കോഴിക്കോട്: കേരളാ നിയമസഭയിൽ ടിപി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും നേരിൽ കാണേണ്ടി വരുമോ? നിയമസഭാ തെരഞ്ഞെടുപ്പിൽ വടകര സീറ്റിനെ ചൊല്ലിയുള്ള ചർച്ചകൾ കൊഴിക്കുമ്പോൾ കെ കെ രമ മത്സരിക്കുമോ എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയരുകയാണ്. ഇവിടെ രമ മത്സരിച്ചാലും ഇല്ലെങ്കിലും ആർഎംപി സ്ഥാനാർത്ഥി ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. സീറ്റിൽ രമയാണ് സ്ഥാനാർത്ഥിയെങ്കിൽ പിന്തുണക്കാൻ തയ്യാറെടുത്തിരിക്കയാണ് കോൺഗ്രസും മുസ്ലിംലീഗും.

അതേസമയം വടകര സീറ്റിൽ മത്സരിക്കുമെന്ന് ഉറപ്പിച്ച് ആർ എം പി. യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എൻ വേണു പറയുന്നത്. ഒരു സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു ഡി എഫ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ലെന്നും കെ കെ രമ സ്ഥാനാർത്ഥിയാകുമോ എന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനിക്കുമെന്നും വേണു പറഞ്ഞു.

ആർ എം പിക്ക് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ പ്രചാരണത്തിനായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കും. വടകരപോലെ പാർട്ടിക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുള്ള ബാദ്ധ്യത ആർ എം പിക്കുണ്ട്. ആ ബാദ്ധ്യത പൂർണമായും നിറവേറ്റും. കേരളത്തിൽ ആർ എം പി മത്സരിക്കുന്ന മണ്ഡലങ്ങളിൽ ആരൊക്കെ സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തിൽ വളരെ വേഗത്തിൽത്തന്നെ തീരുമാനമുണ്ടാകും- എൻ വേണു പറഞ്ഞു.

വടകരയിൽ യു ഡി എഫ് പിന്തുണയോടെ ആർ എം പി മത്സരക്കുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. മണ്ഡലത്തിൽ ആർ എം പിക്ക് ഏറെ സ്വാധീനമുണ്ട്. വടകര സീറ്റിൽ ആർ.എംപി നേതാവ് കെ.കെ രമയെ മത്സരിപ്പിക്കണമെന്നതാണ് ഉമ്മൻ ചാണ്ടിയുടെ നിലപാട്. ഈ നിലപാടിന് വലിയ പിന്തുണ മുന്നണിയിലുണ്ട് താനും. യു.ഡി.എഫ് പിന്തുണയോടെ കെ.കെ രമ മത്സരിച്ചാൽ സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ. കെ..കെ.രമയെ സ്ഥാനാർത്ഥിയാക്കണമെന്ന് മുസ്ലിംലീഗും ആവശ്യപ്പെട്ടിരുന്നു. കെ.മുരളീധരൻ എംപി രമയെ മത്സരിക്കണമെന്ന നിലപാട് ആർ.എംപി നേതൃത്വത്തെ അറിയിച്ചിരുന്നു.

അതേസമയം ആർ.എംപിക്ക് സീറ്റ് നൽകരുതെന്ന് നിലപാടും ചില കോണുകളിൽ നിന്നുണ്ട്. കോഴിക്കോട് ഡി.സി.സിക്കാണ് ഇക്കാര്യത്തിൽ എതിർപ്പുള്ളത്. ഡി.സി.സി പ്രസിഡന്റ് രാജീവൻ മാസ്റ്റർക്ക് മത്സരിക്കുന്നതിനായാണ് ആർ.എംപിക്ക് സീറ്റ് നൽകുന്നതിനെ എതിർക്കുന്നതെന്നാണ് ഈ വിഭാഗത്തിന്റെ വാദം. ആർ.എംപിയുമായി അകന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.കെ രമ മത്സരിക്കുന്നതിനോട് വലിയ യോജിക്കുന്നില്ല.

ജില്ലയിൽ അധിക സീറ്റ് ചോദിച്ച ലീഗിന് വടകര നൽകി അവിടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ.കെ രമയെ മത്സരിപ്പിക്കുന്ന കാര്യവും ചർച്ചയിലുണ്ടായിരുന്നു. ഡി.സി.സി വിയോജിച്ചതോടെയാണ് ചർച്ചകൾ വഴിമുട്ടിയത്. ഒഞ്ചിയം മേഖലയിൽ യു.ഡി.എഫുമായി ചേർന്നാണ് ആർ.എംപി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതേസമയം യു.ഡി.എഫ് പിന്തുണയോടെ എൻ.വേണുവിനെ മത്സരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന് യുഡിഎഫ് പിന്തുണക്കാൻ സാധ്യത കുറവാണ്.