തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മരുമകൾ ഭർതൃവീട്ടിലെ പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരട്ടത്താപ്പ് കളിച്ച് പൊലീസ്. ഹർഷിത അട്ടല്ലൂരിയും മന്ത്രി വീണാജോർജ്ജും മറ്റും കൊല്ലത്ത് ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി നിയമ സഹായം ചെയ്യുമ്പോൾ പ്രിയങ്കയുടെ വീട്ടിലേക്ക് ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ഇതിന് കാരണം ഉണ്ണി പി രാജന്റെ കുടുംബത്തിന്റെ പാർട്ടീ ബന്ധമാണെന്നാണ് പ്രിയങ്കയുടെ ബന്ധുക്കളുടെ ആരോപണം. അതിനാലാണ് ഇയാളുടെ മാതാവ് ശാന്തമ്മയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്യാത്തത്.

ശാന്തമ്മയുടെ മകളുടെ ഭർത്താവ് അറിയപ്പെടുന്ന ബാർ മുതലാളിയും കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അധ്യക്ഷനുമായ എലഗന്റ് ബിനോയ് ആണ്. ഇയാളാണ് ഇടതു മുന്നണി മീറ്റിങ്ങുകളിൽ കേരളാ കോൺഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നത്. അതിനാൽ ഭരണപക്ഷത്ത് ഉന്നത സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ചാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. ആത്മഹത്യയ്ക്ക് മാത്രമേ എഫ് ഐ ആർ ഇടുകയുള്ളൂവെന്ന നിലപാടിലാണ് വട്ടപ്പാറ പൊലീസ്. മർദ്ദന കേസ് അങ്കമാലിയിലേക്ക് നൽകിയെന്നാണ് വിശദീകരണം. എന്നാൽ ആത്മഹത്യാ കേസിനൊപ്പം ഇതും അന്വേഷിക്കാം എന്ന നിലപാടിലാണ് അങ്കമാലി പൊലീസ്. രേഖാ മൂലം എഴുതി നൽകിയാലേ അന്വേഷിക്കൂവെന്നും പറയുന്നു. ഇതിനെല്ലാം പിന്നിൽ ഇടതു രാഷ്ട്രീയത്തിൽ എലഗന്റ് ബിനോയിക്കുള്ള സ്വാധീനമാണെന്ന് തന്നെയാണ് കുടുംബം ആരോപിക്കുന്നത്.

പൊലീസ് കേസിൽ ഒത്തുകളിച്ചതിന്റെ പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നത് പഴയ പ്രണയകഥ കേസ് ഡയറിയിൽ എഴുതിച്ചേർത്തതാണ്. മരണപ്പെട്ട പ്രിയങ്ക 5 വർഷങ്ങൾക്ക് മുമ്പ് തലസ്ഥാനത്തെ അനവധി ക്രിമിനൽ കേസ് പ്രതിയായ ഗുണ്ട കാട്ടാക്കട വിഷ്ണുവുമായി ഒളിച്ചോടിപ്പോയി 4 മാസം ലീവ് ഇൻ ടുഗതർ റിലേഷൻഷിപ്പിൽ പാർത്തതായിട്ടാണ് എഴുതിച്ചേർത്തിരിക്കുന്നത്. ഇക്കാര്യം മറച്ചു വച്ചാണ് എറണാകുളം ലുലു മാളിലും സ്‌കൂളിലും ജോലി ചെയ്ത പ്രിയങ്കയുമായുള്ള വിവാഹം നടത്തിയതെന്നും ഉണ്ണി തന്റെ ജാമ്യഹർജിയിൽ കോടതിയിൽ ബോധിപ്പിച്ചു. ഇക്കാര്യം കേസ് ഡയറിയിൽ മുൻകൂർ എഴുതിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്.

കാക്കനാട്ടെ ഫ്‌ളാറ്റിൽ വച്ച് മുൻ കാമുകനായ കുപ്രസിദ്ധ ഗുണ്ട വിഷ്ണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് ഫേസ് ബുക്ക് അക്കൗണ്ടിൽ നിന്ന് ഉണ്ണി ഏപ്രിൽ മാസത്തിൽ കണ്ടെത്തിയതായും പ്രതി കോടതിയെ ബോധിപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക അക്രമാസക്തയാവുകയും വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്ന് അങ്കമാലി കറുകുറ്റി വീട്ടിലേക്ക് താമസം മാറ്റി. മുൻ കാമുകനുമായുള്ള എഫ് ബി അക്കൗണ്ട്ട്ട് ചാറ്റിങ് ചൊല്ലി കൂട്ട വഴക്കാകുകയായിരുന്നു. ഇതിനിടെയാണ് ശാന്തമ്മക്കും പ്രിയങ്കക്കും തനിക്കും പരിക്ക് പറ്റിയതെന്ന് ഉണ്ണി ബോധിപ്പിച്ചു. പരിക്കു പറ്റിയതിൽ മൂവർക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും പറയുന്നു. ഇതേ തുടർന്ന് ഇയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിനൊപ്പം സ്ത്രീപീഡനത്തിന് കർശന നടപടിയെന്ന് സർക്കാർ ഉറപ്പ് നൽകുമ്പോഴും കേസിലെ രണ്ടാംപ്രതി ശാന്തമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ശാന്തമ്മയ്ക്ക് കോവിഡിന്റെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് പൊലീസ് അറസ്റ്റ് വൈകിക്കുന്നത്. ഇതും ബിനോയിയുടെ ഇടപെടലാണെന്നും കുടുംബം ആരോപിക്കുന്നു. ഭാര്യയുടെ അമ്മയെ അറസ്റ്റ് ചെയ്യാതിരിക്കാൻ ബിനോയ് വലിയ ഇടപെടലുകൾ നടത്തിയെന്നാണ് പുറത്തു വരുന്നസൂചന.

മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്പായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനിൽ ജയ മകൾ ജെ. പ്രിയങ്ക വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികൾ പൂർത്തിയാക്കിയ ശേഷം 10.58 ന് റൂമിൽ കയറി കതകടക്കുകയായിരുന്നു. മരണത്തിന് തലേദിവസം ഭർത്താവും ഭർതൃ മാതാവും ചേർന്ന് തന്നെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് തിരുവനന്തപുരം റൂറൽ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരൻ വിഷ്ണുവും പൊലീസിൽ പരാതി നൽകി. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനമേറ്റ അടയാളങ്ങൾ അടക്കമുള്ള തെളിവുകൾ ഉൾപ്പടെയാണ് പരാതി നൽകിയത്.

ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റർ ചെയ്ത് കേസിന്റെ എഫ്.ഐ.ആർ. തിരുവനന്തപുരം സബ്ബ് ഡിവിഷണൽ മജിസ്‌ട്രേട്ട് ആയ ആർ.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള അഡീഷണൽ റിപ്പോർട്ട് ,ആർ.ഡി.ഒ കോടതിയിൽ നിന്ന് തിര്യെ വാങ്ങിയ കേസ് റെക്കോർഡുകൾ എന്നിവ നെടുമങ്ങാട് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസിൽ അഡീഷണൽ റിപ്പോർട്ട് സമർപ്പിച്ചത്.

മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. തുടർന്ന് ഇവർ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്‌ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അതേ സമയം അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മർദ്ദിച്ചതിനാലാണ് താൻ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയിരിക്കുന്നത്. അങ്കമാലി സ്‌കൂളിൽ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക.

അമ്മ വീട്ടുജോലികൾ ചെയ്താണ് മകളെ പഠിപ്പിച്ചത്. സ്‌പോർട്ട്‌സിൽ സജീവമായിരുന്ന പ്രിയങ്കക്ക് അദ്ധ്യാപികയായി ജോലി കിട്ടിയാണ് അങ്കമാലി സ്‌കൂളിലെത്തിയത്. ഇവിടെ വച്ചാണ് ഉണ്ണിയെ പരിചയപ്പെട്ടത്. സൗഹൃദം പതിയെ പ്രണയത്തിലേക്ക് വഴിമാറുകയും തുടർന്ന് മിന്നുകെട്ടിലും കലാശിച്ചു.