വണ്ടൂർ: രാഷ്ട്രീയ സ്വാധീനം ഇല്ലാത്ത കേസുകളിൽ കേരളാ പൊലീസ് അതിഗംഭീര മികവു പുലർത്താറുണ്ട് എന്നതെ വെറുതെ പറയുന്ന കാര്യമല്ല. പെൺകുട്ടിയെ ബലാത്സംഗം ചെയ്തു അസമിലേക്ക് മുങ്ങിയ അസം സ്വദേശിയ അവരുടെ നാട്ടിലെത്തി പൊക്കിയാണ് കേരളാ പൊലീസ് മികവു തെളിയിച്ചത്. അതിസാഹസികമായാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

അസം സിലാപത്തർ സ്വദേശിയായ പ്രശാന്ത് കോൻവാറിനെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്. തീവ്രവാദിഭീഷണി നേരിടുന്ന പ്രദേശമായതിനാൽ ജില്ലാ പൊലീസ് മേധാവിയുടെ സഹായത്തോടെ കമാൻഡോകളെ ഉപയോഗിച്ച് വീടുവളഞ്ഞാണ് പ്രതിയെ പിടികൂടിയത്. 2018-ൽ നടന്ന കേസിലാണ് പൊലീസിന്റെ ഇടപെടൽ ഉണ്ടായത്.

വണ്ടൂർ കൂളിക്കാട്ടുപടിയിൽ പ്ലൈവുഡ് കമ്പനിയിൽ മാനേജരായിരുന്നു പ്രതി. അസം സ്വദേശിയായ പത്തൊമ്പതുകാരിയെ രണ്ടുതവണ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പെൺകുട്ടിക്ക് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ പ്രശാന്ത് മുങ്ങി. പെൺകുട്ടിയുടെ പരാതിയിൽ വണ്ടൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതും ബാങ്ക് ഇടപാടുകൾ ഒഴിവാക്കിയതും തിരിച്ചടിയായി. അന്വേഷണത്തിന് വണ്ടൂർ സിഐ. ഇ. ഗോപകുമാറിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘം രൂപവത്കരിച്ചിരുന്നു. ഇവർ അസമിലെത്തി 12 ദിവസത്തോളം ഇയാൾക്കായി അന്വേഷണം നടത്തി. ഒടുവിലാണ് വീടുവളഞ്ഞ് അറസ്റ്റുചെയ്തത്.

പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്‌ചെയ്തു. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.പി. ഉണ്ണിക്കൃഷ്ണൻ, അനൂപ് കോളപ്പാട്, സിവിൽ പൊലീസ് ഓഫീസർമാരായ എം. ഫൈസൽ, കെ.സി. രാകേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.