ന്യൂഡൽഹി: എൻസിപി, എൻഡിഎയുടെ ഭാഗമാകണമെന്നും മഹാവികാസ് അഘാഡിക്കുള്ള പിന്തുണ പിൻവലിച്ച് മഹാരാഷ്ട്രയിൽ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശരദ് പവാർ തയാറാകണമെന്നും കേന്ദ്രമന്ത്രി രാംദാസ് അഠാവ്ലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ശിവസേനയ്ക്കുള്ള പിന്തുണ പിൻവലിക്കണം. കോൺഗ്രസ് നിരന്തരമായി എൻസിപിക്കെതിരെ പ്രസ്താവന ഇറക്കുകയാണ്. കോൺഗ്രസ് നേതാവ് നാനാ പട്ടോളെ ശരദ് പവാറിനെതിരെ വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തു. ആ സാഹചര്യത്തിൽ പവാർ ഇപ്പോഴത്തെ സഖ്യം ഉപേക്ഷിച്ച് എൻഡിഎയുടെ ഭാഗമാകണം.'- രാംദാസ് അഠാവ്ലെ പറഞ്ഞു.

'ബിജെപിയും എൻസിപിയും ചേർന്നു മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണമെന്നാണ് ഞാൻ കരുതുന്നത്. ശിവസേനയും കോൺഗ്രസും പ്രത്യയശാസ്ത്രപരമായി ഇരുതീരങ്ങളിലായിരുന്നു. അവർ ഒന്നിച്ചില്ലേ. പിന്നെ എന്തുകൊണ്ട് ബിജെപിക്കും എൻസിപിക്കും ഒന്നിച്ചുകൂടാ. ശരദ് പവാർ ഇപ്പോഴുള്ള തീരുമാനം മാറ്റണമെന്നാണ് എന്റെ അഭ്യർത്ഥന.

മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയെ പിന്തുണച്ചത് എൻസിപിയും പവാറും ഉള്ളതു കൊണ്ടാണ്. എന്നാൽ സർക്കാർ ഇപ്പോൾ മറ്റൊരു വഴിക്കാണു പോകുന്നത്. പവാർ എന്തിന്റെ പേരിലാണ് പ്രധാനമന്ത്രിയെ കണ്ടതെങ്കിലും അവർ തമ്മിലുള്ള സൗഹൃദം എക്കാലവും നിലനിൽക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ശനിയാഴ്ചയാണ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി 50 മിനിറ്റ് കൂടിക്കാഴ്ച നടത്തിയത്.

കൂടിക്കാഴ്ചയുടെ ചിത്രം പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തതോടെ പല അഭ്യൂഹങ്ങളും ഉയർന്നു. പവാർ രാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന് അഭ്യൂഹമുണ്ടെന്നും അതിന്റെ ഭാഗമായാണ് സന്ദർശനമെന്നും പ്രചാരണമുണ്ടായി. എന്നാൽ സഹകരണ ബാങ്കുകൾക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ അമിത നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണു പ്രധാനമന്ത്രിയെ കണ്ടതെന്നു പവാർ പിന്നീടു പ്രതികരിച്ചു.