തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ കാര്യത്തിൽ നിലപാടു കടുപ്പിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വ്യക്തമാക്കിയ ചെന്നിത്തല ഭാവി പരിപാടികൾ തീരുമാനിക്കാനായി സെപ്റ്റംബർ മൂന്നിന് യുഡിഎഫ് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ജോസ് കെ മാണി വിഭാഗത്തിന് താക്കീതു നൽകുന്ന വിധത്തലാണ് ചെന്നിത്തല രംഗത്തെത്തിയത്.

'തമ്മിൽ തല്ലുന്ന മുന്നണിക്ക് ആരും വോട്ട് ചെയ്യില്ല. ലീഗിന്റേയും കോൺഗ്രസിന്റേയും വോട്ട് വാങ്ങിയിട്ട് യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയത്തെ കേരള കോൺഗ്രസ് ജോസ് വിഭാഗം പിന്തുണയ്ക്കാതിരിക്കുന്നത് വഞ്ചനാപരമാണ്' ജോസ് വിഭാഗത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസ് വിഭാഗത്തിനെതിരെ പിന്തുണ തേടി രമേശ് ചെന്നിത്തല ലീഗ് നേതാക്കളെ കാണും. അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് പക്ഷത്തെ മുന്നണിയിൽ നിന്ന് പുറത്താക്കണമെന്നാണ് എല്ലാ ഘടകക്ഷികളുടെയും ആവശ്യം.

രാജ്യസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ അവിശ്വാസത്തിലും ഇടത് അനുകൂല നിലപാടെടുത്ത കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതോടെ കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റത്തിന് കളമൊരുങ്ങുന്നതായാണ് സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടു നിന്ന ജോസ് പക്ഷ നിലപാടിനെ പ്രശംസിച്ചാണ് ദേശാഭിമാനിയിൽ കോടിയേരിയുടെ ലേഖനം. അവിശ്വാസ പ്രമേയ ചർച്ചക്കിടെ ജോസ് പക്ഷ എംഎൽഎമാരുടെ നിയമസഭയിലെ അസാന്നിദ്ധ്യം എൽഡിഎഫിനോടുള്ള പരോക്ഷ പിന്തുണയായി വിലയിരുത്തപ്പെടുമ്പോൾ സിപിഎം ഒരു ചുവട് കൂടി അടുക്കുകയാണ്. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ പ്രകടമായ അന്തരം തെളിയുന്നു എന്നാണ് ഇത് സംബന്ധിച്ച് കോടിയേരിയുടെ പ്രതികരണം.

യുഡിഎഫ് വിട്ട് പുറത്ത് വരുന്ന കക്ഷിയുടെ സമീപനവും രാഷ്ട്രീയ നിലപാടും നോക്കി നിലപാട് സ്വീകരിക്കുമെന്നായിരുന്നു കോടിയേരി ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കിയത്. 'യു.ഡി.എഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി എൽ.ഡി.എഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യു.ഡി.എഫിനെയും ബിജെപിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും,' കോടിയേരി പറഞ്ഞു. സിപിഐ.എം രാഷ്ട്രീയ പരമായും സംഘടനാപരമായും കെട്ടുറപ്പുള്ള പാർട്ടിയാണെന്നും യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തിൽ പങ്കാളിയാകാനില്ലെന്നും കോടിയേരി ലേഖനത്തിൽ പറഞ്ഞു.

''എൽ.ഡി.എഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയ കൂട്ടുകെട്ടാണ്. യു.ഡി.എഫ് ആകട്ടെ അന്തഃഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തിൽ എൽ.ഡി.എഫോ സിപിഐ എമ്മോ കക്ഷിയാകില്ല,' കോടിയേരി പറഞ്ഞു. കോട്ടയം ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതായി കേരള കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തകരാൻ പോകുന്ന കപ്പലിൽ നിന്ന് നേരത്തെ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ജോസ് പക്ഷമെന്നും കോടിയേരി പറഞ്ഞു.

ജോസ് പക്ഷത്തെ യു.ഡി.എഫിലേക്ക് കൊണ്ട് വരാൻ കോൺഗ്രസ് മുസ് ലിം ലീഗ് നേതാക്കൾ പലവിധ അനുനയ നീക്കങ്ങളും നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിള്ളലേറ്റതെന്നും ഇത് ശ്രദ്ധേയമായ രാഷ്ട്രീയ വികാസമാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി. യു.ഡി.എഫിന്റെ ആഭ്യന്തര കലഹത്തിന്റെ അതിർവരമ്പും കടന്നിരിക്കുകയാണ്. ഇത് യു.ഡി.എഫിന്റെ ശക്തിയെയും നിലനിൽപിനെയും സാരമായി ബാധിക്കുമെന്നും കോടിയേരി വിമർശിച്ചു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കൊണ്ട് വന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷത്തിന്റെ എല്ലാ കരുത്തും ചോർത്തിയെന്നും അദ്ദേഹം ലേഖനത്തിൽ പരാമർശിച്ചു. സെക്രട്ടറിയേറ്റിലെ ഒരു സെക്ഷനിലുണ്ടായ ചെറിയ തീപിടിത്തത്തെ മഹാസംഭവമാക്കി വ്യാജകഥകളുമായി ഇറങ്ങിയെന്നും ഒരു വിഭാഗം മാധ്യമങ്ങൾ കൈമെയ് മറന്ന് ഇവരെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സർക്കാരിനെതിരായി നടത്തുന്ന പ്രചരണങ്ങൾ ജനങ്ങളിൽ ഏശാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.