ആലപ്പുഴ: മകളും സംഘവു ചേർന്ന് ഗൃഹനാഥനെ തോക്കു ചൂണ്ടി ആക്രമിച്ചു മൂന്നര ലക്ഷവും എട്ടേകാൽ പവന്റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. സംഭവത്തിൽ കവർച്ചക്കിരയായ വള്ളികുന്നം എംആർ മുക്ക് ഗ്രീഷ്മത്തിൽ മധുസൂദനൻനായരുടെ മകൾ മേഘ (19), തിരുവനന്തപുരം ആരാമടം ഗൗരിശങ്കരത്തിൽ ഗോപിക (24) എന്നിവർ അറസ്റ്റിലായെങ്കിലും കവർച്ചക്ക് സഹായിച്ച മറ്റ് മൂന്നുപേരെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കാർ ഡ്രൈവറും മറ്റ് രണ്ടുപേരും ഒളിവിലാണ് എന്നാണ് അന്വേഷണ സംഘം പറയുന്നത്.

വള്ളികുന്നം എംആർ മുക്ക് ഗ്രീഷ്മത്തിൽ മധുസൂദനൻനായരെയാണ് മകൾ മേഘയും സംഘവും ആക്രമിച്ച ശേഷം പണവും ആഭരണവുമായി കാറിൽ കടന്നത്. സംഘം കവർന്നെടുത്ത സ്വർണാഭരണവും പണവും മൊബൈൽ ഫോണും തോക്കും ഒളിവിലുള്ളവരുടെ പക്കലാണ്. ഇവർക്കായി തിരച്ചിൽ തുടരുന്നു. ഗോപികയെയും മേഘയെയും റിമാൻഡ് ചെയ്തതായും പ്രാഥമിക ചോദ്യം ചെയ്യൽ കഴിഞ്ഞതായും പൊലീസ് വ്യക്തമാക്കി. കേസിൽ ഒളിവിലായിരുന്ന മകളും മറ്റൊരു യുവതിയും അറസ്റ്റിലായിരുന്നു. തിരുവനന്തപുരം ആരാമടം ഗൗരിശങ്കരത്തിൽ ഗോപിക (24), മേഘ (19) എന്നിവരാണു പിടിയിലായത്. സംഭവത്തിൽ ഇവർക്കു സഹായത്തിനെത്തിയ 3 പേർ ഒളിവിലാണ്.

മധുസൂദനൻനായരുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് മേഘ. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ മരിച്ചതിനെ തുടർന്ന് ആദ്യ ഭാര്യയുടെ ബന്ധുവിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ആദ്യ ഭാര്യയിൽ കുട്ടികളില്ല. കുടുംബത്തിലെ അഭിപ്രായഭിന്നതയെ തുടർന്നു രണ്ടാം ഭാര്യയുമായും വേർപിരിഞ്ഞ മധുസൂദനൻനായർ വള്ളികുന്നത്തും രണ്ടാം ഭാര്യയും കുട്ടികളും തിരുവനന്തപുരത്തുമാണ് താമസം. പ്രവാസിയായിരുന്ന മധുസൂധനൻ നായർ അടുത്തിടെ പുരയിടങ്ങൾ വിറ്റിരുന്നു. ഈ പണം കൈയിലുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് മകളും ബന്ധുക്കളും എത്തിയത്.

സെപ്റ്റംബർ 30ന് രാത്രി മേഘയും ഗോപികയും കൂടി മധുസൂദനൻനായരെ കാണാനെത്തി. ഒക്ടോബർ ഒന്നിന് യുവതികളും ഇവരെ കൊണ്ടുപോകാൻ വന്ന സംഘവും ചേർന്ന് മധുസൂദനൻനായരെ തോക്കു ചൂണ്ടി ആക്രമിച്ചു. ശേഷം കവർച്ച നടത്തി. സംഘം പോയതിനു പിന്നാലെ മധുസൂദനൻനായർ െപാലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ ഗോപികയേയും മേഘയേയും തിരുവനന്തപുരത്തുനിന്ന് പിടികൂടി.