കൽപ്പറ്റ: വയനാട്ടിലെ ലക്കിടിയിൻ വ്യവസായിയുടെ ഭൂമിക്ക് അരക്കോടി മുടക്കി പിഡബ്ല്യൂഡി സംരക്ഷണ ഭിത്തി കെട്ടുന്ന സംഭവം വിവാദമാകുന്നു. വ്യവസായിയുടെ പുരയിടം സംരക്ഷിക്കുകുന്ന രീതിയിലുള്ള സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തള്ളുന്നത്, ഇതേ വ്യവസായിയുടെ തന്നെ മറ്റൊരു ഭൂമി നികത്താനാണ് ഉപയോഗിക്കുന്നത്. ഇതടക്കം വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. സംഭം മാധ്യമങ്ങളിൽ വാർത്തയായതോടെ പൊതുമരാമത്ത് മന്ത്രി റിപ്പോർട്ടാവശ്യപ്പെട്ടു. നാളെ വൈകുന്നേരത്തിന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കാനാണ് മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എഞ്ചിനീയറോട് നിർദ്ദേശിച്ചത്.

ദേശീയ പാത നവീകരണത്തിന്റെ മറവിൽ വ്യവസായിയുടെ പുരയിടം സംരക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് സംരക്ഷണ ഭിത്തി നിർമ്മിച്ചു തുടങ്ങിയത്. വയനാട് ലക്കിടിയിൽ കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലാണ് നിർമ്മാണം നടക്കുന്നത്. ദേശീയ പാതയോരത്ത് മണ്ണിടിച്ചിൽ തടയാനായി സദുദ്ദേശ്യത്തോടെ നടത്തുന്ന ഒരു നിർമ്മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുക. എന്നാൽ മണ്ണിടിച്ചിൽ സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയൻകോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വന്നത്.

മൂന്നു വർഷം മുൻപാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ സംഭവങ്ങൾ നടക്കുന്നത്. 2018 മാർച്ചിലാണ് കോയൻകോ ഗ്രൂപ്പിന്റ വസ്തുവിന്റെ മൂന്നിലുള്ള ഭാഗത്ത് നിന്ന് പട്ടാപ്പകൽ 50 ലോഡിലേറെ മണ്ണ് ലോറികളിൽ കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കൊള്ളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്റ് എൻജീനീയർ ലക്ഷ്മണൻ വൈത്തിരി പൊലീസിൽ പരാതി നൽകി. 201/2018 ക്രൈം നമ്പറിൽ കേസുമെടുത്തു.

ഈ കേസിൽ വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത്. ചുരുക്കത്തിൽ ലക്ഷങ്ങൾ മുടക്കി ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കാനുള്ള സാഹചര്യം ബോധപൂർവം സൃഷ്ടിക്കുകയായിരുന്നു. ഇവിടെ നിന്നെടുക്കുന്ന മണ്ണ് തള്ളുന്നത് സമീപത്ത് തന്നെയുള്ള കോയൻകോ ഗ്രൂപ്പിന്റെ ഉടമസ്ഥതിയിലുള്ള ഭൂമിയിലെ നിർമ്മാണത്തിനാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലുള്ള ഭൂമിയിൽ നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുള്ള വ്യവസ്ഥ നിലനിൽക്കെയാണ് ഈ കൊള്ള.

ദേശീയ പാത വീതികൂട്ടലിന്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാർ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി കാത്തു നിൽക്കുമ്പോഴാണ് മുൻ കരാറുകാർ കൂടിയായ കോയൻകോ ഗ്രൂപ്പിനെ സഹായിക്കാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കം. സംഭവം വിവാദമായതോടെയാണ് വകുപ്പ് മന്ത്രി കൂടിയായ മുഹമ്മദ് റിയാസ് ഇടപെട്ടത്.