ന്യൂഡൽഹി: മൂന്നൂ സേനകൾക്കും കൂടി ഒരു തലവൻ എന്നൊക്കെ പൊതുവേ നാം കേൾക്കാറുണ്ട്. എന്നാൽ മൂന്നൂ സേനകളിലും സേവനമനുഷ്ഠിച്ചവരെ പറ്റി കേട്ടിട്ടുണ്ടോ? അത്തരമൊരു അപൂർവ്വതയുടെ കഥയാണ് ഇന്ത്യക്കാരനാ കേണൽ പ്രിതിപാൽ സിങ് ഗില്ലിന്റെത്. ഇന്ത്യയിലെ മൂന്നൂ സേനകളിലും സേവനമനുഷ്ഠിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം.രാജ്യത്തെ 3 പ്രതിരോധ സേനകളിലും സേവനമനുഷ്ഠിച്ച ഏക ഇന്ത്യക്കാരൻ.

കര, നാവിക, വ്യോമ സേനകളിൽ സേവനമനുഷ്ഠിച്ച ഏക സേനാംഗമെന്ന പെരുമയുള്ള പ്രിതിപാലിന്റെ ഈ സേന മാറ്റത്തിന് പിന്നിലും രസകരമായ കഥയുണ്ട്. 1942 ൽ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ റോയൽ ഇന്ത്യൻ എയർഫോഴ്‌സിലാണ് ആദ്യം ചേർന്നത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്ന കറാച്ചിയിലായിരുന്നു ആദ്യ നിയമനം. പക്ഷെ മകൻ വിമാനം പറപ്പിക്കുന്നതിനോട് ഗില്ലിന്റെ മാതാപിതാക്കൾക്ക് അത്രകണ്ട് താൽപ്പര്യം ഇല്ലായിരുന്നു. അങ്ങിനെ ഒരു വർഷത്തിനുള്ളിൽ തന്നെ വ്യോമസേനയിൽ നിന്ന് ഗില്ലിന് പടിയിറങ്ങേണ്ടി വന്നു. പക്ഷെ സേനയിൽ പ്രവർത്തിക്കാനുള്ള താൽപ്പര്യം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായില്ല.

അങ്ങിനെ കൃത്യം ഒരു വർഷത്തിന് ശേഷം ഇദ്ദേഹം നാവികസേനയിൽ ചേർന്നു. യുദ്ധക്കപ്പലുകളിലെ ആയുധങ്ങളുടെ ചുമതലയുള്ള ഗണ്ണറി വിഭാഗത്തിലായിരുന്നു നാവികസേനയിൽ ഇദ്ദേഹം സേവനമനുഷ്ഠിച്ചത്. ഇവിടെ നിന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ ഗില്ല് പങ്കെടുത്തു. യുദ്ധ വേളയിൽ ചരക്കു കപ്പലുകൾക്കു സുരക്ഷയൊരുക്കി സഞ്ചരിച്ച സേനാ യുദ്ധക്കപ്പലുകളിലായിരുന്നു അദ്ദേഹത്തിന്റെ സേവനം.

ഇതിന്റെ തുടർച്ചയായാണ് പ്രീതിപാൽ സിങ്ങ് കരസേനയിലേക്കു മാറുന്നത്. ആർട്ടിലറി റജിമെന്റിന്റെ ഭാഗമായിട്ടായിരുന്നു കരസേനയിലെ സേവനം. ഇവിടെ നിന്നാണ് 1965 ലെ ഇന്ത്യ പാക്ക് യുദ്ധത്തിൽ പങ്കെടുത്തത്.ജമ്മു കശ്മീർ, പഞ്ചാബ്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച ശേഷം 1970 ൽ കേണൽ റാങ്കിലാണ് പ്രീതിപാൽ സിങ്ങ് വിരമിക്കുന്നത്.

നൂറിന്റെ നിറവിലെത്തിയ കേണലിന്റെ പിറന്നാൾ ആഘോഷം അദ്ദേഹത്തിന്റെ ചണ്ഡിഗഡിലെ വസതിയിൽ നടന്നു.കുടുംബാംഗങ്ങൾക്കൊപ്പം വളരെ ലളിതമായ രീതിയിലായിരുന്നു നൂറാം പിറന്നാൾ ആഘോഷിച്ചത്.പ്രിതിപാലിനു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആശംസകൾ നേർന്നു.