ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ പതിനഞ്ചുകാരി മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഏഴാം മാസത്തിൽ അണുബാധ മൂലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പെൺകുട്ടി കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യനില മോശമായതിനെത്തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഗർഭസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് പെൺകുട്ടി മരിച്ചതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഗുരുതരമായ നിലയിലാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചതെന്നും ചികിത്സയിലിരിക്കേ നില കൂടുതൽ വഷളാകുകയായിരുന്നുവെന്നും ആശുപത്രിയിലെ സീനിയർ സൂപ്രണ്ട് അറിയിച്ചു. ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

വീട്ടിനു പുറത്തു ജോലിക്കായി പോയപ്പോൾ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഒരു കരിമ്പിൻതോട്ടത്തിൽ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. ഒരു 30കാരനാണ് പീഡിപ്പിച്ചതെന്നും സംഭവം പുറത്തു പറഞ്ഞാൽ വീട്ടുകാരെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കുടുംബം പറഞ്ഞു. പെൺകുട്ടിയിൽ നി്ന്ന് പീഡനവിവരം വൈകിമാത്രമാണ് അറിഞ്ഞതെന്നാണ് കുടുംബം പറയുന്നത്. പെൺകുട്ടിയുടെ അച്ഛന് മനോദൗർബല്യവുമുണ്ട്. ആറു മാസം ഗർഭിണിയായിരിക്കേ ഡിസംബർ ആറിനാണ് വിവരമറിഞ്ഞതെന്ന് കുടുംബം പറയുന്നു.

അണുബാധ മൂലമാണ് പെൺകുട്ടി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിദഗ്ധ പരിശോധനയ്ക്കായി പെൺകുട്ടിയുടെ അവയവങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.