തിരുവനന്തപുരം: ത്യേസ്യാപുരത്ത 51കാരി ഭാര്യയെ കൊലപ്പെടുത്തിയ 28കാരൻ ഭർത്താവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അരുൺ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസ് ഇയാളെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. ഗർഭം ധരിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഭാര്യയുടെ പ്രായക്കൂടുതലിന്റെ പേരിൽ അപമാനം ഉണ്ടായ അരുൺ ശാഖാകുമാരിയുമായി വഴക്കിടുന്നത് പതിവായിരുന്നു. കൊലപാതകം നടന്ന ദിവസം രാത്രിയും ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഈ വഴക്കിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ശാഖാ കുമാരി അരുണിൽ ഒരു കുഞ്ഞുണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ, 51കാരിയിൽ തനിക്ക് കുഞ്ഞുണ്ടായാൽ അത് ബന്ധം വേർപെടുത്തൽ അടക്കം നടക്കില്ലെന്ന് കണക്കു കൂട്ടിയിരുന്നു അരുൺ. അതുകൊണ്ട് ഇതേച്ചൊല്ലി ഇരുവരും തർക്കമുണ്ടായി. ടി വി കണ്ടുകൊണ്ടിരിക്കേയാണ് ഇരുവരും ഗർഭം ധരിക്കുന്ന കാര്യത്തെ കുറിച്ചു സംസാരിച്ചത്. എന്നാൽ, മക്കൾ വേണ്ടെന്ന നിലപാടെടുത്ത അരുൺ ഇതിന്റെ പേരിൽ ഭാര്യയുമായി തർക്കിച്ചു. തുടർന്ന് അടിച്ചു വീഴ്‌ത്തി ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതാണ് കുറ്റസമ്മത മൊഴിയായി അരുൺ പൊലീസ് മുമ്പാകെ പറഞ്ഞിരിക്കുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. കൈകൊണ്ട് മുഖത്ത് അമർത്തി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കൈ കൊണ്ട് മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതിയായ അരുൺ പൊലീസിന് മൊഴി നൽകിയിരുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഷോക്കടിപ്പിക്കുകയായിരുന്നുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ ശ്വാസം മുട്ടിച്ചപ്പോൾ ശാഖാകുമാരി മരിച്ചിരുന്നില്ലെന്നും ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നും വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ അംശവും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഫോറൻസിക് സംഘത്തിനു പുറമെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ സംഘവും പരിശോധന നടത്തുന്നുണ്ട്. കിടപ്പുമുറിയിൽ വെച്ച് അരുൺ ശാഖയെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ശേഷം മുൻവശത്തെ മുറിയിലെത്തിച്ച് ഷോക്കടിപ്പിച്ചെന്ന സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. വലിയ സ്വത്തിന് ഉടമയായിരുന്ന ശാഖാകുമാരിയെ സ്വത്ത് മോഹിച്ചായിരുന്നു അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലമായി തുടർന്ന പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിനു ശേഷം സ്വത്ത് കൈകാര്യം ചെയ്തിരുന്നത് അരുണായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതല്ലാതെ പത്ത് ലക്ഷം രൂപയോളം ശാഖ അരുണിന് നൽകിയതായും കാർ വാങ്ങി നൽകിയെന്നും റിപ്പോർട്ടുകളുണ്ട്.

രണ്ട് മാസം മുൻപായിരുന്നു 51കാരിയായ ശാഖാകുമാരിയും 26കാരനായ അരുണും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പുറത്തു വന്നതിനു പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി ഹോം നഴ്‌സ് വെളിപ്പെടുത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അരുൺ അറസ്റ്റിലായത്.

ഇന്നലെ രാവിലെ ആറു മണിക്കാണ് കാരക്കോണത്തുള്ള വീട്ടിന്റെ ഹാളിൽ ശാഖാ കുമാരി മരിച്ച കിടക്കുന്ന വിവരം അരുൺ നാട്ടുകാരെ അറിയിക്കുന്നത്. ക്രിസ്മസ് ട്രീയിൽ ദീപാലങ്കാരത്തിനായി വാങ്ങിയ വയറിൽ നിന്നും ഷോക്കേറ്റുവെന്നായിരുന്നു അരുൺ നാട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകം തെളിഞ്ഞത്. കൊലപാതകം നടന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്ന് രക്തക്കറയും ബലപ്രയോഗം നടന്നുവെന്ന വ്യക്തമായ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ശാഖയുടെ സ്വത്തു തട്ടിയെടുക്കാൻ വേണ്ടിയാണ് കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് അരുണിന്റെ സ്വഭാവം ശരിയല്ല, പണത്തിന് വേണ്ടിയാണ് അരുൺ വിവാഹം കഴിക്കുന്നതെന്ന് വിവാഹത്തിന്റെ തലേന്ന് വരെ ശാഖാ കുമാരിയോട് മുന്നറിയിപ്പ് നൽകിയതാണെന്നാണ് സഹോദരഭാര്യ ഗ്രേസി മാധ്യമങ്ങളോട് പറഞ്ഞത്. വിവാഹത്തിന്റെ മുതൽ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ബന്ധം ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിച്ചിരുവെങ്കിലും ശാഖ തടസ്സം നിന്നുവെന്നാണ് അരുൺ പൊലീസിനോട് പറഞ്ഞത്.