കൊല്ലം: പ്രതിശ്രുതവരൻ വിവാഹത്തിൽനിന്നു പിന്മാറിയതിന്റെ പേരിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി റംസിയുടെ ഓർമകളിൽ തേങ്ങുകയാണ് ഇവരുടെ കുടുംബം. കേസിലെ അന്വേഷണം മുന്നോട്ടു പോകാമ്പോൾ ഹാരീസിന് പുറമേ കുടുംബവും അറസ്റ്റു ഭീഷണിയുടെ നിഴലിലാണ്. ഹാരീസിന്റെ കുടുംബത്തിനെതിരെ ഗരുതരമായ ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കളും സഹോദരിയും ഉന്നയിക്കുന്നത്. റംസിയിൽ നിന്നും എല്ലാം കവർന്ന ശേഷമാണ് ഹാരീസ് അവളെ തള്ളിപ്പറഞ്ഞ് മറ്റൊരു സമ്പന്ന യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. ഇതിൽ മനം നൊന്തായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.

പരമാവധി പണം ഹാരിസ് ഊറ്റിയെടുത്തെന്നും എല്ലാം കഴിഞ്ഞ് ഇനിയൊന്നും കൊടുക്കാനില്ലെന്നറിഞ്ഞപ്പോൾ വേണ്ടെന്നുവയ്ക്കുകയായിരുന്നെന്നും റംസിയുടെ സഹോദരി അൻസി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. ഇവർക്ക് പറയാനുള്ളത് ആ കുടുംബം നടത്തിയ ചതിയെ കുറിച്ചാണ്. പണം കൊടുക്കാൻ ഇല്ലാതിരുന്നിട്ടും റംസിയെ ഓർത്ത് ആ കുടുംബം പണം കടം വാങ്ങിയും നൽകുകയായിരുന്നു. എന്നിട്ടും ആർത്തിമൂത്ത ഹാരീസ് അവളെ ചതിച്ചു എന്നാണ് കൂടുംബം പരാതിപ്പെടുന്നത്.

റംസിക്ക് ഒരുപാട് ആലോചനകൾ വന്നതാണ്. പക്ഷേ ഹാരിസിനെ മാത്രം മതിയെന്ന് അവൾ പറഞ്ഞു. അവൾക്ക് വരുന്ന ആലോചനകളെല്ലാം ഹാരിസും മുടക്കിയിരുന്നു. ഒമ്പത് വർഷത്തോളമായിരുന്നു അവർ പ്രണയിച്ചത്. എന്നിട്ടും, അവസാനം അവളെ തള്ളിക്കളഞ്ഞു. ഞങ്ങൾ ലോൺ എടുത്തിട്ടാണ് അവന് പൈസ കൊടുത്തിരുന്നത്. അവൾക്ക് വേണ്ടി കരുതിയിരുന്ന സ്വർണം ആദ്യമേ കട തുടങ്ങാൻ എന്നും പറഞ്ഞ് വാങ്ങി. ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി. പണയംവച്ച സ്വർണം എടുത്തു തരാമെന്ന് പറഞ്ഞ് ഒരുപാട് പറ്റിച്ചു. ഞങ്ങളിൽനിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാൻ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങൾക്ക് ഒന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ അവൻ എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞു.- റംസിയുടെ സഹോദരി അൻസി പറഞ്ഞു.

'അവൾ മരിക്കാൻ പോകുവാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും ഹാരിസിന്റെ ഉമ്മയോട് വരെ പറഞ്ഞതാണ്. അപ്പോൾ പോലും ആ സ്ത്രീ കുലുങ്ങിയില്ലെന്നും വീട്ടുകാർ കുറ്റപ്പെടുത്തുന്നു. അവൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണും. അവരെ സ്ത്രീയെന്ന് വിളിക്കാനാകുമോ? അവരെല്ലാം കൂട്ട് നിന്നാണ് അവളുടെ വയറ്റിലെ കുഞ്ഞിനെ കളഞ്ഞത്. ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കിൽ എന്നെ വേണ്ടെന്ന് പറയുമായിരുന്നോ?' അൻസി ചോദിച്ചു.

അതേസമയം റംസിയുടെ ആത്മഹത്യ ചെയ്ത കേസിൽ പ്രമുഖ സീരിയൽ നടി അറസ്റ്റിന്റെ നിഴലിലാണ് ഹാരിസിന്റെ അമ്മയെയും സീരിയൽ നടിയെയും കേസിൽ പ്രതി ചേർക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം.റംസിയും ഹാരിഷും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ഇവരുടെ വിവാഹം നിശ്ചയിച്ചത്. ഇതിനിടെ റംസി ഗർഭിണിയായി. വ്യാജരേഖ ചമച്ച് തമിഴ്‌നാട്ടിൽ കൊണ്ടുപോയി ഹാരിഷ് ഗർഭഛിദ്രത്തിന് വിധേയമാക്കി.

ഇതിന് ശേഷം ഹാരിഷ് വിവാഹത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെയാണ് റംസി ആത്മഹത്യ ചെയ്തത്. സീരിയൽ നടിയെയും ഹാരിഷിന്റെ അമ്മയെയും നേരത്തേ പൊലീസ് ചോദ്യം ചെയ്തിരുന്നു. അറസ്റ്റുണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ഇരുവരും മുൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണ്. കൊട്ടിയം, കണ്ണനല്ലൂർ സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ മാസം 23നാണ് റംസിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ഹാരിഷിനെതിരെ റംസിയുടെ വീട്ടുകാർ നൽകിയ പരാതി പൊലീസ് കാര്യമായെടുത്തിരുന്നില്ല. സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായതോടെയാണ് ഹാരിഷിനെ അറസ്റ്റ് ചെയ്തത്.

റംസിയും സീരിയൽ നടിയും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. അവർക്കൊപ്പം സീരിയൽ സെറ്റുകളിലും റംസി പോകാറുണ്ടായിരുന്നു. ഈ അവസരത്തിലാണ് റംസിയെ ഹാരിഷ് പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. റംസിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയതിലും സീരിയൽ നടിക്ക് പങ്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആത്മഹത്യക്ക് തൊട്ട്മുൻപ് റംസി ഹാരിസിന്റെ അമ്മയെ വിളിച്ചിരുന്നു. ഈ ഫോൺ സംഭാഷണത്തിന്റെ റെക്കാർഡിംഗും ഹാരിസും കുടുംബവും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന യുവതിയുടെ ശബ്ദ സന്ദേശവുമാണ് പൊലീസിന്റെ കൈയിലുള്ള പ്രധാന തെളിവ്. ഇതിന് പുറമേയാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നത്. സീരിയൽ നടിയും യുവതിയും തമ്മിലുള്ള ഫോൺവിളികളും വാട്‌സ്ആപ്പ് സന്ദേശങ്ങളും വീണ്ടെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

അതിനിടെ ഒളിവിൽ കഴിയുന്ന സീരിയൽ താരം ലക്ഷ്മി പ്രമോദ് ബംഗളൂരുവിലേക്ക് കടന്നതായും വാർത്തകളുണ്ട്. കൊല്ലത്ത് നിന്നും പത്തനാപുരം വഴിയാണ് സംസ്ഥാനം വിട്ടതെന്നാണ് സൂചന. ഇതിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ഭരണത്തപക്ഷത്തിൽ ഉന്നത സ്വാധീനമുള്ള രാഷ്ട്രീയ നേതാവാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ബംഗളൂരുവിലെ ലക്ഷ്മി പ്രമോദിന്റെ സുഹൃത്തുക്കളുടെ താമസ സ്ഥലങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കി. ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചാലുടൻ കേരളത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് താരവും കുടുംബവും. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിനാൽ ഒളിവിൽ കഴിയുന്നിടത്തു നിന്നും തിരികെ കേരളത്തിലേക്ക് വരാനും സാധ്യതയുണ്ട്. അതിനാൽ അതിർത്തികളിലും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

റംസിയുടെ ആത്മഹത്യയിൽ ഹാരിഷിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സീരിയൽ നടിയേയും കുടുംബത്തേയും കേസിൽ പ്രതി ചേർത്തിരുന്നു. ഇതോടെയാണ് കുടുംബ സമേതം ഇവർ ഒളിവിൽ പോയത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്കാണ് ആദ്യം പോയതെങ്കിലും അവിടെ സുരക്ഷിതമല്ലെന്ന് അറിഞ്ഞതോടെ മറ്റൊരിടത്തേക്ക് മാറി. ഇതിന് പിന്നാലെ പൊലീസ് കരുനാഗപ്പള്ളിയിലെത്തിയരുന്നു. പൊലീസ് തൊട്ടു പിന്നാലെ തന്നെയുണ്ടെന്ന് മനസ്സിലാക്കിയതിനാലാണ് പത്തനാപുരം വഴി സംസ്ഥാനം വിടാൻ തീരുമാനിച്ചത്. ഇതിന് എല്ലാ സഹായവും ചെയ്തുകൊടുത്തതും രാഷ്ട്രീയ നേതാവാണ്. ഇതോടെ സീരിയൽ നടിയെ രക്ഷിക്കാൻ രാഷ്ട്രീയക്കാർ ഒന്നിച്ചു നിൽക്കുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.

നടിയും കുടുംബവും ഒളിവിൽ പോകാൻ കാരണം പൊലീസിന്റെ വഴിവിട്ട സഹായമാണെന്നും ആക്ഷേപം ഉയരുന്നുണ്ട്. പ്രഥമിക ചേദ്യം ചെയ്യലിന് ശേഷം പ്രതികളെ നിരീക്ഷിക്കാൻ ഷാഡോ പൊലീസിനെ നിയോഗിക്കാതിരുന്നതാണ് പൊലീസിന്റെ വീഴ്ചയെന്നാണ് ആരോപണം. അതിനാൽ നിലവിലെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് റംസിയുടെ കുടംുബത്തിന്റെ ആവിശ്യം. ഇത് സംബന്ധിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകുകയും ചെയ്തു. റംസിയുടെ ഘാതകരായ സീരിയൽ നടിയേയും കുടുംബത്തെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ റംസി' എന്ന വാട്ട്‌സാപ്പ് കൂട്ടായ്മയും രംഗത്ത് വന്നിട്ടുണ്ട്. കൂട്ടു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമപരപരിപാടികൾ ആരംഭിക്കുമെന്നാണ് കൂട്ടായ്മയുടെ നേതൃത്വം മറുനാടനോട് പ്രതികരിച്ചത്. കൂടാതെ സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലേയും കളക്‌റ്റ്രേറ്റിന് മുന്നിൽ നീതി ലഭിക്കണമെന്നാവിശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുമെന്നും അറിയിച്ചു.