ന്യൂഡൽഹി: നവജ്യോത് സിങ് സിദ്ദു രാജി പിൻവലിച്ച് പിസിസി അധ്യക്ഷസ്ഥാനത്ത് തുടർന്നേക്കുമെന്ന് സൂചനകൾ. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുമായി സിദ്ദു നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പിസിസി അധ്യക്ഷസ്ഥാനത്ത് നിന്നുള്ള രാജി സിദ്ദു പിൻവലിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.

രാജിക്ക് കാരണമായ പ്രശ്‌നങ്ങൾ ഇന്നത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായി. അടുത്ത തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം സിദ്ദുവിന്റെ ആവശ്യങ്ങൾ ചർച്ചചെയ്യുമെന്ന് ചന്നി ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. സിദ്ദു ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് പ്രത്യേക സമിതി രൂപവത്കരിക്കും. സമിതിയിൽ ചന്നിയും സിദ്ദുവും ഉണ്ടാകും. എന്നാൽ എല്ലാ സുപ്രധാന തീരുമാനങ്ങളും എടുക്കുക കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കുമെന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ തീരുമാനമായി.

ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അറിയിച്ചതായാണ് വിവരം. ഇതോടെയാണ് സിദ്ദു രാജി പിൻവലിച്ചേക്കുമെന്ന സൂചനകൾ പുറത്ത് വന്നത്. അതേ സമയം മന്ത്രിമാരെ മാറ്റില്ല. ആഭ്യന്തര വകുപ്പിന്റെ കാര്യത്തിലും വിട്ടുവീഴ്ചയുണ്ടാകില്ലെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ചയാണ് പിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കുന്നതായി നവജ്യോത് സിങ് സിദ്ദു നേതൃത്വത്തെ അറിയിച്ചത്. പഞ്ചാബിലെ പുതിയ മന്ത്രിമാരുടെയും പൊലീസ് മേധാവിയുടേയും അറ്റോണി ജനറലിന്റേയും നിയമനത്തിൽ സിദ്ദുവിന് അതൃപ്തിയുണ്ടെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിവെച്ചത് എന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ.

അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് 72 ദിവസം പൂർത്തിയാവുമ്പോഴായിരുന്നു സിദ്ദുവിന്റെ അപ്രതീക്ഷിത രാജി. സംസ്ഥാന കോൺഗ്രസിൽ അസ്വാരസ്യങ്ങൾ രൂക്ഷമായതോടെയാണ് മുഖ്യമന്ത്രി നേരിട്ട് സിദ്ദുവിനെ ചർച്ചയ്ക്ക് വിളിച്ചത്. പഞ്ചാബ് ഭവനിൽ വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച.

പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് സിദ്ദുവിന്റെ ഉപദേശകനായ മുഹമ്മദ് മുസ്തഫയും പ്രതികരിച്ചിട്ടുണ്ട്. പാർട്ടിയെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചും ആലോചിക്കാത്ത അമരീന്ദർ സിങ്ങിനെ പോലെ അല്ല സിദ്ദു. ഇടയ്ക്ക് അദ്ദേഹം വൈകാരികമായി പ്രതികരിക്കുമെന്ന് കോൺഗ്രസ് നേതൃത്വത്തിനറിയാം. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമാവും മുഹമ്മദ് മുസ്തഫ പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദർ സിങ്ങിനെ മാറ്റുന്നതിൽ പരസ്യമായി രംഗത്തിറങ്ങിയ സിദ്ദു പക്ഷേ , കാര്യങ്ങൾ തന്റെ കയ്യിൽ നിന്ന് മാറുകയാണെന്ന് മനസിലായതോടെയാണ് രാജി വച്ചത്. പഞ്ചാബിൽ പുതുതായി ചുമതലയേറ്റ ചന്നി സർക്കാരിൽ തന്റെ അനുയായികളായ എംഎൽഎമാരെ ഉൾപ്പെടുത്താതിരുന്നതിൽ സിദ്ദുവിന് കടുത്ത അമർഷമുണ്ടായത്. മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ സിദ്ദുവിനെ എഐസിസി നേതൃത്വം പൂർണമായും മാറ്റി നിർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവച്ചത്.

സിദ്ദുവിനെ അനുനയിപ്പിപ്പാക്കാൻ സംസ്ഥാന കോൺഗ്രസിലും ശ്രമങ്ങൾ നടന്നിരുന്നു. രാജി ഹൈക്കമാൻഡ് അംഗീകരിച്ചില്ല. സംസ്ഥാനത്തെ ഏതാനും കോൺഗ്രസ് എംഎൽഎമാർ സിദ്ദുവിനോട് രാജി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതിനിടെ കോൺഗ്രസ് വിടുമെന്ന് പ്രഖ്യാപിച്ച ക്യാപ്റ്റൻ അമരീന്ദർ സിങ് ബിജെപിയിൽ ചേരില്ലെന്നും വ്യക്തമാക്കി. ഇന്നലെ അമിത് ഷായെ കണ്ട ക്യാപ്റ്റൻ അമരീന്ദർ സിങ് ഇന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും കണ്ടെങ്കിലും ബിജെപിയിൽ ചേരില്ല, എന്നാൽ കോൺഗ്രസ് വിടുന്നുവെന്നാണ് അമരീന്ദറിന്റെ പ്രസ്താവന.

കർഷകസമരം തീർക്കാനുള്ള ഒരു ബ്‌ളൂപ്രിന്റ് അമരീന്ദർ അമിത് ഷായ്ക്കു നല്കി എന്നാണ് സൂചന. ഇതംഗീകരിച്ചാൽ രണ്ടാഴ്ചയ്ക്കുള്ളിൽ പുതിയ പാർട്ടി അമരീന്ദർ പ്രഖ്യാപിക്കും. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ അപമാനിക്കുകയാണെന്നും അമരീന്ദർ ആരോപിച്ചു.