കൊച്ചി: ഇടപ്പള്ളി പൊണേക്കരയിൽ 17 വർഷം മുൻപുണ്ടായ ഇരട്ടക്കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തി പൊലീസ്. കൊടും ക്രൂരകൃത്യം നടത്തിയ് റിപ്പർ ജയാനന്ദനാണെന്ന് പൊലീസ് കണ്ടെത്തി. എഡിജിപി എസ്.ശ്രീജിത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിർണായക വിവരം പുറത്തുവിട്ടത്. 2004ൽ വൃദ്ധരായ സഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 40 പവൻ കവർന്ന സംഭവമാണ് പൊണേക്കര കൊലകേസ്. 74കാരിയും സഹോദരനുമാണ് അന്ന് കൊലചെയ്യപ്പെട്ടത്.പ്രതി റിപ്പർ ജയാനന്ദൻ നിലവിൽ കസ്റ്റഡിയിലുണ്ട്.

സംഭവ ദിവസം ഇയാളെ പ്രദേശത്ത് കണ്ടതായി കേസിലെ സാക്ഷികൾ തിരിച്ചറിഞ്ഞു. അവർ നൽകിയ വിവരണവും കേസന്വേഷണത്തെ സഹായിച്ചതായി പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിൽ ജയാനന്ദൻ കുറ്റം സമ്മതിച്ചതായും ഡിസംബർ 24ന് ഇയാളുടെ അറസ്റ്ര് രേഖപ്പെടുത്തിയതായും എഡിജിപി എസ്.ശ്രീജിത്ത് അറിയിച്ചു.

2004 മെയ്‌ 30നാണ് പോണേക്കര റോഡിൽ ചേന്നംകുളങ്ങര ക്ഷേത്രത്തിനു സമീപം കോശേരി ലെയിനിൽ 'സമ്പൂർണ'യിൽ റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫിസർ വി.നാണിക്കുട്ടി അമ്മാൾ (73), സഹോദരിയുടെ മകൻ ടി.വി.നാരായണ അയ്യർ (രാജൻ-60) എന്നിവർ കൊല്ലപ്പെട്ടത്. പുത്തൻവേലിക്കരയിൽ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തതു അനുഭവിച്ചു വരുന്നതിനിടെയാണ് അറസ്റ്റ്.

സഹതടവുകാരുമായി വിവരങ്ങൾ പങ്കുവച്ചതാണ് കേസിനു തുമ്പായത്. ഏഴോളം കൊലക്കേസിലും പതിനാലോളം മോഷണ കേസിലും പ്രതിയായ റിപ്പർ ജയാനന്ദൻ തടവിലിരിക്കെ ജയിൽ ചാടിയശേഷം പിടിയിലായിട്ടുണ്ട്. മാള ഇരട്ടകൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടെങ്കിലും ഹൈക്കോടതി അത് ജീവപര്യന്തമായി കുറച്ചിരുന്നു.