കോയമ്പത്തൂർ: ഭർത്താവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ സ്ത്രീയെയും മൂന്ന് വാടക ഗുണ്ടകളെയും പൊലീസ് അറസ്റ്റ് ചെയ്തു. സൂലൂർ ഈസ്റ്റ് അരശൂർ മൂലൈ വീട്ടു തോട്ടത്തിലെ സി.സുബ്രഹ്മണ്യത്തെ (52) കൊല്ലാൻ ശ്രമിച്ച ഭാര്യ തിലകവതി (48) ഗുണ്ടകളായ മധുര ആവണിയാപുരത്തെ ആർ.വേലായുധ മൂർത്തി (28) ശിവഗംഗ തിരുഭുവനം താലൂക്കിലെ ജി. കമൽകുമാർ (21), വി.പ്രഭാകരൻ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പണം വായ്പ നൽകുന്ന സുബ്രഹ്മണ്യം വിരുദുനഗറിലെ ഒരു സ്ത്രീയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഈ ബന്ധം അറിഞ്ഞതോടെയാണ് ഭാര്യ ക്വട്ടേഷൻ നൽകാൻ തീരുമാനിച്ചത്. സുബ്രഹ്മണ്യം തിലകവതിയെ അവഗണിച്ച് പലപ്പോഴും അവർക്ക് പണം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. അന്യ സ്ത്രീയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയാറാവാത്ത സുബ്രഹ്മണ്യത്തെ കൊല്ലാൻ തീരുമാനിച്ച തിലകവതി സുബ്രഹ്മണ്യത്തിന്റെ സ്ഥിരം ഇടപാടുകാരനും നിർമ്മാണ തൊഴിലാളിയുമായ വേലായുധ മൂർത്തിയോട് സഹായം ആവശ്യപ്പെട്ടു.

അര ലക്ഷം രൂപ പ്രതിഫലമായും നൽകി. വേലായുധ മൂർത്തി കോളജ് വിദ്യാർത്ഥിയും ബന്ധുവുമായ പ്രഭാകരന്റെയും കൂടെ ജോലി ചെയ്യുന്ന കമൽകുമാറിന്റെയും സഹായത്തോടെ കഴിഞ്ഞ മൂന്നിന് രാത്രി തെന്നംപാളയം അന്നൂർ റോഡിലെ ഒരു ഹോട്ടലിൽ സുബ്രഹ്മണ്യത്തെ വാക്കത്തികളുമായി ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചു.

വെട്ടേറ്റ സുബ്രഹ്മണ്യം കുഴഞ്ഞു വീണപ്പോൾ മൂന്നു പേരും സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. സൂലൂർ പൊലീസ് സുബ്രഹ്മണ്യത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരസ്പരമുള്ള ശത്രുതയാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ തിലകവതിയെ ചോദ്യം ചെയ്തപ്പോൾ അവർ നൽകിയ പരസ്പര വിരുദ്ധമായ മറുപടികൾ സംശയത്തിന് കാരണമായി. തുടർന്ന് അവർ കുറ്റം സമ്മതിച്ചു.