തെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും മൂന്ന് പേരുടെ മർദ്ദനമേറ്റസ്‌കുൾ ബസ് ഡ്രൈവർ ഷിജു കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് പ്രജീഷിന്റെ അരുംകൊല നടന്നത്. ചക്കരക്കൽ പ്രശാന്തിനിവാസിൽ ശങ്കര വാര്യർ -സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. പ്രവീൺ, പ്രസാദ് എന്നിവരാണ് സഹോദരങ്ങൾ.