പുതുപ്പള്ളി: ഉമ്മൻ ചാണ്ടിയെ നേമത്ത് മത്സരിക്കാൻ വിട്ടുനൽകില്ലെന്ന വാദവുമായി പുതുപ്പള്ളിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധം. ഉമ്മൻ ചാണ്ടി യുഡിഎഫ് നേമത്ത് സ്ഥാനാർത്ഥിയാകണമെന്ന ഹൈക്കമാൻഡിന്റെ ആവശ്യം ഉമ്മൻ ചാണ്ടി അംഗീകരിച്ചുവെന്നാണ് റിപ്പോർട്ട്. വിവരം പുറത്ത് വന്നതോടെയാണ് പ്രതിഷേധവുമായി പ്രവർത്തകർ പുതുപ്പള്ളിയിലെ വീടിന് മുന്നിലേക്ക് എത്തിയത്. നൂറുകണക്കിന് പ്രവർത്തകരാണ് പ്രതിഷേധവുമായി പുതുപ്പള്ളിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

വിട്ടു തരില്ല, വിട്ടു തരില്ല, നേമത്തേക്ക് വിട്ടുതരില്ല എന്ന മുദ്രാവാക്യവുമായാണ് പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കുന്നത്.വനിതാ പ്രവർത്തകരടക്കമുള്ളവരാണ് ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്. അമ്പത് വർഷം തങ്ങളെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടുതരില്ലെന്ന് പറഞ്ഞാണ് പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.

സീറ്റു ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ നിന്ന് രാവിലെയോടെയാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലെത്തിയത്. ഉമ്മൻ ചാണ്ടിയെത്തിയ കണ്ടതോടെ പ്രതിഷേധം അണപൊട്ടി. വാഹനം തടഞ്ഞുനിർത്തിയ പ്രവർത്തകർ ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. ചിലർ കരഞ്ഞുകൊണ്ടാണ് പുതുപ്പള്ളി വിടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.അതിനിടെ ഒരു പ്രവർത്തകൻ വീടിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിയും മുഴക്കി.നൂറുകണക്കിന് പ്രവർത്തകരാണ് പുതുപ്പള്ളിയിലേക്കെത്തുന്നത്

 കേരളത്തിൽ ബിജെപിയുടെ ഏകസീറ്റായ നേമത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി ഒരു പ്രമുഖ നേതാവിനെ കോൺഗ്രസ് രംഗത്തിറക്കുമെന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി റിപ്പോർട്ടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും ഉയർന്നുകേട്ടിരുന്നു. ഉമ്മൻ ചാണ്ടി തന്നെ നേമത്ത് ബിജെപിയെ നേരിടുന്നത് സംസ്ഥാനത്താകെ അനുകൂല പ്രതികരണമുണ്ടാക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്.

എന്നാൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടുന്നതിൽ സമിശ്ര അഭിപ്രായമാണ് നേതാക്കൾക്കിടയിലുള്ളത്. സംസ്ഥാനത്താകെ പ്രചാരണം നടത്തേണ്ട ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ തന്നെ മത്സരിക്കുകയാണ് വേണ്ടതെന്ന് കെ.സി. ജോസഫ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽനിന്നു മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസി നേതൃത്വം എഐസിസിക്ക് കത്തയച്ചു.