ജൊഹന്നസ്ബർഗ്: ഇന്ത്യക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 21 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കൻ ടീമിനെ ഡീൻ എൾഗാർ നയിക്കുമ്പോൾ തെംബ ബവൂമയാണ് ഉപനായകൻ.

പേസർമാരായ അന്റിച്ച് നോർട്യയും , കാഗിസോ റബാഡയും തിരിച്ചെത്തി. റയാൻ റിക്കെൽടണിനും , സിസാണ്ടാ മഗാളയ്ക്കും ടെസ്റ്റ് ടീമിലേക്ക് കന്നി ക്ഷണം കിട്ടി. 2019ന് ശേഷം ഡ്വെയ്ൻ ഒളിവറുടെ തിരിച്ചുവരവും ശ്രദ്ധേയമാണ്.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീമിന്റെ കന്നി പരമ്പരയ്ക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ തയ്യാറെടുക്കുന്നത്. അതിനാൽ മികച്ച തുടക്കം ലക്ഷ്യമിട്ടാണ് നെതർലൻഡ്സിന് എതിരായ ഏകദിന പരമ്പരയിൽ വിശ്രമത്തിലായിരുന്ന കാഗിസോ റബാഡ, ക്വിന്റൺ ഡികോക്ക്, ആന്റിച്ച് നോർട്യ എന്നിവരെ തിരിച്ചുവിളിച്ചത്.

ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഡിസംബർ 26ന് സെഞ്ചൂറിയനിൽ തുടങ്ങും. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജൊഹാനസ്ബർഗിലും മൂന്നാം ടെസ്റ്റ് ജനുവരി പതിനൊന്നിന് കേപ് ടൗണിലും തുടങ്ങും. ജനുവരി 19, 21, 23 തീയതികളിലാണ് ഏകദിന പരമ്പര. നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പര പിന്നീട് നടക്കും.

ദക്ഷിണാഫ്രിക്കൻ സ്‌ക്വാഡ്

ഡീൻ എൾഗാർ(ക്യാപ്റ്റൻ), തെംബ ബവൂമ(വൈസ് ക്യാപ്റ്റൻ), ക്വിന്റൺ ഡികോക്ക്(വിക്കറ്റ് കീപ്പർ), കാഗിസോ റബാഡ, സരെൽ ഇർവീ, ബ്യൂറൻ ഹെൻഡ്രിക്സ്, ജോർജ് ലിൻഡെ, കേശവ് മഹാരാജ്, ലുങ്കി എങ്കിഡി, എയ്ഡൻ മാർക്രം, വയാൻ മുൾഡർ, ആന്റിച്ച് നോർട്യ, കീഗൻ പീറ്റേർസൺ, റാസീ വാൻഡെർ ഡസ്സൻ, കെയ്ൽ വെരെയ്ൻ, മാർകോ ജാൻസൻ, ഗ്ലെൻടൺ സ്റ്റർമാൻ, പ്രണേളൻ സുബ്രായൻ, സിസാണ്ടാ മഗാള, റയാൻ റിക്കെൽടൺ, ഡ്വെയ്ൻ ഒളിവർ.