ഭോപ്പാൽ: ബലാൽസംഗം ചെയ്തതെന്ന സംശയിക്കപ്പെടുന്ന ആളോടൊപ്പം കേവലം 16 വയസ്സുമാത്രം പ്രായമുള്ള ഇരയേയും കൂട്ടിക്കെട്ടി നാട്ടിലൂടെ നടത്തിച്ച് മർദ്ദിച്ചതായി ആരോപണം. ഇരയുടെ കുടുംബക്കാർ തന്നെയാണത്രെ ഇത് ചെയ്തത്. പതിനാറുകാരിയെ, ബലാൽസംഗം ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന 21 കാരനൊപ്പം ചേർത്ത് കെട്ടി ആൾകൂട്ടങ്ങൾ അവർക്ക് ചുറ്റും കൂടി കൂക്കിവിളിക്കുന്നതിന്റെയും പെൺകുട്ടിയെ തല്ലുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. മധ്യപ്രദേശിലെ അലിരാജ്പൂരിൽ നടന്ന സംഭവമാണിതെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.

പെൺകുട്ടിയുടെ അരയിലാണ് വലിയ കയറിട്ട് കെട്ടിയിരിക്കുന്നത്. അവളുടെ ചുറ്റും നിൽക്കുന്ന ജനക്കൂട്ടം ഉഛത്തിൽ ഭാരത് മാതാ കീ ജയ് എന്ന് മുദ്രാവാക്യം വിളിക്കുന്നുമുണ്ട്. ഇരയെ നാണം കെടുത്തുന്നതിനായി, പ്രതിയോടൊപ്പം ചേർത്ത് കെട്ടി നാട്ടുവീഥികളിലൂടെ നടത്തിച്ചവരുടെ കൂട്ടത്തിൽ പെൺകുട്ടിയുടെ കുടുംബവുമുണ്ടെന്നാണ് ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നു. പ്രതി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.

വേട്ടക്കാരനു മുന്നിൽ കുമ്പിട്ടതല കൈയിൽ താങ്ങി ഇരിക്കുന്ന ഇരയേയാണ് ആദ്യം വീഡിയോയിൽ കാണുക. ചുറ്റും ആർത്തുവിളിക്കുന്ന ആൾക്കൂട്ടവുമുണ്ട്. ഈ വീഡിയോ പ്രചാരത്തിലാകാൻ തുടങ്ങിയതോടെ ബലാൽസംഗം ചെയ്തെന്ന് ആരോപിക്കപ്പെടുന്ന 21 കാരനൊപ്പം വേറെ അഞ്ചുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ആൾക്കൂട്ടത്തിൽ നിന്നും മോചിപ്പിക്കാനായതായും പൊലീസ് അറിയിച്ചു.

ഏതായാലും ഇന്ത്യയിലെ ലൈംഗികാതിക്രമങ്ങൾ ആഘോഷിക്കുവാനായി ഈ വാർത്ത പാശ്ചാത്യമധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നു. വിവിധ പ്രാദേശിക മാധ്യമങ്ങളെ ഉദ്ദരിച്ച് വലിയ തലക്കെട്ടുകളോടുള്ള വാർത്തകളാണ് പത്രങ്ങൾ നൽകുന്നത്. പഴയകാല ചരിത്രത്തിലേക്ക് ആഴത്തിലിറങ്ങി ഇന്ത്യയിലെ വിവിധ സ്ത്രീപീഡനകേസുകളുടെ ചരിത്രവും ഇവർ പ്രസിദ്ധീകരിക്കുകയാണ്. ബലാൽസംഗത്തിനു ഇരയായ പെൺകുട്ടിയോട് പ്രതിയെ വിവാഹം കഴിക്കാമോ എന്ന് ജഡ്ജി ചോദിച്ചു എന്നകാര്യവും പത്രങ്ങൾ ഇപ്പോൾ ആഘോഷമാക്കുകയാണ്.

അതേസമയം ബലാൽസംഗം ചെയ്തു എന്ന് ആരോപിക്കപ്പെട്ട ആൾക്കെതിരെ കേസ് എടുത്തിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. അതോടൊപ്പം പെൺകുട്ടിയെ ബന്ധനസ്ഥയാക്കി തെരുവിലൂടെ നയിച്ചതിൽ പെൺകുട്ടിയുടെ വീട്ടുകാർ ഉൾപ്പടെ ചിലർക്കെതിരെ മറ്റൊരു കേസും റെജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതൊന്നും കാണാതെ, സ്ത്രീ പീഡനത്തിന് ഇരയാകുന്നവർ വീണ്ടും പൊലീസുകാരുടെ കൈയിൽ നിന്നും പീഡനം ഏല്ക്കേണ്ടിവരുന്നു എന്നൊക്കെയാണ് ചില പാശ്ചാത്യ മാധ്യമങ്ങൾ വലിയ ആധികാരികതയോടെ എഴുതുന്നത്. മാത്രമല്ല, പ്രതികളെ വിവാഹം ചെയ്യുവാൻ ഇരകളെ പ്രേരിപ്പിച്ച് കേസ് ഒതുക്കുവാനും ശ്രമിക്കാറുണ്ടന്നും അവർ എഴുതുന്നു.