ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും അജയ് മിശ്രയ്ക്കുമെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. പാർലമെന്റിലാണ് മിശ്രയ്‌ക്കെതിരെ കോൺഗ്രസ് കടുത്ത നിലപാടുമായി രംഗത്തുവന്നത്. ലഖിംപൂർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ കേസിൽ മകൻ ആശിഷ് മിശ്ര പ്രതിയായതിന്റെ പശ്ചാത്തലത്തിൽ പിതാവും മന്ത്രിയുമായ അജയ് മിശ്രയെ ക്രിമിനൽ എന്ന് വിളിച്ച് രാഹുൽ ഗാന്ധി. അജയ് മിശ്രയെ പുറത്താക്കുകയോ അയാൾ രാജിവെക്കുകയോ ചെയ്യണമെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി വ്യാഴാഴ്ച പാർലമെന്റിൽ ആവശ്യപ്പെട്ടു.

'മന്ത്രി രാജിവയ്ക്കണം. അയാൾ ഒരു കുറ്റവാളിയാണ്, ലഖിംപൂർ ഖേരിയിൽ നടന്ന കൊലപാതകത്തെ കുറിച്ച് സംസാരിക്കാൻ ഞങ്ങളെ അനുവദിക്കണം... സംഭവത്തിൽ മന്ത്രിയക്ക് പങ്കുണ്ടെന്നും അത് ഗൂഢാലോചനയാണെന്ന് സംശയിക്കുന്നു' ലോക്്സഭയിൽ രാഹുൽ ഗാന്ധി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

അന്വേഷണ സംഘത്തിന്റെ 'ആസൂത്രിത ഗൂഢാലോചന' പരാമർശത്തിൽ ചർച്ചകൾ ആവശ്യപ്പെട്ട് നിരവധി പ്രതിപക്ഷ എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. 'ലഖിംപൂർ ഇരകൾക്ക് നീതി', 'എംഒഎസ് ഹോം പിരിച്ചുവിടുക' എന്നീ പ്ലക്കാർഡുകൾ പ്രതിപക്ഷ എംപിമാർ സഭയിൽ ഉയർത്തിക്കാട്ടി.

എന്നാൽ ഈ ആവശ്യത്തിനായി സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്ന് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡു അറിയിച്ച്. പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞത് കോൺഗ്രസിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നും കൂടുതൽ പ്രതിഷേധത്തിന് കാരണമായി. മിശ്രയെ പുറത്താക്കാൻ സർക്കാർ വിസമ്മതിച്ചത് അവരുടെ ധാർമ്മിക പാപ്പരത്തത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണെന്ന് പ്രിയങ്ക ഗാന്ധി വധേര ട്വീറ്റ് ചെയ്തു.

നരേന്ദ്ര മോദി സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന മതപരമായ വസ്ത്രധാരണവും ഭക്തിയുടെ കണ്ണടകളും നിങ്ങളൊരു ക്രിമിനലിനെ സംരക്ഷിക്കുന്നുവെന്ന വസ്തുത മാറ്റില്ലെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേർത്തു. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ലയും അജയ് മിശ്രയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ 13 പേർക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്താൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.