ലക്‌നോ: ഉത്തർപ്രദേശ് പൊലീസിന്റെ കരുതൽ തടങ്കലിൽ കഴിയുന്ന കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. മറ്റ് 11 പേർക്കൊപ്പമാണ് പ്രിയങ്കയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഘർഷങ്ങളെ തുടർന്ന് ലഖിംപൂർഖേരിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിനാണ് അറസ്റ്റു രേഖപ്പെടുത്തിയത്. പ്രിയങ്കാ ഗാന്ധിക്കൊപ്പം യുപിയിലെ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് കുമാർ ലല്ലു, ദേശീയ സെക്രട്ടറി ധീരജ് ഗുർജാർ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് എന്നിവരുൾപ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. സെക്ഷൻ 144 ലംഘിച്ചു എന്നാണ് പ്രിയങ്ക ഗാന്ധിക്കെതിരെ സിതാപുർ പൊലീസ് ചുമത്തിയ കുറ്റം.

പ്രിയങ്കയെ 30 മണിക്കൂർ കസ്റ്റഡിയിൽവച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവിൽ താമസിക്കുന്ന ലക്‌നൗവിലെ വീട് താൽക്കാലിക ജയിലാക്കുമെന്നാണു വിവരം. പ്രിയങ്ക ഉൾപ്പെടെ 11 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്ന് സീതാപുർ പൊലീസ് അറിയിച്ചു. അതിനിടെ ലഖിംപുർ സന്ദർശിക്കാനെത്തിയ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്‌നൗ വിമാനത്താവളത്തിൽ തടഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

കേന്ദ്രമന്ത്രിയുടെ വാഹനം വ്യൂഹം പാഞ്ഞുകയറി കൊല്ലപ്പെട്ട കർഷകരുടെ വീടുകൾ സന്ദർശിക്കാനെത്തിയതായിരുന്നു ബാഗേൽ. താൻ സീതാപൂരിൽ പ്രിയങ്ക ഗാന്ധിയെ കാണാനാണ് എത്തിയതെന്നും എന്നാൽ എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും ബാഗേൽ പറഞ്ഞു. കഴിഞ്ഞദിവസം, ബാഗേലിന്റെ വിമാനത്തിന് ലഖ്നൗവിൽ ഇറങ്ങാൻ യുപി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

കർഷകർ കൊല്ലപ്പെട്ട ലംഖിപുർ സന്ദർശിക്കാൻ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് സീതാപുരിലെ ഹർഗാവിലെ ഗെസ്റ്റ് ഹൗസിൽ പാർപ്പിച്ച പ്രിയങ്കയെ നിരഹാര സമരത്തിലായിരുന്നു. കേന്ദ്രമന്ത്രിയുടെ മകൻ സഞ്ചരിച്ച വാഹനമിടച്ച് നാല് കർഷകർ അടക്കം എട്ട് പേർ മരിച്ച ലഖിംപൂർ ഖേരി സന്ദർശിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ പ്രിയങ്കയെ സിതാപുർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസോ എഫ്.ഐ.ആറോ ഇല്ലാതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും കർഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഇപ്പോഴും പുറത്താണെന്നും ചൂണ്ടിക്കാട്ടി പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.

കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചു കയറ്റി കർഷകരെ കൊല ചെയ്ത ലഖിംപൂർ ഖേരി സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെയാണ് യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലം സന്ദർശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വാക് തർക്കത്തിലേർപ്പെട്ട പ്രിയങ്കയെ സീതാപൂരിലെ പൊലീസ് ഗസ്റ്റ് ഹൗസിൽ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു. കാറിടിച്ചു കയറ്റിയതിനെ തുടർന്ന് നാലു പേരും തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേരുമാണ് മരിച്ചത്.