കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിൽ അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത നിറയുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു യുവാവിനെ സ്വീകരിക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് യുവാക്കളുടെ വാദം. എന്നാൽ പാലക്കാട്ടു നിന്നും എത്തിയവർ രാമനാട്ടുകരയിലേക്ക് എത്തിയത് എന്തിനാണെന്ന ചോദ്യമാണ് പൊലീസ് ഉന്നയിക്കുന്നത്. മരിച്ച യുവാക്കളിൽ ചിലർക്ക് ക്രിമിനൽ ബന്ധമുണ്ടെന്ന വിവരവും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഗൾഫിൽനിന്ന് വന്നയാളെ സ്വീകരിക്കാൻ എത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്ന അവകാശവാദം അംഗീകരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മറ്റെന്തോ ആവശ്യത്തിനു വേണ്ടിയാണ് മൂന്നുവാഹനങ്ങളിലായി പതിനഞ്ചുപേർ ഇവിടെ എത്തിയതെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച പുലർച്ചെ 4.45 ഓടെയാണ് രാമനാട്ടുകരയിൽ അപകടം നടന്നത്. ബൊലേറോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാടുനിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്. സുഹൃത്തിനെ സ്വീകരിക്കുന്നതിന് വേണ്ടിയാണ് ഇവർ പാലക്കാട് നിന്നെത്തിയതെന്നാണ് പറയുന്നത്. പാലക്കാട് ചെർപ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ ഇവരാണ് മരിച്ചത്. അപകട സമയത്ത് നേരിയ മഴയുണ്ടായിരുന്നു.

വിമാനത്താവളത്തിൽ എത്തിയവർ എന്തിനാണ് രാമനാട്ടുകര ഭാഗത്തേക്ക് വന്നതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ലോക്ഡൗൺ സമയത്ത്, അതിരാവിലെ ഒരാളെ സ്വീകരിക്കാൻ മാത്രം പതിനഞ്ചുപേർ പാലക്കാടുനിന്ന് കരിപ്പുർ വിമാനത്താവളത്തിൽ എത്തി എന്നത് സംശയാസ്പദമാണെന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ് പ്രതികരിച്ചു. മൂന്നു വണ്ടികളിലായാണ് ഇവർ എത്തിയത്. ഇവയുടെ ദൃശ്യങ്ങൾ പൊലീസിന്റെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഒരു ഇന്നോവ, സിഫ്റ്റ് കാർ, ബൊലേറോ ജീപ്പ് എന്നിവയിലാണ് യുവാക്കൾ സഞ്ചരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് മൂന്നുവാഹനങ്ങളിൽ ഒന്നായ ഇന്നോവയിലെ യാത്രികരെ പൊലീസ് ചോദ്യം ചെയ്തു. ഇന്നോവയിലെ രണ്ട് യാത്രക്കാരെ ആദ്യം തന്നെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു യാത്രികരെയും പൊലീസ് ചോദ്യം ചെയ്തത്. അപകടത്തിൽപ്പെട്ടവർക്കും മറ്റ് വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. ചിലർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.

മരിച്ച ത്വാഹിറിനും നാസറിനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ് പറയുന്നു. വാഹനം തട്ടിക്കൊണ്ടുപോകൽ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ രണ്ട് കേസുകളുണ്ട്. ഫൈസൽ എന്നയാളാണ് സംഘത്തിന് നേതൃത്വം നൽകുന്നതെന്ന് പറയുന്നു.

വിദേശത്തുനിന്ന് എത്തിയ സുഹൃത്തിനെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയതാണ് എന്നാണ് ഇവർ പറയുന്നത്. എന്നാൽ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ആരാഞ്ഞപ്പോൾ, അത്തരം കാര്യങ്ങൾ ഒന്നും ഇപ്പോൾ പങ്കുവെക്കാൻ സാധിക്കില്ലെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ് പറഞ്ഞത്.

കരിപ്പുർ വിമാനത്തിൽ എത്തിയതിനു ശേഷമാണ് ഇവർ കോഴിക്കോട് ഭാഗത്തേക്ക് പോയിരിക്കുന്നത്. അത് എന്തിനായിരുന്നു ആ യാത്ര-എന്നതാണ് പൊലീസ് അന്വേഷിക്കുന്നത് ചെർപ്പുളശ്ശേരി സ്വദേശികൾ ആയതിനാൽ അവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ആവശ്യവുമില്ല. മൂന്നുവാഹനങ്ങളും ഈ ഭാഗത്തേക്ക് വന്നിട്ടുള്ളതായും പൊലീസിന് ബോധ്യം വന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുന്നത്.

ഇന്നോവ ത്വാഹിറിന്റെ ബന്ധുവിൻേറതാണ്. രാത്രി എന്തിനാണ് വണ്ടികൊണ്ടുപോകുന്നതെന്ന് പോലും ത്വാഹിർ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വാഹന കച്ചവടം, റെന്റ് എ കാർ, ബ്രോക്കർ ജോലികൾ ചെയ്യുന്നവരും ഇവരുടെ സഹായികളുമാണ് സംഘത്തിലുള്ളവരെന്ന് നാട്ടുകാർ പറയുന്നു. ഗൾഫിൽനിന്നും മടങ്ങിവന്നവരും പ്രായംകുറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്.