ന്യൂഡൽഹി: റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള ഡൽഹി സർക്കാരിന്റെ പദ്ധതിയിൽ എതിർപ്പ് പ്രകടിപ്പിച്ച കേന്ദ്രസർക്കാരിനെ പരിഹസിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പദ്ധതി അനാവശ്യമായി തടസപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്നും ഡൽഹിയിലെ 70 ലക്ഷം ജനങ്ങളെയോർത്ത് പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു. കോവിഡ് ഭീതിമൂലം ജനം പുറത്തിറങ്ങാൻ മടിക്കുന്ന സാഹചര്യത്തിൽ പദ്ധതി നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന എന്ത് ഉപാധിയും അംഗീകരിക്കാൻ തയ്യാറാണ്.

രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന ബിജെപിയുടെ ആരോപണം അദ്ദേഹം തള്ളി. 'പദ്ധതിയുടെ പേരിലുള്ള ഒരു പ്രശംസയും ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിജിയാണ് പദ്ധതി നടപ്പാക്കിയതെന്ന് ജനങ്ങളോട് പറയാൻ തയ്യാറാണ്. ഡൽഹിയിലെ ജനങ്ങളെ സഹായിക്കുക എന്നത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം' - സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ കെജ്രിവാൾ പറഞ്ഞു.

പദ്ധതിയുടെ പേരിൽ വൻ അഴിമതി നടത്താനാണ് ശ്രമമെന്ന ബിജെപി. നേതാക്കളുടെ ആരോപണവും അദ്ദേഹം തള്ളി. ഭക്ഷ്യവസ്തുക്കളും സ്മാർട്ട് ഫോണും, വസ്ത്രങ്ങളും വീട്ടിലെത്തിക്കാമെങ്കിൽ പിന്നെ റേഷൻ സാധനങ്ങൾ എന്തുകൊണ്ട് എത്തിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു.

കേന്ദ്ര സർക്കാർ എല്ലാവരുമായും കലഹത്തിലാണെന്നും കെജ്രിവാൾ ആരോപിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും മഹാരാഷ്ട്ര, ഡൽഹി, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുമായും ലക്ഷദ്വീപ് നിവാസികളുമായും കർഷകരുമായും കേന്ദ്ര സർക്കാർ പോരാട്ടം നടത്തുകയാണ്. ഇതുമൂലം ബുദ്ധിമുട്ടുന്നത് ജനങ്ങളാണ്. ഇത്തരത്തിലുള്ള പോരാട്ടം തുടരുകയാണെങ്കിൽ കോവിഡ് 19-നെയും ജനങ്ങൾ നേരിടുന്ന മറ്റു പ്രശ്നങ്ങളെയും എങ്ങനെ നേരിടാൻ കഴിയും. റേഷൻ വീട്ടിലെത്തിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാർ അഞ്ച് തവണയാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. കേന്ദ്രവുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനായിരുന്നു ഇതെല്ലാം.

റേഷൻ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് 'മുഖ്യമന്ത്രി ഘർ ഘർ റേഷൻ യോജന' എന്ന് പേര് നൽകുന്നതിനെ കേന്ദ്രം എതിർത്തിരുന്നു. അതിനാൽ പദ്ധതിക്ക് ഒരു പേരും നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഡൽഹി സർക്കാർ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല എന്ന വിമർശം ഉയർന്നു. എന്നാൽ അഞ്ച് തവണയാണ് കേന്ദ്രത്തിന്റെ അനുമതി തേടിയത്. പദ്ധതി നടപ്പാക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. പദ്ധതി നടപ്പാക്കുന്നതിലൂടെ ഡൽഹിയിലെ റേഷൻ മാഫിയയെ ഇല്ലാതാക്കാൻ കഴിയും. പദ്ധതി നടപ്പാക്കാൻ അനുവദിക്കാത്ത കേന്ദ്ര സർക്കാർ കോവിഡ് വാക്സിൻ ലഭ്യമാക്കുക എന്നതടക്കമുള്ള ഉത്തരവാദിത്വങ്ങളിൽനിന്ന് പിന്മാറുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.

റേഷൻ സാധനങ്ങൾ വീട്ടിലെത്തിക്കാനുള്ള പദ്ധതിക്ക് ലഫ്റ്റനന്റ് ഗവർണർ അനുമതി നിഷേധിച്ചുവെന്ന് ഡൽഹി സർക്കാർ ശനിയാഴ്ച ആരോപിച്ചിരുന്നു. കേന്ദ്രത്തിന്റെ അനുമതി വാങ്ങിയില്ല, ഇതുസംബന്ധിച്ച പൊതുതാത്പര്യ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്നും ഡൽഹി സർക്കാർ പറഞ്ഞിരുന്നു.