തിരുവനന്തപുരം: ജന്മദിന പാർട്ടിക്ക് വിളിച്ചു വരുത്തി 17 കാരിയായ സഹപാഠിയെ പീഡിപ്പിച്ച് ബ്ലാക്ക് മെയിൽ ചെയ്ത പോക്‌സോ കേസിൽ സഹോദരങ്ങളായ രണ്ടു പ്രതികൾക്ക് ജാമ്യം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികളായ ഇജാസ് (21) , ഇയാളുടെ സഹോദരനും ഇരയുടെ സഹപാഠിയുമായ അഫ്‌സർ (18) എന്നിവരാണ് ജാമ്യം നേടി പുറത്തിറങ്ങിയത് സർക്കാർ ഒത്തുകളിയോടെയാണെന്ന് ആരോപണം ശക്തമാണ്. പ്രതികളുടെ ജാമ്യത്തെ സർക്കാർ എതിർക്കാതെ മൗനം പാലിച്ചു. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പ്രതിഭാഗം ചേർന്ന് ഒത്തുകളിച്ച് 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് പ്രതികൾക്ക് നിയമാനുസരണ ജാമ്യം ലഭ്യമായി ജയിൽ മോചിതരായത്.

പത്തു വർഷം ശിക്ഷിക്കാവുന്ന കുറ്റം ചുമത്തപ്പെട്ട കേസിൽ ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത പക്ഷം പ്രതിക്ക് നിയമാനുസരണജാമ്യത്തിന് അർഹതയുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 167 (2) ന്റെ ചുവട് പിടിച്ചാണ് സർക്കാർ ഒത്തുകളിച്ചതും ജാമ്യം ലഭിച്ചതും. പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ മറുപടി. ജാമ്യത്തെ എതിർത്തതുമില്ല.

കാര്യങ്ങൾ വിശദീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായില്ല. ജൂലൈ 1 നാണ് പ്രതികൾ ജാമ്യ ഹർജികൾ ഫയൽ ചെയ്തത്. തുടർന്ന് ഒന്നര മാസക്കാലമായി പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി ജുലൈ 15 , ജൂലൈ 29 , ഓഗസ്റ്റ് 12 , ഓഗസ്റ്റ് 13 എന്നീ ദിവസങ്ങളിലായി 4 തവണ ജാമ്യ ഹർജികൾ പരിഗണിച്ചു. ഇക്കാലയളവിലെല്ലാം പൊലീസിന്റെ റിമാന്റ് എക്സ്റ്റൻഷൻ റിപ്പോർട്ടു പ്രകാരം പ്രതികളുടെ റിമാന്റ് കാലാവധിയും കോടതി ദീർഘിപ്പിച്ചു. എന്നിട്ടുപോലും കുറ്റപത്രം സമർപ്പിക്കാതെ പ്രതികൾക്ക് ജാമ്യം ലഭിക്കാനായി പൊലീസ് ഉറക്കം നടിച്ച് ഒത്തുകളിക്കുകയായിരുന്നു. ഒടുവിൽ ഓഗസ്റ്റ് 19 നാണ് പ്രതികൾക്ക് ഒത്തുകളിയിലൂടെ ജാമ്യം ലഭിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 6 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ജന്മദിനം ആഘോഷിക്കാനെന്ന പേരിലാണ് പ്ലസ് ടു വിദ്യാർത്ഥിയായ അഫ്‌സർ സഹപാഠിയായ 17 കാരിയെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി ബലാൽസംഗം ചെയ്തത്. സംഭവത്തെക്കുറിച്ചറിഞ്ഞ അഫ്‌സറിന്റെ ജ്യേഷ്ടൻ ഇജാസും പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക്‌മെയിൽ ചെയ്ത് പെൺകുട്ടിയെ ബലാൽസംഗം ചെയ്തു. പീഡന , ബ്ലാക്ക് മെയിലിങ് സംഭവങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നാടുവിട്ട പെൺകുട്ടിയെ ബംഗ്‌ളുരുവിൽ നിന്നാണ് കണ്ടെത്തിയത്. ഇതിനിടെ പെൺകുട്ടി കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു.

പെൺകുട്ടി അമ്മൂമ്മയുടെ വീട്ടിൽ താമസിച്ച് സ്വകാര്യ സ്‌ക്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. സഹപാഠിയായ അഫ്‌സർ തന്റെ ബർത്‌ഡേ പാർട്ടിക്കെന്ന പേരിൽ പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ആഘോഷത്തിനിടെ നിറം കലർത്തിയ വെള്ളം പെൺകുട്ടിയുടെ ദേഹത്താകെ കുറഞ്ഞ് എറിഞ്ഞു. തുടർന്ന് വസ്ത്രം മാറ്റാൻ പെൺകുട്ടിയെ നിർബന്ധിച്ചു. വസ്ത്രം മാറുന്നതിനിടെ അഫ്‌സർ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ സഹോദരൻ ഇജാസ് പിന്നീട് പെൺകുട്ടി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കടന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. തന്റെ സഹോദരനുമായുള്ള ബന്ധം പുറം ലോകമറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്താണ് കുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ നഗ്‌ന ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ഇയാൾ ഇമേജസ് പുറത്ത് വിട്ട് വൈറലാക്കാതിരിക്കാൻ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്ന് കുട്ടി കൈ ഞരമ്പ് മുറിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചു. ബ്ലാക്ക് മെയിലിങ് തുടർന്നതോടെ കുട്ടി എങ്ങനെയും 25,000 രൂപ കൊടുത്ത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. അതിലേക്കായി തുക കടം വാങ്ങി കൂട്ടുകാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു. തുക പിൻവലിച്ചെടുത്തോളാൻ നിർദ്ദേശിച്ച് കൂട്ടുകാരിയുടെ എ ടി എം കാർഡും കൈമാറി. എന്നാൽ ഇജാസ് ഇരുപത്തയ്യായിരം രൂപ കൂടാതെ അക്കൗണ്ടിലുണ്ടായിരുന്ന മൂവായിരം രൂപ കൂടി ചേർത്ത് പിൻവലിച്ചെടുത്തു.

കഥ ഇവിടം കൊണ്ടും അവസാനിച്ചില്ല. പൊന്മുട്ടയിടുന്ന താറാവ് എന്ന പോലെ കുട്ടിയെ ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി ഇജാസ് തനിക്ക് ഐ പാഡ് വാങ്ങാനായി 1.5 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. ഇജാസിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുട്ടി നാടുവിട്ട് ബംഗ്‌ളുരുവിലേക്ക് രക്ഷപ്പെട്ടു. വുമൺ മിസ്സിങ് പരാതി പ്രകാരം കാണാതായ പെൺകുട്ടിയെ ബംഗളുരുവിൽ നിന്ന് കണ്ടെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന , ബ്ലാക്ക് മെയിലിങ് സംഭവം ചുരുളഴിഞ്ഞത്.

ഇജാസിനെ ഇയാളുടെ വീട്ടിൽ നിന്നും അഫ്‌സറെ നഗരത്തിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സമ്പന്ന കുടുംബത്തിലെ അംഗങ്ങളായ പ്രതികളുടെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനമാണ് കേസ് അട്ടിമറിക്കാൻ കാരണമായതെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. അഫ്‌സറിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 292 (അശ്ലീല ചിത്രങ്ങൾ പകർത്തി ലാഭമുണ്ടാക്കാനായുള്ള ബിസിനസ്സിൽ പങ്കെടുക്കുക) , 363 ( സ്ത്രീയെ മറ്റൊരാളുമായി അവിഹിത സംഗത്തിന് നിർബന്ധിക്കുകയും പ്രലോഭിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യൽ) , 376 ( ബലാൽസംഗം) , 2000 ൽ നിലവിൽ വന്ന ബാല നീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ 3 (എ) , 4 ,7 , 8 , 15 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.

ഇജാസിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 450 (ജീവപര്യന്തത്തടവു നൽകി ശിക്ഷിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം) , 376 (ബലാൽസംഗം) , 383 (ഭയപ്പെടുത്തിയുള്ള അപഹരണം) , 506 (ശ) (കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തൽ) , 2000 ലെ ബാലനീതി (കുട്ടികളുടെ സുരക്ഷയും സംരക്ഷണവും) നിയമത്തിലെ വകുപ്പ് 3 (എ) , 4 എന്നിവ ചുമത്തിയാണ് കേസെടുത്തത്.