പത്തനംതിട്ട: തട്ടിപ്പിന്റെ പലവിധ വകഭേദങ്ങൾ കേരളത്തിലെ സഹകരണ സംഘങ്ങളിൽ കണ്ടിട്ടുണ്ട്. അതിൽ തികച്ചും വ്യത്യസ്തമായ ഒന്നാണ് കോഴഞ്ചേരിക്കടുത്ത് പുല്ലാട് സർവീസ് സഹകരണ സംഘത്തിൽ നടന്നത്. ഇവിടെ നിക്ഷേപമുണ്ടായിരുന്നവർ മരിച്ചു പോയെങ്കിലും അവർ പിന്നീട് വന്ന് 2000 രൂപ വീതം പിൻവലിച്ചതായിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംഘം സെക്രട്ടറിക്കെതിരേ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മറ്റി.

1375 നമ്പർ പുല്ലാട് സർവീസ് സഹകരണ സംഘത്തിന്റെ സെക്രട്ടറിക്ക് എതിരെയാണ് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അനീഷ് കുന്നപ്പുഴ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഒൻപതിന് സഹകരണ സംഘത്തിന്റെ പണമിടപാട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് മരിച്ചു പോയവരുടെ അക്കൗണ്ടിൽ നിന്നും അടുത്ത ദിവസങ്ങളിൽ പണം പിൻവലിച്ചതായി കണ്ടെത്തിയത്. ഓവനാലിൽ പരേതനായ തോമസ് ഈപ്പൻ, കുന്നപ്പുഴ പരേതനായ സി.എ യോഹന്നാൻ എന്നിവരുടെ നിക്ഷേപത്തിൽ നിന്ന് 2000 രൂപ വീതം പിൻവലിച്ചതായാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്.

അന്വേഷണത്തിൽ പണം പിൻവലിച്ച ദിവസങ്ങളിൽ സെക്രട്ടറിക്കായിരുന്നു ചുമതല ഉണ്ടായിരുന്നത്. ഡേ ബുക്കിലും ക്യാഷ് ബുക്കിലും സെക്രട്ടറിയാണ് ഒപ്പിട്ടിരിക്കുന്നത് എന്നും കണ്ടെത്തി. ഇതിനാൽ പണം പിൻവലിച്ചതിന്റെ ഉത്തരവാദിത്വം സെക്രട്ടറിക്കാണ്. ഇതേ തുടർന്നാണ് സെക്രട്ടറി ആൻസി കുരുവിളയെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതിന്റെ അടിസ്ഥാനത്തിൽ താല്ക്കാലികമായി മാറ്റി നടപടി സ്വീകരിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം സെക്രട്ടറിയിൽ നിന്ന് രേഖാമൂലം വിശദീകരണം വാങ്ങുവാനും അതിനുശേഷം ജോയിന്റ് രജിസ്ട്രാർ, അസിസ്റ്റന്റ് രജിസ്ട്രാർ എന്നിവരോട് ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

മറ്റ് നിക്ഷേപങ്ങളിലും ഇത്തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോ എന്നതിലും അന്വേഷണം നടത്തും. കേരളാ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന പുല്ലാട് 1375 ാം നമ്പർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ കാലാവധി 2020 ഏപ്രിൽ 17 ന് പൂർത്തീകരിച്ചിരുന്നു. ഇതേ തുടർന്ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിജ്ഞാപനവും പുറത്തിറക്കി.എന്നാൽ കോവിഡ് വ്യാപനത്തിന്റെ പേരിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് മാറ്റി വച്ചു. അന്നത്തെ സമിതിക്ക് താത്ക്കാലികമായി തുടരാൻ സർക്കാർ നിർദ്ദേശം നൽകി.

എന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് നടത്താതെ ഈ സമിതി പിരിച്ചു വിട്ട ശേഷം ഒക്ടോബർ 21 മുതൽ തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാർ ഓഫിസിലെ ഇൻസ്പെക്ടർ സഹകരണ സംഘത്തിന്റെ അഡ്‌മിനിസ്ട്രേറ്റർ ആയി ചുമതലയേറ്റു . പിന്നീട് കഴിഞ്ഞ വർഷം മാർച്ച് 12 ന് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. ഇതിൽ എൽ.ഡി.എഫ് നേതാക്കളായ അനീഷ് കുന്നപ്പുഴ, പി.ആർ.പ്രസാദ്, നിക്കു മാത്യു എന്നിവരാണ് അംഗങ്ങൾ.