കോഴിക്കോട്: പൊളിറ്റിക്കൽ കറക്ട്‌നസും വംശീയവിരുദ്ധതയും പ്രസംഗിക്കുന്ന സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള വടകര സഹകരണ ആശുപത്രിയിൽ വിഖ്യാത ഹോളിവുഡ് താരത്തിനെതിരെ വംശീയ അധിക്ഷേപം. അമേരിക്കൻ നടനും സംവിധായകനുമായ മോർഗൻ ഫ്രീമാന് നേരെയാണ് വടകരം സഹകരണ ആശുപത്രി ഭരണസമിതി വംശീയ അധിക്ഷേപം ചൊരിഞ്ഞിരിക്കുന്നത്.

ആശുപത്രിയിലെ ചർമരോഗ വിഭാഗത്തിന്റെ പരസ്യത്തിനായാണ് കറുത്ത വർഗക്കാരനായ ഫ്രീമാന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ആശുപത്രിയുടെ മുന്നിൽ വച്ച ഫ്ളക്സ് ബോർഡിലാണ് ചർമരോഗ പരസ്യത്തിൽ മോർഗൻ ഫ്രീമാൻ പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ സൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്.

ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ഫ്രീമാന്റെ ചിത്രമാണ് അരിമ്പാറ, പാലുണ്ണി, സ്‌കിൻ ടാഗ് എന്നിവയുടെ ചികിത്സയ്ക്കായുള്ള പരസ്യ ബോർഡിനായി ഉപയോഗിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ആശുപത്രി അധികൃതർ ബോർഡ് നീക്കം ചെയ്തു.

മോർഗൻ ഫ്രീമൻ ആരെന്നുപോലും അറിയാൻ ശ്രമിക്കാതെ അദ്ദേഹത്തിന്റെ ഫോട്ടോ സെലക്ട് ചെയ്തത് മലയാളിയുടെ വംശീയ ബോധത്തിന്റെ ഭാഗമായാണെന്നാണ് പ്രധാന വിമർശനം. എന്നാൽ ഇന്നലെയാണ് ബോർഡ് സ്ഥാപിച്ചതെന്നും ഇക്കാര്യത്തിൽ പിഴവ് മനസിലായതിനേത്തുടർന്ന് പരസ്യം നീക്കം ചെയ്തുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു.