തിരുവനന്തപുരം: രാഷ്ട്രപതിയുടെ നിർദ്ദേശമെന്ന പേരിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷനിൽ വ്യാജ കത്ത് നൽകി 1.27 കോടി രൂപ തട്ടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന തെളിവുകൾ. പലോട് സ്വദേശിയായ ഇയാൾ വമ്പൻ തട്ടിപ്പ് നടത്തിയാണ് ബിസിനസ്സുകാരനായി മാറിയതെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഹിൽറ്റൺ ഹുണ്ടായിയുടെ സെയ്ൽസ് മാനായിരുന്ന ഇയാളെ കുറിച്ച് നിർണ്ണായക വിവരങ്ങൾ കേന്ദ്ര ഇന്റലിജൻസിന് കിട്ടി.

പട്ടത്തും പാറ്റൂരും അടക്കം മാർജിൻ ഫ്രീമാർക്കറ്റുകൾ ഇയാൾക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് പല കേസുകളും ഇയാൾ വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ റിയൽഎസ്റ്റേറ്റ് ബിസിനസുകാരനായ സലിം എം. കബീറിനും വ്യാജ കത്ത് റെഡിയാക്കിയ അഷ്‌റഫ് എന്നയാൾക്കുമെതിരെയാണ് കെ.ടി.ഡി.എഫ്.സി. എം.ഡിയും കെ.എസ്.ഇ.ബി ചെയർമാനുമായ ബി. അശോക് പരാതി നൽകിയത്. പരാതിയിൽ ഗൗരവത്തോടെയാണ് പൊലീസ് അന്വേഷണം. അതിനിടെ കേന്ദ്ര ഏജൻസിയും അന്വേഷണം തുടങ്ങി.

ഇത് കേരള കൗമുദിയിൽ വാർത്ത വന്നതോടെ സലിം ഇന്നലെ കെ ടി ഡി എഫ് സിയുടെ ആസ്ഥാനത്ത് എത്തി. പരാതി ഒത്തു തീർപ്പാക്കാനാണ് നീക്കം. വലിയ ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. ബിസിനസ് ആവശ്യത്തിനായി സലിം കെ.ടി.ഡി.എഫ്.സിയിൽ നിന്ന് 10 കോടി രൂപ വായ്പയെടുത്തിരുന്നു. ഇത് അടച്ചുതീർത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നൽകിയ രേഖകളും വായ്പയുടെ പേരിൽ അധികമായി അടച്ച 1.27കോടിരൂപയും 50 ദിവസത്തിനകം സലിമിന് നൽകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആവശ്യപ്പെട്ടിരിക്കുന്നതായി കാണിച്ച വ്യാജരേഖ സെപ്റ്റംബർ 17ന് സലിം ഓഫീസിൽ സമർപ്പിച്ചു.

ഇത് അനുസരിച്ചില്ലെങ്കിൽ കേന്ദ്രസർക്കാരിൽ നിന്ന് നടപടിയുണ്ടാകുമെന്നാണ് ഭീഷണി. ഇതിൽ പരിശോധനയ്ക്ക് കെ ടി ഡി എഫ് സിയുടെ ജനറൽ മാനേജർ ഫയലിൽ കുറിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. കേരളത്തിൽ ഒരു ധനകാര്യ സ്ഥാപനത്തിലും സമാനമായ തട്ടിപ്പ് ഇതുവരെ നടന്നിട്ടില്ല. പൊലീസിലും ഉന്നത ബന്ധങ്ങൾ ഉണ്ട്. കേരള കൗമുദിയാണ് ഈ വാർത്ത നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വരുന്നത്.

ഇത് വ്യാജമാണെന്നും കേന്ദ്രസർക്കാരിൽ നിന്ന് ഒരറിയിപ്പും കെ.ടി.ഡി.എഫ്.സിയിൽ ലഭിച്ചിട്ടില്ലെന്നും തട്ടിപ്പിന് ശ്രമിച്ചവർക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ബി. അശോക് ഡി.ജി.പി അനിൽ കാന്തിന് പരാതിനൽകിയത്. ഇതാണ് പൊലീസ് അന്വേഷണത്തിന് വഴിയൊരുക്കിയത്. പ്രതിസന്ധിയിലൂടെ മുന്നോട്ട് പോകുന്ന സ്ഥാപനമാണ് കെടിഡിഎഫ്‌സി. അതുകൊണ്ട് തന്നെ ഗൗരവത്തോടെ നടപടി എടുക്കും. അതിനിടെ പാറ്റൂരിലും സമാനമായ തട്ടിപ്പുകൾ ഇയാൾ നടത്തിയിട്ടുണ്ട്.

മെഡിക്കൽ കോഴ വിവാദത്തിൽ കുടുങ്ങിയ ശ്രീകാര്യത്തെ ബിജെപി നേതാവ് അടക്കം ഇയാളുടെ അടുത്ത ആളാണ്. പട്ടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സലിം എ കബീറിന് സഹായവുമായി നിൽക്കുന്നവർ ഏറെയും. ബിജെപിക്കാരാണ്. സമാനമായി എല്ലാ പാർട്ടിയിലും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഇയാളുടെ വിദ്യാഭ്യാസ യോഗ്യതകൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ടെന്നും കേന്ദ്ര ഏജൻസി മനസ്സിലാക്കുന്നുണ്ട്. ഇയാളുടെ ചരിത്രം അടക്കം പരിശോധിക്കുകയാണ് ഐബി.

പലോട് സ്വദേശിയായ ഇയാളുടെ അച്ഛൻ ചായക്കച്ചവടക്കാരനായിരുന്നു. സലിം തിരുവനന്തപുരത്ത് എത്തിയതോടെ അതിവേഗ വളർച്ചയുണ്ടായി. ഇതെല്ലാം ഐബി കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സ്വത്തുക്കളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണവും വന്നേക്കും.