ലണ്ടൻ: വില്യമും ഹാരിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ പ്രമേയമാക്കി രണ്ടു ഭാഗങ്ങളിലായി സംപ്രേഷണം ചെയ്യുന്ന ബി ബി സിയുടേ പ്രിൻസസ് ആൻഡ് ദി പ്രസ്സ് എന്ന ഡോക്യൂമെന്ററിയുടെ ആദ്യ ഭാഗം സംപ്രേഷണം ചെയ്തതോടെ മുൻപെങ്ങും ഉണ്ടാകാത്ത രീതിയിൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ഒരുമിച്ച് ബി ബി സിക്കെതിരെ രംഗത്തെത്തിയിരിക്കുകയാന്. ഊതിപ്പെരുപ്പിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾക്ക് വിശ്വാസ്യത നൽകുകയാണ് ബി ബി സി ചെയ്യുന്നതെന്ന് എലിസബത്ത് രാജ്ഞിയും, ചാൾസ് രാജകുമാരനും, വില്യം ഒരുമിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആരോപിക്കുന്നു.

ഹാരിയും മേഗനും ബ്രിട്ടൻ വിട്ടുപോകാൻ ഉണ്ടായ കാരണങ്ങളും സാഹചര്യങ്ങളും സംപ്രേഷണം ചെയ്തത് തീർത്തും നിരാശാജനകമാണെന്നും പ്രസ്താവനയിൽ പറയുന്നു.നേരത്തേ ഈ ഡോക്യൂമെന്ററി സംപ്രേഷണം ചെയ്യുന്നതിനു മുൻപായി രാജകുടുംബാംഗങ്ങളെ കാണിക്കാത്തതിൽ പ്രതിഷേധിച്ച് ബി ബി സിയുടെ ഭാവിപരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് ബക്കിങ്ഹാം പാലസ് മുന്നറിയിപ്പ് നൽകിയിരുന്നു. ബി ബി സി 2 വിൽ വരുന്ന ഈ ഡോക്യൂമെന്ററിക്കെതിരെ രാജകുടുംബം നിയമനടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.

ആരോഗ്യപരമായ ജനാധിപത്യത്തിന്റെ നിലനിൽപിനായി സുതാര്യവും സത്യസന്ധവുമായ മാധ്യമപ്രവർത്തനം അനിവാര്യമാണെന്ന് ഇന്നലെ ബി ബി സിക്ക് നൽകിയ കത്തിൽ രാജകുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ ഊതിപ്പെരുപ്പിച്ചതും തികച്ചും അവാസ്തവവുമായ കഥകൾ വസ്തുതകൾ എന്ന പേരിൽ അവതരിപ്പിക്കുന്നത് നല്ല പ്രവണതയല്ലെന്നും അതിൽ ചൂണ്ടിക്കാട്ടുന്നു. അത്തരത്തിലുള്ള പ്രവണതകൾ സമൂഹത്തിൽ അസത്യങ്ങൾക്ക് വിശ്വാസ്യത ലഭിക്കുവാൻ സഹായകമാകുമെന്നും കത്തിൽ പറയുന്നുണ്ട്.

ഇന്നലെ രാത്രി സംപ്രേഷണം ചെയ്ത ആദ്യ എപ്പിസോഡിൽ, 2012 മുതൽ 2018 വരെ മാധ്യമങ്ങളിൽ വില്യമിനെയും ഹാരിയേയും കുറിച്ചു വന്ന വാർത്തകളും മറ്റുമായിരുന്നു പ്രതിപാദിച്ചിരുന്നത്. രാജകുടുംബത്തിലെ വിവിധ വ്യക്തികൾ തമ്മിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുവാൻ പരസ്പരം മത്സരിച്ചു എന്ന അവ്കാശവാദവും അതിൽ ഉന്നയിക്കുന്നുണ്ട്.പത്രപ്രവർത്തകനും, വിവാദമായ ഫൈൻഡിങ് ഫ്രീഡം എന്ന കൃതിയുടെ സഹരചയിതാവുമായ ഓമിഡ് സ്‌കോബി, ഇക്കാര്യം നേരത്തേ ആരോപിച്ചിരുന്നു. മേഗനെ കുറിച്ചുള്ള മോശപ്പെട്ട കഥകൾ ചില മാധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. മേഗനെ നിലയ്ക്ക് നിർത്തേണ്ടത് ചിലരുടെ ആവശ്യമായിരുന്നുഎന്നും അന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

വില്യമും ഹാരിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയുടേ ആഴങ്ങളിലേക്കിറങ്ങിയുള്ള പരിശോധനയായിരിക്കും വരുന്ന ആഴ്‌ച്ച സംപ്രേഷണം ചെയ്യാൻ പോകുന്ന എപ്പിസോഡിലെന്നാണ് ചില വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങൾ പരസ്യമാക്കുന്നതിനു മുൻപായി ഇതിന്റെ വിശ്വാസ്യത പരിശോധിക്കുവാനോ രാജ്ഞിക്കും, ചാൾസിനും, വില്യമിനും ഇതിനെ കുറിച്ച് പറയാനുള്ളത്കേൾക്കാനോ ബി ബി സി തയ്യാറായില്ലെന്ന് രാജകുടുംബവുമായി അടുത്തു ബന്ധപ്പെട്ടവർ ആരോപിക്കുന്നു.

ഇന്നലെ സംപ്രേഷണം ചെയ്ത എപ്പിസോഡിൽ സ്വകാര്യ കുറ്റാന്വേഷകനായ ഗാവിൻ ബറോസുമായുള്ള അഭിമുഖവും ഉൾപ്പെടുത്തിയിരുന്നു. 2004 മുതൽ താൻ ഹാരിയുടെ മുൻ കാമുകി ചെൽസി ഡേവിയെ പിന്തുടർന്നിരുന്നതായി അയാൾ അതിൽ വെളിപ്പെടുത്തി. വോയ്സ് മെയിൽ ഹാക്കിങ് ഉൾപ്പടെയുള്ളവ രഹസ്യങ്ങൾ ചോർത്താൻ ഉപയോഗിച്ചതായും അയാൾ പറഞ്ഞു. ഇപ്പോൾ പ്രവർത്തനരഹിതമായ ന്യുസ് ഓഫ് ദി വേൾഡിനും മറ്റു ചില മാധ്യമങ്ങൾക്കും വേണ്ടിയായിരുന്നു താൻ ഇത് ചെയ്തതെന്നും അയാൾ പറഞ്ഞു.