കൊച്ചി: കേരള രാഷ്ട്രീയത്തിൽ വെറും ഒമ്പത് പേരുണ്ടായിരുന്ന കോൺഗ്രസുകാരെ സംസ്ഥാനം ഭരിക്കാൻ പ്രാത്പമാക്കിയത് കെ കരുണാകരൻ എന്ന കിങ് മേക്കറുടെ സാന്നിധ്യമായിരുന്നു. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന നേതാവായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസിന് പകരം വെക്കാനില്ലാത്ത ലീഡർ. ഗ്രൂപ്പു രാഷ്ട്രീയത്തിൽ പിന്നിൽ നിന്നും കുത്തേറ്റു വീണാണ് കരുണാകരൻ പിൽക്കാലത്ത് അപ്രസക്തനായത്. എങ്കിലും കേരളം കണ്ട വികസന പദ്ധതികളിലെല്ലാം ലീഡറുടെ പേര് എഴുതി ചേർത്തിട്ടുണ്ട്.

ഒരിക്കൽ കരുണാകരനെ പിന്നിൽ നിന്നും കുത്തി വീഴ്‌ത്താൻ കൂടെ നിന്നവരുടെ കൂട്ടത്തിൽ ഇന്നത്തെ പ്രമുഖ നേതാക്കളുമുണ്ട്. സംസ്ഥാനത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ കെ കരുണാകരനെ തകർക്കാൻ നടന്ന കലാപത്തിന് കൂട്ടുനിന്നതിൽ പശ്ചാത്താപമുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അങ്ങനെ ചെയ്യിച്ചതെന്നും, താൻ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

കെ കരുണാകരന്റെ പ്രിയ ശിഷ്യനായിരുന്ന, മാനസപുത്രനെന്ന വിശേഷണമുണ്ടായിരുന്നയാൾ തന്നെ, കരുണാകരനെതിരെ നടത്തിയ കലാപത്തിന് കൂട്ടുനിന്നതിൽ ഖേദിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, തീർച്ചയായും താൻ പശ്ചാത്തപിക്കുന്നുവെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. കരുണാകരനോളം നിലവാരമുള്ള മറ്റൊരു നേതാവും കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'ഞാൻ പശ്ചാത്തപിക്കുന്നു, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് എന്നെയും ജി കാർത്തികേയനെയും, എം ഐ ഷാനവാസിനെയും അതിന് പ്രേരിപ്പിച്ചത്. അത്രയേറെ ആത്മാർത്ഥതയുള്ള നേതാവായിരുന്നു അദ്ദേഹം, കേരളത്തിലോ ഇന്ത്യയിലോ ഇപ്പോൾ അദ്ദേഹത്തിന്റെ നിലവാരത്തിലുള്ള ഒരു നേതാവുമില്ല. കാർത്തികേയനും ഷാനവാസും ഇപ്പോൾ ഇല്ല. ലീഡറുടെ പാത പിന്തുടർന്ന് ഞാൻ എല്ലാ മലയാള മാസവും ഒന്നാം തിയതി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്താൻ ആരംഭിച്ചു. ചെയ്തതിനെല്ലാം ഞാൻ ആത്മാർത്ഥമായി പശ്ചാത്തപിക്കുന്നു', ചെന്നിത്തല പറഞ്ഞു.

1994ന്റെ അവസാന നാളുകളിലായിരുന്നു കരുണാകരനെ താഴെയിറക്കാൻ കോൺഗ്രസിൽ ആസൂത്രണം ആരംഭിച്ചത്. ഐഎസ്ആർഒ ചാരക്കേസിന്റെ പിന്നാലെയുണ്ടായ വിവാദങ്ങളുടെ ചുവടുപിടിച്ചായിരുന്നു നീക്കം. കരുണാകരന്റെ പ്രിയശിക്ഷ്യനെന്ന് അറിയപ്പെട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അടുത്ത നേതാക്കൾ പോലും കൂറു മാറി ഇതിന്റെ ഭാഗമായി. പാർട്ടിയിലെ ഉൾപ്പോര് രൂക്ഷമായപ്പോൾ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു.കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടി, ചെന്നിത്തല യുഗം അവസാനിച്ചോ എന്ന ചോദ്യത്തിന്, രാഷ്ട്രീയത്തിൽ ആരും സ്ഥിരമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ബിജെപി വോട്ടുകൾ എൽഡിഎഫിന് മറിച്ചു എന്നും ചെന്നിത്തല ആരോപിച്ചു. മഹാമാരിയുടെ സമയത്ത് സ്വീകരിച്ച ക്ഷേമ പദ്ധതികളും അവർക്ക് ഗുണം ചെയ്തിട്ടുണ്ട്. താൻ മാത്രമല്ല പാർട്ടിയുടെ പരാജയത്തിന് കാരണം, രാഷ്ട്രീയസാഹചര്യങ്ങളാണ്. എന്നാൽ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും മാറ്റാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തെ ബഹുമാനിച്ച്, നല്ല മനസോടെയാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.