തൃശൂർ: പരേതർക്കടക്കം വർഷങ്ങളോളം കർഷക പെൻഷൻ വിതരണം ചെയ്ത് മാതൃക സൃഷ്ടിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി കൃഷി വകുപ്പ്. പെൻഷൻ വിതരണം ഉൾപ്പടെ വിവിധ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് കൃഷിവകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു.കേൽക്കർ ഉത്തരവിട്ടത്.വിവിധ ക്രമക്കേടുകൾക്കു വഴിയൊരുക്കിയ ഉദ്യോഗസ്ഥരിൽ നിന്നു 18% പലിശ സഹിതം പണം തിരിച്ചുപിടിക്കാനാണ് കൃഷി വകുപ്പിന്റെ ഉത്തരവ്. ഓഡിറ്റ് റിപ്പോർട്ടിലെ ശുപാർശകൾ അംഗീകരിച്ചാണ് നടപടി.

പരേതരുടെ പേരിൽ പെൻഷൻ കൈപ്പറ്റിയതു മസ്റ്ററിങ്ങിനു മുൻപു വരെയാണെങ്കിൽ അനന്തരാവകാശികൾ പിഴസഹിതം പണം തിരിച്ചടയ്ക്കണം. മസ്റ്ററിങ്ങിനു ശേഷവും വിതരണം തുടർന്നെങ്കിൽ ഉദ്യോഗസ്ഥർ വീട്ടണം.കർഷക പെൻഷൻ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചു സംസ്ഥാന വ്യാപക പരിശോധന നടത്താൻ കൃഷി വിജിലൻസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രിൻസിപ്പൽ കൃഷി ഓഫിസിലും വിവിധ കൃഷി ഭവനുകളിലും നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയത്. പെൻഷൻ ഗുണഭോക്താവ് മരിച്ചവിവരം ഒല്ലൂക്കര കൃഷി ഭവനിൽ രേഖാമൂലം ലഭിച്ചിട്ടും 3 വർഷം പെൻഷൻ വിതരണം തുടർന്നതായി കണ്ടെത്തി.

സർക്കാർ അനുമതി കൂടാതെ പെൻഷൻ വിതരണത്തിനു മുൻകാല പ്രാബല്യം നൽകിയതു വഴി 30 ലക്ഷം രൂപയുടെ നഷ്ടവും കണ്ടെത്തിയിരുന്നു. ഒരു ഹെക്ടറിൽ താഴെ കൃഷിഭൂമിയുള്ള, 60 വയസ്സ് കവിഞ്ഞവർക്കു പ്രതിമാസ പെൻഷൻ നൽകാനുള്ള പദ്ധതി 2012 ൽ ആണ് തുടങ്ങിയത്. ചിലയിടങ്ങളിൽ പെൻഷൻ വിതരണം ചെയ്തു തുടങ്ങിയപ്പോൾ അനധികൃതമായി 2 മാസം മുൻകൂർ പ്രാബല്യം നൽകിയെന്നു കണ്ടെത്തി.

മറ്റു നടപടികൾ ഇങ്ങനെ

കർഷക പെൻഷൻ വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് നിലവിൽ വന്ന തീയതിക്കുള്ളിൽ 60 വയസ്സ് പൂർത്തിയായവർക്കു മാത്രം മുൻകാല പ്രാബല്യത്തോടെ പെൻഷൻ.


അനർഹമായി മുൻകാല പ്രാബല്യം അനുവദിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 18% പലിശ സഹിതം പണം തിരിച്ചടയ്ക്കണം.


സർക്കാർ ഉത്തരവിലെ അവ്യക്തത മൂലമാണ് പെൻഷൻ വിതരണത്തിൽ പാളിച്ച ഉണ്ടായതെങ്കിൽ തുടർ നടപടി ഒഴിവാക്കണം.