മുംബൈ: കേന്ദ്ര ബജറ്റിനെതിരെയും ഇന്ധന വില വർധനവിനെതിരേയും പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ മുംബൈയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനെ കരിങ്കൊടി കാണിച്ചു. പ്രതിഷേധക്കാർ ധനമന്ത്രിയുടെ അടുത്തെത്തി പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും ഈ ശ്രമം പൊലീസ് തടഞ്ഞു.

കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ ദാദറിൽ ഒരു സംവാദ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 500 ഓളം കോൺഗ്രസ് പ്രവർത്തകർ ഒത്തുകൂടുകയും ധനമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. രാഹുൽ ഗാന്ധിക്ക് അനുകൂലമായും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

ദാദർ റെയിൽവേ സ്റ്റേഷന് മുന്നിൽ അതിരാവിലെ മുതൽ പ്രവർത്തകർ ഒത്തുചേർന്നിരുന്നതായി പൊലീസ് പറഞ്ഞു. കേന്ദ്ര ബജറ്റിനെതിരെയും അവശ്യവസ്തുക്കളുടേയും പെട്രോൾ, ഡീസൽ, പാചക വാതകം, റെയിൽവേ നിരക്കുകൾ എന്നിവയുടെ വർധനവിനെതിരേയും പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.

എന്നാൽ പ്രതിഷേധം സമാധാനപരമായാണ് നടന്നതെന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിജയ് പാട്ടീൽ പറഞ്ഞു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.