പുതുച്ചേരി: പുതുച്ചേരിയിലെ കോൺഗ്രസ് പിളർപ്പിന് സമാനമായ വൻ പ്രതിസന്ധിയിൽ. മുതിർന്ന നേതാവ് നമശ്ശിവായം ബിജെപിയെ ലക്ഷ്യമാക്കി പാർട്ടി വിട്ടതിന് പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടു. 13 കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ ചേരുന്നത്. പാർട്ടിയുടെ അഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ബിജെപിയിൽ ചേരാനായി രാജിവച്ചു. രാജിക്ക് ശേഷം നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ച നടത്തി.അതേസമയം, രാജിവച്ച പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ നമശിവായം ബിജെപിയിൽ ചേർന്നതായി സൂചനയുണ്ട്.

ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ബിജെപി. നേതൃത്വം പുറത്തുവിട്ടിട്ടില്ല. നമശിവായവുമായി ബന്ധപ്പെട്ട വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചിട്ടില്ല.നമശിവായം ഇന്നലെ ഡൽഹിയിൽ എത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയെന്നാണ് നിലവിലെ വിവരം. 31ന് പുതുച്ചേരിയിൽ നടക്കുന്ന ബിജെപി സമ്മേളനത്തിൽ കേന്ദ്രനേതാക്കൾ പങ്കെടുക്കുന്നുണ്ട്. ഇതിൽ നമശിവായം പാർട്ടിയിൽ ചേർന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് സാദ്ധ്യത. അദ്ദേഹത്തിനൊപ്പമാകും മറ്റ് കോൺഗ്രസ് നേതാക്കളും ബിജെപിയിൽ ചേരുക.

നമശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരിൽ അദ്ദേഹത്തിന്റെ അണികളിൽ പലരും കോൺഗ്രസ് വിട്ടതായി സൂചനയുണ്ട്.പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇതിനകം ഇരുപതോളം കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ട്. അവർ നമശിവായത്തോടൊപ്പം ബിജെപിയിൽ ചേരുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നു. നമശിവായത്തോടൊപ്പം ഒസുഡു മണ്ഡലത്തിലെ എം എൽ എയായ ദീപാഞ്ജനും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

അതേസമയം പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറിമാർ അടക്കമുള്ളവരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മുൻ നിയമസഭാംഗം ഇ. തീപയ്ന്തൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഇകംബരൻ, എ.വി വീരരാഘവൻ, വി. കണ്ണമ്പിരൻ, സ്റ്റേറ്റ് സെക്രട്ടറിമാരായ എസ്.കെ സമ്പത്ത്, എസ്. സാംരാജ് ഉൾപ്പെടെ ഏഴ് പേരെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തതായി പി.സി.സി അധ്യക്ഷൻ എ.വി സുബ്രഹ്മണ്യൻ പ്രതികരിച്ചു.

നേരത്തെ പാർട്ടി വിട്ട മുന്മന്ത്രി നമശ്ശിവായവുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെയും നടപടിയെടുക്കാനാണ് ഹൈക്കമാൻഡ് നിർദേശിച്ചിരിക്കുന്നതെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. നമശ്ശിവായത്തിന്റെ മണ്ഡലമായ വില്യന്നൂരിൽ അദ്ദേഹത്തിന്റെ അണികളിൽ പലരും കോൺഗ്രസ് വിട്ടതായി സൂചനയുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇതിനകം 20 ഓളം കോൺഗ്രസ് പ്രവർത്തകരെ പുറത്താക്കിയിട്ടുണ്ട്. അവർ നമശ്ശിവായത്തോടൊപ്പം ബിജെപി.യിൽ ചേരുമെന്നാണ് സൂചന.