ന്യൂഡൽഹി: ശക്തമായ നേതൃത്വം ആവശ്യപ്പെട്ടു കൊണ്ടുള്ള മുതിർന്ന നേതാക്കളുടെ കത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ തീർത്തത് വലിയ കൊടുങ്കാറ്റാണ്. ഈ കാറ്റ് ഇഇനിയും അടങ്ങിയിട്ടില്ല. വിമർശനം ഉന്നയിച്ച നേതാക്കളുടെ വായടപ്പിക്കാനുള്ള ശ്രമങ്ങളാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. സോണിയ ഗാന്ധിയുടെ ഏറാന്മൂളികളായ നേതാക്കൾ വിമർശനം ഉന്നയിച്ചവർക്കെതിരെ വാളെടുത്തിരിക്കയാണ് ഇപ്പോൾ. വിമർശകരായ നേതാക്കളെ വെട്ടിയൊതുക്കുകയാണ് ഇവർ ചെയ്യുന്നത്. വിമർശനങ്ങളെ ഒതുക്കിയ ശേഷം രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കാൻ എത്തുമെന്ന് കരുതുന്നവരും ഏറെയാണ്. എന്നാൽ, രാഹുലിനെതിരെ മത്സരമുണ്ടാകും എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

കത്തയച്ച നേതാക്കൾ രാഹുൽ ഗാന്ധിയിലാണ് അവിശ്വാസം രേഖപ്പെടുത്തുന്നത്. കോൺഗ്രസിനെ വിജയത്തിലെത്തിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ലെന്ന് കോൺഗ്രസിലെ മുതിർന്ന നേതാവ്. ദേശീയ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി രണ്ട് തവണ പരാജയപ്പെട്ടിരിക്കുന്ന കോൺഗ്രസിനെ പുനരുജ്ജീവിക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാകില്ല രാഹുലെന്നും കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ച 23 നേതാക്കളിൽ ഒരാൾ പറഞ്ഞു.

പാർട്ടിയെ നയിക്കാനും 2024 ൽ 400 സീറ്റുകൾ നേടാൻ സഹായിക്കാനും രാഹുൽ ഗാന്ധിക്ക് കഴിയുമെന്നു പറയാൻ പറ്റുന്ന അവസ്ഥയിലല്ല കോൺഗ്രസെന്നും 2014 ലും 2019 ലും നടന്ന രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് ആവശ്യമായ സീറ്റുകൾ നേടാൻ കഴിഞ്ഞിട്ടില്ലെന്ന് പാർട്ടി മനസ്സിലാക്കണമെന്നും പേര് വെളിപ്പെടുത്താതെ ഒരു നേതാവ് എൻ.ഡി.ടിവിയോട് പറഞ്ഞു. പാർട്ടിയിൽ ഒരു തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കിൽ അടുത്ത അമ്പത് വർഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാകും കോൺഗ്രസിന്റെ വിധിയെന്ന് മുതിർന്ന നേതാവ് കപിൽ സിബലും പറഞ്ഞിരുന്നു.

അതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാവ് ആവശ്യപ്പെട്ടു രംഗത്തുവരികയും ചെയ്തു. നേതൃമാറ്റത്തെ ചൊല്ലിയുള്ള കത്ത് വിവാദം കൊഴുക്കുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശവുമായി യു.പി ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ നസീബ് പഥാൻ രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് നേതൃമാറ്റത്തിനായി പാർട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് കത്തയച്ചവരിൽ ഒരാളാണ് ഗുലാം നബി ആസാദെന്നും അദ്ദേഹം പാർട്ടിയിൽ ഇനിയും തുടരേണ്ട ആവശ്യമില്ലെന്നുമാണ് നസീബ് പറഞ്ഞത്. കത്ത് തന്നെ വളരെയധികം വേദനിപ്പിക്കുന്നുവെന്നാണ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞത്. പിന്നീട് വിഷയം പാർട്ടിയിൽ ചർച്ച ചെയ്ത് അവസാനിപ്പിച്ചെന്നും നസീബ് പറഞ്ഞു. ഇതിന് ശേഷമാണ് പുതിയ നിർദ്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.

'പാർട്ടിയിൽ അച്ചടക്കലംഘനം നടത്തിയാളാണ് ഗുലാംനബി ആസാദ്. അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം'- നസീബ് പറഞ്ഞു. കഴിഞ്ഞ ദിവസം ഈ വിഷയം ഉയർത്തിക്കാട്ടി നസീബ് സോഷ്യൽ മീഡിയൽ ഒരു വീഡിയോയും പുറത്തുവിട്ടിരുന്നു. നിയമസഭതെരഞ്ഞെടുപ്പിൽ ആദ്യമായി നിങ്ങൾ(ഗുലാം നബി ആസാദ്) മത്സരിച്ചപ്പോൾ 320 വോട്ടുകൾ ലഭിച്ചു. അതിന് ശേഷം എല്ലായിടത്തും നിങ്ങളെ നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. പാർട്ടിയെക്കുറിച്ച് ഇത്തരത്തിൽ മോശമായി സംസാരിക്കുന്നത് നല്ലതല്ല- നസീബ് പറഞ്ഞു.

ഈ പ്രസ്താവന സംബന്ധിച്ച് നസീബിന്റെ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോൾ പറഞ്ഞത് താൻ പറഞ്ഞതിനെപ്പറ്റി ബോധവാനാണ്, എന്നാൽ ഇപ്പോൾ സുഖമില്ലെന്നും പ്രതികരിക്കാൻ കഴിയില്ലെന്നുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇതാദ്യമായല്ല പഥാൻ ഗുലാം നബി ആസാദിനെതിരെ വിമർശനമുന്നയിക്കുന്നത്. 2017 തെരഞ്ഞെടുപ്പിന് ശേഷം യു.പിയിൽ കോൺഗ്രസിന് വോട്ടുകൾ കുറഞ്ഞതിന്റെ ഉത്തരവാദിത്തം ഗുലാം നബി ആസാദ് ആണെന്ന് പഥാൻ പറഞ്ഞിരുന്നു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ നേതാക്കളിൽ പ്രധാനികളായ ഗുലാം നബി ആസാദിനും ആനന്ദ് ശർമയ്ക്കും പാർട്ടിയിൽ തരംതാഴ്‌ത്തലെന്ന് ആരോപണമുയർന്നിരിക്കുകയാണ്. പാർലമെന്റ് മൺസൂൺ സെഷൻ ആരംഭിക്കാനിരിക്കേ ഇരുവരെയും ഒതുക്കിയാണ് കോൺഗ്രസ് ഇടക്കാല അധ്യക്ഷ പുതിയ പാർട്ടിക്കമ്മിറ്റികൾ രൂപീകരിച്ചത്.

രാജ്യസഭയിൽ കോൺഗ്രസിലെ നേതാവും ഉപനേതാവുമാണ് ഗുലാംനബി ആസാദും ആനന്ദ് ശർമയും. എന്നാൽ ഇവരെ ഒതുക്കിക്കൊണ്ടാണ് പുതിയ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. പുതിയ കമ്മിറ്റിയിൽ ജയറാം രമേശാണ് കോൺഗ്രസിന്റെ പുതിയ ചീഫ് വിപ്പ്. അതേസമയം എ.ഐ.സി.സി ട്രഷററും സോണിയാ ഗാന്ധിയുടെ വിശ്വസ്തനുമായ അഹ്മദ് പട്ടേലിനെയും കെ. സിവേണുഗോപാലിനെയും ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയായിരിക്കും രാജ്യസഭയുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങളിൽ ഫലത്തിൽ തീരുമാനമെടുക്കുക. അതേസമയം മുതിർന്ന നേതാക്കളായ ഗുലാംനബി ആസാദിനും ആനന്ദ് ശർമയ്ക്കും പ്രത്യേക അധികാരം നഷ്ടമാവും. നേരത്തെ നടന്ന പ്രവർത്തക സമിതി യോഗത്തിലും ആനന്ദ് ശർമയെ വിമർശിച്ച് അഹ്മദ് പട്ടേൽ രംഗത്തെത്തിയിരുന്നു. കത്തെഴുതുന്നതിന് മുമ്പ് സോണിയാഗാന്ധിയോട് വ്യക്തിപരമായാണ് കാര്യം പറയേണ്ടതെന്നും പട്ടേൽ വിമർശിച്ചിരുന്നു.

ലോക്സഭാ ഉപ നേതാവായി ഗൗരവ് ഗൊഗോയിയെയാണ് നിയമിച്ചിരിക്കുന്നത്. ലുധിയാന എംപി രവ്‌നീത് സിംഗാണ് വിപ്പ്. ലോക് സഭയിലെ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ അധിർ രഞ്ജൻ ചൗധരിയും ചീഫ് വിപ്പ് കെ സുരേഷും നിയമനം സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 മുതൽ ആരംഭിക്കാനിരിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സെഷനു മുൻപാണ് നിയമനങ്ങൾ. ലോക് സഭയിൽ നേതാക്കളുടെ ടീമിനെ ശക്തിപ്പെടുത്താനുള്ള കോൺഗ്രസിന്റെ നീക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. ലോക്സഭയിലെ കോൺഗ്രസ് വിപ്പിന്റെ ഉത്തരവാദിത്തം പഞ്ചാബിൽ നിന്ന് മൂന്ന് തവണ എംപിയായ ബിട്ടുവിനെ ചുമതലപ്പെടുത്തി. മുൻ ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനാണ് സൗരവ് ഗൊഗോയ്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതിന് മുൻപ് കഴിഞ്ഞ ലോക് സഭയിൽ ഉപനേതാവ് അമരീന്ദർ സിങ്ങായിരുന്നു.

കോൺഗ്രസ് നേതൃത്വത്തിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയക്കുകയും തുടർന്ന് ഈ കത്തിന്റെ പേരിൽ പാർട്ടിക്കകത്ത് തർക്കങ്ങൾ ഉർന്നുവരികയും ചെയ്തിരുന്നു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് ഇടക്കാല പ്രസിഡന്റായി സോണിയാ ഗാന്ധി എത്തുകയായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഗാന്ധി കുടുംബത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതിൽ പാർട്ടിക്കകത്തു തന്നെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴാണ് കോൺഗ്രസിൽ സമ്പൂർണ മാറ്റം ആവശ്യപ്പെട്ട് സോണിയക്ക് കത്തയക്കുന്നത്.