മുംബൈ: മഹാരാഷ്ട്രയിൽ തീവണ്ടിയിൽ കവർച്ചാ സംഘത്തിന്റെ വിളയാട്ടം. യാത്രക്കാരെ വ്യാപകമായി കവർച്ച ചെയ്ത സംഘം യാത്രക്കാരിയെ കൂട്ടബലാത്സംഗത്തിനും ഇരയാക്കി. വെള്ളിയാഴ്ച രാത്രി ലഖ്നൗ-മുംബൈ പുഷ്പക് എക്സ്പ്രസിലാണ് യാത്രക്കാരെ നടുക്കിയ സംഭവങ്ങൾ അരങ്ങേറിയത്. അക്രമത്തെ പ്രതിരോധിക്കാൻ ശ്രമിച്ച ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.എട്ടുപേരടങ്ങുന്ന സംഘമാണ് അതിക്രമം കാട്ടിയത്.

മഹാരാഷ്ട്രയിലെ ഇഗത്പുരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് കവർച്ചാസംഘം ട്രെയിനിലെ സ്ലീപ്പർ കോച്ചുകളിലൊന്നിൽ കയറിയത്. കയറുമ്പോൾ തന്നെ മാരക ആയുധങ്ങളുമായാണ് സംഘം എത്തിയത്.യാത്ര പുരോഗമിക്കവെ ഇവർ കവർച്ച ആരംഭിച്ചു.ഓരോ യാത്രക്കാരിൽ നിന്നും പണവും സ്വർണവും കവർന്നു. ചെറുത്തുനിൽപ്പിന് ശ്രമിച്ചവരെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. ആറ് യാത്രക്കാർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇതിനിടെ, കോച്ചിലുണ്ടായിരുന്ന ഒരു സ്ത്രീയെ കവർച്ചാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.

ട്രെയിൻ കസാറ റെയിൽവേ സ്റ്റേഷനിൽ എത്തിയതോടെയാണ് കൊള്ളയും ബലാത്സംഗവും പുറത്തറിയുന്നത്. കോച്ചിലെ യാത്രക്കാർ ഉറക്കെ ബഹളംവെച്ചതോടെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥർ ഈ കോച്ചിലേക്ക് ഓടിവന്നു.രണ്ട് പ്രതികളെ ഉടൻ തന്നെ പിടികൂടുകയും മറ്റു രണ്ടുപേർ ട്രെയിനിൽ നടത്തിയ വിശദമായ അന്വേഷണത്തിലും പിടിയിലായി.

പിടിയിലായ പ്രതികളിൽനിന്ന് 34000 രൂപയുടെ മോഷണമുതൽ കണ്ടെടുത്തിട്ടുണ്ട്. കവർച്ചാക്കേസിന് പുറമേ ബലാത്സംഗക്കേസും ഇവർക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും റെയിൽവേ പൊലീസ് പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട ബാക്കി നാലുപേരെ പിടികൂടാൻ തിരച്ചിൽ തുടരുകയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.