ശബരിമല: ശബരിമലയിൽ 5000 പേരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകിയെങ്കിലും അത് നടപ്പാക്കാൻ വൈകിയേക്കും. ഇന്നുമുതലാണ് ശബരിമലയിൽ 5000 പേരെ പ്രവേശിപ്പാമെന്ന് കോടതി അനുവാദം നൽകിയത്. എന്നാൽ ഇതിനായുള്ള ഓൺലൈൻ ബുക്കിങ്ങിന് പൊലീസിന്റെ വെർച്വൽ ക്യൂ സംവിധാനം ശനിയാഴ്ച രാത്രിവരെയും തുറന്നുനൽകിയിട്ടില്ല. ഇതുകാരണം ഞായറാഴ്ച 5000 പേർക്ക് ദർശനത്തിന് അവസരം ലഭിക്കാൻ സാധ്യതയില്ല. നിലവിൽ തിങ്കൾമുതൽ വെള്ളിവരെ 2000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 3,000 പേർക്കുമാണ് ദർശനാനുമതി.ഓൺലൈനിൽ ബുക്കുചെയ്യുന്നവർക്കുമാത്രമേ ഇത്തവണ ശബരിമലദർശനത്തിന് അനുമതിയുള്ളൂ.

സർക്കാർതലത്തിൽ തീരുമാനമെടുത്താൽ മാത്രമേ ഓൺലൈനിൽ ബുക്കിങ്ങ് തുടങ്ങൂ.ശബരിമലയിൽ ജീവനക്കാർക്കും പൊലീസുകാർക്കും കോവിഡ് കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിൽ, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നേരത്തേ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ അനുമതി നൽകിയിരുന്നില്ല.എന്നാൽ തീർത്ഥാടകരുടെ എണ്ണം കൂട്ടാൻ സർക്കാർ ഉത്തരവിറക്കിയാൽ അതിനനുസരിച്ച് ശബരിമലയിലെ ക്രമീകരണങ്ങളിൽ മാറ്റംവരുത്തുമെന്നാണ് ദേവസ്വം ബോർഡ് അധികൃതരും പൊലീസും പറയുന്നത്.

ഡിസംബർ 26-നുശേഷം ശബരിമലയിലെ ദർശനത്തിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.ദർശനത്തിനെത്തുന്ന അയ്യപ്പന്മാർ 48 മണിക്കൂറിനുള്ളിലുള്ള ആർ.ടി.പി.സി.ആർ, ആർ.ടി.ലാംപ്, എക്സ്‌പ്രസ് നാറ്റ് തുടങ്ങിയവയിൽ എതെങ്കിലും ഒരു പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. തീർത്ഥാടകരും ഉദ്യോഗസ്ഥരും നിലയ്ക്കലിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.നിലവിൽ ആർ.ടി.പി.സി.ആർ., ആർ.ടി.ലാംപ്, എക്സ്‌പ്രസ് നാറ്റ് പരിശോധനകൾ നടത്താനുള്ള സൗകര്യം നിലയ്ക്കലിൽ ഇല്ല. ഈ സൗകര്യം നിലയ്ക്കലിൽ എർപ്പെടുത്താൻ കഴിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ചെലവ് കൂടിയതും പരിശോധനാഫലം ലഭിക്കാൻ കാലതാമസമുള്ളതുമാണ് ഇവ. പരിശോധനയ്ക്ക് ഒരാൾക്ക് 2100 രൂപമുതൽ 2700 രൂപവരെ ചെലവുവരും. ഇതുകാരണം തീർത്ഥാടകർക്ക് ദർശനം ചെലവേറിയതാകും.

ഇപ്പോൾ 24 മണിക്കൂറിനകമുള്ള ആന്റിജൻ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഹൈക്കോടതിയും നിർദേശിച്ചിരുന്നു.